കയറ്റുമതി മേഖലയിലുള്ളവർക്ക് വൻ നേട്ടം, പ്രത്യേകിച്ച് തൊഴിലധിഷ്ഠിത വ്യവസായങ്ങൾക്കും എംഎസ്എംഇ മേഖലയ്ക്കും ഇത് വലിയ കരുത്ത് പകരും
ന്യൂഡല്‍ഹി: ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ തീരുവ 18 ശതമാനമായി കുറയ്ക്കാൻ അമേരിക്ക സമ്മതിച്ചതിനെത്തുടർന്ന്, ഇന്ത്യ-യുഎസ് വ്യാപാര കരാറിനെ ഇന്ത്യൻ വ്യവസായ ലോകം ആവേശത്തോടെ സ്വാഗതം ചെയ്‌തു. ഇന്ത്യൻ കയറ്റുമതിക്കാർക്ക് ഇതൊരു വലിയ നേട്ടമാകുമെന്ന് വിലയിരുത്തപ്പെടുന്നു. അമേരിക്കൻ വിപണിയിൽ ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ വില കുറയാനും അതുവഴി മത്സരക്ഷമത വർധിപ്പിക്കാനും, ഓർഡറുകൾ പുനരാരംഭിക്കാനും ഈ നീക്കം സഹായിക്കുമെന്ന് കയറ്റുമതി മേഖലയിലുള്ളവർ വിശ്വസിക്കുന്നു. പ്രത്യേകിച്ച് തൊഴിലധിഷ്ഠിത വ്യവസായങ്ങൾക്കും എംഎസ്എംഇ മേഖലയ്ക്കും ഇത് വലിയ കരുത്ത് പകരും.
അതേസമയം, പതിറ്റാണ്ടുകളായി ഇന്ത്യ-യുഎസ് വ്യാപാര ബന്ധം നിരീക്ഷിക്കുന്ന വിദഗ്‌ധർ ഈ കരാറുമായി ബന്ധപ്പെട്ട ചില പ്രധാന ചോദ്യങ്ങൾ ഇനിയും ബാക്കിയാണെന്ന അഭിപ്രായക്കാരാണ്. പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ കരാറിൻ്റെ സമയപരിധിയോ, അത് നടപ്പിലാക്കുന്ന രീതിയോ, കരാറിൻ്റെ കൃത്യമായ ഘടനയോ സംബന്ധിച്ച വിശദാംശങ്ങൾ നൽകിയിട്ടില്ല. കൂടാതെ, കേന്ദ്ര സർക്കാരിൻ്റെ ഭാഗത്തുനിന്ന് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു. വരും ദിവസങ്ങളിൽ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അമേരിക്കൻ ഉൽപ്പന്നങ്ങളുടെ താരിഫ്, നോൺ-താരിഫ് തടസങ്ങൾ നീക്കം ചെയ്യുന്നതിനായി ഇന്ത്യ പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 500 ബില്യൺ ഡോളറിലധികം മൂല്യമുള്ള ഊർജ്ജം, സാങ്കേതികവിദ്യ, കാർഷിക ഉൽപ്പന്നങ്ങൾ, കൽക്കരി, മറ്റ് ഉൽപ്പന്നങ്ങൾ എന്നിവയുൾപ്പെടെ വാങ്ങലുകള്‍ വര്‍ധിപ്പിക്കാന്‍ ഇന്ത്യ സമ്മതിച്ചതായി ട്രംപ് അവകാശപ്പെട്ടു.
കയറ്റുമതിക്കാരുടെ ശുഭാപ്‌തിവിശ്വാസം വർദ്ധിപ്പിക്കുന്ന ഇടപാട്
ട്രംപിൻ്റെ വ്യാപാരകരാറില്‍ മാറ്റം ഉണ്ടായതോടെ ഇന്ത്യന്‍ വിണിയില്‍ എങ്ങനെ പ്രതിഫലിക്കുമെന്ന വ്യക്തത തേടികൊണ്ടിരിക്കുവാണ് വ്യവസായ വിദഗ്‌ധര്‍ അറിയിച്ചു. അതേസമയം ഇന്ത്യ-യുഎസ് വ്യാപാര കരാറിൻ്റെ അന്തിമ രൂപത്തെ ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്സ്പോർട്ട് ഓർഗനൈസേഷൻസ് പ്രശംസിച്ചു. ഇന്ത്യയിൽ നിർമ്മിച്ച ഉൽപ്പന്നങ്ങൾക്ക് യുഎസ് താരിഫ് 18 ശതമാനമായി കുറച്ചത് വലിയ നേട്ടമാണെന്ന് പറഞ്ഞു.
“ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വളർന്നുവരുന്ന തന്ത്രപരവും സാമ്പത്തികവുമായ പങ്കാളിത്തത്തെ ഇത് പ്രതിഫലിപ്പിക്കുന്നു. കൂടാതെ ഇന്ത്യൻ കയറ്റുമതിക്കാർക്ക് പ്രത്യേകിച്ച് ചെറുകിട വ്യവസായങ്ങള്‍ക്ക് വലിയ അവസരങ്ങൾ തുറക്കുന്നു” എഫ്ഐഇഒയുടെ പ്രസ്‌താവനയിൽ പറഞ്ഞു.
