മലപ്പുറം: തിരുനാവായ നാവാമുകുന്ദ ക്ഷേത്രത്തിലെ മഹാമാഘ മഹോത്സവം സമാപിച്ചു. നിളാ തീരത്തെ കേരള കുംഭമേള ഇന്നലെ (ഫെബ്രുവരി 04) അമൃത സ്‌നാനമുൾപ്പെടെയുള്ള ചടങ്ങുകളോടെയാണ് സമാപിച്ചത്. മഹോത്സവത്തിൻ്റെ പരിസമാപ്‌തി വേളയിൽ ലക്ഷദീപ സമർപ്പണവും നിളാ ആരതിയും നടന്നു.
15 ദിവസത്തിനിനിടെ ക്ഷേത്രത്തിലെത്തിയത് 10 ലക്ഷത്തോളം ഭക്തജനങ്ങളാണ്. കഴിഞ്ഞ ഞായറാഴ്‌ച മാത്രം 3 ലക്ഷത്തോളം ആളുകൾ ചടങ്ങുകളിൽ പങ്കെടുത്തതായി സംഘാടകർ അറിയിച്ചിരുന്നു. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് ഹിന്ദു സന്യാസിമാരും കാശിയിലെ നാഗ സന്യാസിമാരും ഉൾപ്പെടെ സമാപന ദിവസം തിരുനാവായയില്‍ ഒത്തുകൂടി.
ചൊവ്വാഴ്‌ച പുലര്‍ച്ചെ മഹാമണ്ഡലേശ്വര സ്വാമി ആനന്ദവനം ഭാരതി സന്യാസിമാരെ സ്വാഗതം ചെയ്‌തോടെ സമാപന ചടങ്ങുകള്‍ ആരംഭിച്ചു. പ്രത്യേക യതിപൂജയോടെയാണ് സന്യാസിമാരെ സ്വാഗതം ചെയ്‌തത്. സന്യാസിമാരും ഭക്തരും ജുന അഖാരയിലെ അംഗങ്ങളും രാവിലെ 8 മണിക്ക് ആരതി ഘട്ടിൽ പുണ്യസ്‌നാന ചടങ്ങുകൾക്ക് തുടക്കമിട്ടു.
ആയിരക്കണക്കിന് ഭക്തജനങ്ങളും സന്യാസിമാരും സ്‌നാനത്തിൽ പങ്ക്ചേർന്നു. അമൃത സ്‌നാനത്തിന് ശേഷം, ആത്മീയ ഗുരുക്കന്മാരുടെ ആരാധനയായ യതി പൂജ നടന്നു. തുടർന്ന് ഭണ്ഡാര എന്നറിയപ്പെടുന്ന ആചാരം നടക്കുകയും ചെയ്‌തു. ഭാരതപ്പുഴയുടെ തീരത്ത് നടന്ന നിളാ ആരതി കാശിയിലെ ഗംഗാ ആരതിയെ അനുസ്‌മരിപ്പിക്കുന്നതായിരുന്നു. സന്ധ്യാസമയത്ത് നടന്ന ഈ ചടങ്ങിൽ പുരോഹിതർ ദീപങ്ങൾ കൊണ്ട് പുഴയ്ക്ക് മംഗളാരതി ഉഴിഞ്ഞപ്പോൾ ആയിരക്കണക്കിന് ഭക്തർ തീരത്ത് സാക്ഷികളായി. നിളാ തീരത്തെ സാംസ്കാരിക തനിമയും പൈതൃകവും വിളിച്ചോതുന്നതായിരുന്നു ഈ മേള. കാശിയിലെയും പ്രയാഗിലെയും ആചാരങ്ങൾ കേരളീയ തനിമയിൽ അവതരിപ്പിച്ചത് ടൂറിസം മേഖലയ്ക്കും വലിയ ഉണർവ് നൽകി.
2028-ൽ വിപുലമായ മഹാമാഘം ആഘോഷിക്കുന്നതിന് മുന്നോടിയായാണ് ഈ വർഷം കേരള കുംഭമേള നടത്തിയത്. കേരള കുംഭമേള പ്രതീക്ഷിച്ചതിലും വളരെ ഗംഭീരമായിരുന്നെന്ന് സംഘാടകർ പറഞ്ഞു. “തിരുനാവായയിലെ ഭാരതപ്പുഴയുടെ തീരങ്ങൾ ആത്മീയ ഉണർവിനും ധാർമ്മിക ബോധത്തിനും സാക്ഷ്യം വഹിച്ചു,” പരിപാടിക്ക് നേതൃത്വം നൽകുന്ന മഹാ മണ്ഡലേശ്വർ സ്വാമി ആനന്ദവൻ ഭാരതി പറഞ്ഞു.
പണ്ട് തിരുനാവായയിൽ ഭാരതപ്പുഴയുടെ തീരത്ത് 12 വർഷത്തിലൊരിക്കൽ മഹാമാഘം എന്ന പേരിൽ ഒരു വലിയ ഉത്സവം നടന്നിരുന്നു. ഇത് ദക്ഷിണേന്ത്യയിലെ കുംഭമേളയ്ക്ക് സമാനമായ ഒരു ആത്മീയ സംഗമമായിരുന്നു. ചേരമാൻ പെരുമാളിൻ്റെ കാലത്താണ് ഇത് ആരംഭിച്ചത്. പിന്നീട് വള്ളുവക്കോനാതിരിയുടെ നേതൃത്വത്തിലായി. ഏകദേശം 250 വർഷങ്ങൾക്ക് മുമ്പ് ബ്രിട്ടീഷ് ഭരണകാലത്താണ് ഈ ഉത്സവം നിർത്തലാക്കപ്പെട്ടത്.
കൃത്യമായ കാരണങ്ങൾ ചരിത്രരേഖകളിൽ വ്യക്തമല്ലെങ്കിലും, മാമാങ്കം പോലുള്ള വലിയ ജനക്കൂട്ടം ഒരുമിച്ചുകൂടുന്ന പരിപാടികൾ ക്രമസമാധാന പ്രശ്‌നങ്ങൾ സൃഷ്‌ടിക്കുമെന്ന ബ്രിട്ടീഷ് വിലയിരുത്തലായിരിക്കാം നിർത്തലാക്കിയതിന് പിന്നിലെ പ്രധാന കാരണം.
2016-ൽ തിരുനാവായ ക്ഷേത്രത്തിലെ പ്രധാന പുരോഹിതൻ നദീപൂജ ചടങ്ങുകൾ പുനരാരംഭിക്കുകയും, 2028-ൽ വിപുലമായ മഹാമാഘം ആഘോഷിക്കാൻ തീരുമാനിക്കുകയും ചെയ്‌തിരുന്നു. ഇതിന് മുന്നോടിയായാണ് 2026 ജനുവരി 18 മുതൽ ഫെബ്രുവരി മൂന്ന് വരെ കേരള കുംഭമേള നടത്തിയത്.