എഞ്ചിനീയറിങ് ഗുഡ്‌സ്, ടെക്സ്റ്റൈൽസ്, ഫാർമസ്യൂട്ടിക്കൽസ്, കെമിക്കൽസ്, തുകൽ ഉൽപ്പന്നങ്ങൾ, രത്നങ്ങൾ, ആഭരണങ്ങൾ, കാർഷിക ഉൽപ്പന്നങ്ങൾ തുടങ്ങിയ മേഖലകൾക്ക് കുറഞ്ഞ താരിഫ് മൂലം വളരെയധികം നേട്ടമുണ്ടാകുമെന്ന് എഫ്ഐഇപി പ്രസിഡൻ്റ് എസ്‌സി റാൽഹാൻ പറഞ്ഞു. താരിഫ് കുറയ്ക്കുന്നത് ഇന്ത്യൻ ഉൽപ്പന്നങ്ങളെ വിലയിൽ കൂടുതൽ മത്സരാധിഷ്‌ഠിതമാക്കുമെന്നും യുഎസ് വിതരണ ശൃംഖലകളിൽ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യൻ കയറ്റുമതിക്കാർക്ക് കൂടുതല്‍ അവസരങ്ങള്‍ സൃഷ്‌ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. “ഈ കരാർ പുതിയ നിക്ഷേപങ്ങൾ ആകർഷിക്കുകയും ചെയ്യും. സാധനങ്ങൾ കയറ്റുമതി ചെയ്യുന്ന വ്യവസായങ്ങളിൽ കൂടുതൽ തൊഴിലവസരങ്ങൾക്കും കാരണമാകുമെന്നും” റാൽഹാൻ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യ എന്താണ് വാഗ്‌ദാനം ചെയ്യുന്നത്
യുഎസ് ഉൽപ്പന്നങ്ങൾക്കുമേലുള്ള തീരുവ ഇന്ത്യ പൂജ്യമാക്കി കുറയ്ക്കുമെന്ന് ട്രംപ് അവകാശപ്പെടുന്നുണ്ടെങ്കിലും, എത്ര ഉൽപ്പന്നങ്ങൾ ഇതിൽ ഉൾപ്പെടുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ലെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഭക്ഷ്യധാന്യങ്ങൾ, ജനിതകമാറ്റം വരുത്തിയ ഉൽപ്പന്നങ്ങൾ തുടങ്ങിയ തന്ത്രപ്രധാന മേഖലകളിൽ വിപണി തുറന്നുകൊടുക്കുന്നതിനെ ഇന്ത്യ മുൻപ് എതിർത്തിരുന്നു. 500 ബില്യൺ ഡോളറിൻ്റെ യുഎസ് ഉൽപ്പന്നങ്ങൾ ഇന്ത്യ വാങ്ങുമെന്നാണ് ട്രംപ് പറയുന്നത്. എന്നാൽ നിലവിൽ ഇന്ത്യയുടെ വാർഷിക ഇറക്കുമതി 50 ബില്യൺ ഡോളറിന് താഴെയാണ്. ഇത് 500 ബില്യണിൽ എത്താൻ 20 വർഷത്തിലധികം വേണ്ടിവരുമെന്നതിനാൽ, ഇതൊരു ഉടനടിയുള്ള കരാറല്ലെന്നും മറിച്ച് ദീർഘകാല ലക്ഷ്യമാണെന്നുമാണ് കരുതപ്പെടുന്നത്.
ട്രംപിൻ്റെ പ്രഖ്യാപനത്തിൽ ഇന്ത്യ അമിതമായി ആഹ്ലാദിക്കേണ്ടതില്ലെന്ന് ജിടിആർഐ (GTRI) സ്ഥാപകൻ അജയ് ശ്രീവാസ്‌തവ പറഞ്ഞു. ട്രംപിൻ്റെ ട്രൂത്ത് സോഷ്യൽ പോസ്റ്റിൽ പല ചോദ്യങ്ങൾക്കും ഉത്തരമില്ല. ഏതൊക്കെ ഉൽപ്പന്നങ്ങളാണ് ഇതിൽ ഉൾപ്പെടുക, എപ്പോഴാണ് ഇത് നടപ്പിലാക്കുക, കൃഷി പോലുള്ള മേഖലകളിൽ ഇന്ത്യ തീരുവ ഒഴിവാക്കാൻ ശരിക്കും സമ്മതിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തതയില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
“500 ബില്യൺ ഡോളറിൻ്റെ യുഎസ് ഉൽപ്പന്നങ്ങൾ വാങ്ങുമെന്ന കണക്കും അവ്യക്തമാണ്. നിലവിൽ 50 ബില്യൺ ഡോളറിൽ താഴെ മാത്രം ഇറക്കുമതി ചെയ്യുന്ന ഇന്ത്യയെ സംബന്ധിച്ച് ഇത് കേവലം ഒരു ആഗ്രഹം മാത്രമാണ്. ഇരുരാജ്യങ്ങളുടെയും സംയുക്ത പ്രസ്താവനയോ കരാറിൻ്റെ ഔദ്യോഗിക രേഖകളോ പുറത്തുവരുന്നത് വരെ അന്തിമ കരാറായി കരുതാനാവില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ഫോൺ സംഭാഷണത്തിന് പിന്നാലെ അമേരിക്ക ഇന്ത്യയുമായി വ്യാപാരകരാറില്‍ ഏര്‍പ്പെട്ടുവെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിലെ ഒരു പോസ്റ്റിലിലൂടെ അറിയിച്ചിരുന്നു. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്താനും പകരം യുഎസ്, വെനസ്വേല എന്നിവിടങ്ങളിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യാനും മോദി സമ്മതിച്ചതായും ട്രംപ് പറഞ്ഞു. ഇന്ത്യയുടെ അഭ്യർത്ഥനമാനിച്ച് യുഎസ് ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കുള്ള പരസ്‌പര താരിഫ് ഉടൻ പിൻവലിക്കുമെന്നും നിരക്ക് 25 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറയ്ക്കുമെന്നും ട്രംപ് പറഞ്ഞു.






