വാഹനാപകടത്തില്‍ മസ്‌തിഷ്‌ക മരണം സംഭവിച്ച നെടുമ്പാശേരി മള്ളുശേരി പാലമറ്റ വീട്ടില്‍ ബില്‍ജിത് ബിജുവിന്‍റെ ഹൃദയം ഉള്‍പ്പെടെയുള്ള അവയവങ്ങള്‍ ദാനം ചെയ്‌ത വാര്‍ത്ത നമ്മള്‍ ഏവരും കേട്ടതാണ്. ആറു പേര്‍ക്കാണ് ബില്‍ജിത്തിന്‍റെ അവയവം ദാനം ചെയ്‌തത്. വേര്‍പാടിന്‍റെ വേദനയ്ക്കിടയിലും ആ മാതാപിതാക്കള്‍ മകന്‍റ അവയവങ്ങള്‍ ദാനം ചെയ്യാന്‍ തയാറായിയെന്നത് പ്രത്യാശ പകരുന്ന ഒന്ന് തന്നെയാണ്.
അത്താണിയില്‍ കരിയാടില്‍ രാത്രി രണ്ടുമണിക്കാണ് ബില്‍ജിത്ത് സഞ്ചരിച്ച ബൈക്കില്‍ മറ്റൊരു വാഹനം ഇടിച്ച് അപകടം ഉണ്ടാകുന്നത്. അതീവ ഗുരുതരാവസ്ഥയിലായിരുന്ന ബില്‍ജിത്തിന് മസ്‌തിഷ്‌ക മരണം സംഭവിച്ചതോടെയാണ് അവയവങ്ങള്‍ ദാനം ചെയ്യാന്‍ ബന്ധുക്കള്‍ തീരുമാനിച്ചത്. ഇത്തരം മസ്‌തിഷ്‌ക മരണം സംഭവിച്ചുവെന്ന വാര്‍ത്തകള്‍ നമ്മളില്‍ പലരും കാണാറുണ്ട് അല്ലേ! എന്നാല്‍ എന്താണ് മസ്‌തിഷ്‌ക മരണം? ആര്‍ക്കാണ് മസ്‌തിഷ്‌ക മരണം സംഭവിക്കുന്നത്? ആരോഗ്യ വിദഗ്‌ധര്‍ പറയുന്നത് നോക്കാം.
എന്താണ് മസ്‌തിഷ്‌ക മരണം?
മസ്‌തിഷ്‌ക മരണം സാധാരണമായ ഒരു കാര്യമല്ല. മരണമടയുന്ന എല്ലാവരിലും മസ്‌തിഷക മരണം സംഭവിക്കുന്നില്ല. പതിനായിരക്കണക്കിന് മരണങ്ങളിൽ ഒന്നോ രണ്ടോ മാത്രമേ മസ്‌തിഷ്‌ക മരണം എന്ന അവസ്ഥയിലൂടെ കടന്നുപോകാറുള്ളൂ. ഏറ്റവും പ്രധാന കാരണം റോഡപകടങ്ങളാണ്. രണ്ടാമത്, തലച്ചോറിൽ ഉണ്ടാകുന്ന രക്തസ്രാവവും.
മരണം, മസ്‌തിഷ്‌ക മരണം, ഇത് രണ്ട് തരം അവസ്ഥകളാണുള്ളത്. മരണം എന്നാൽ ഹൃദയത്തിന്റേയും ശ്വാസകോശത്തിന്റേയും തലച്ചോറിന്റേയും പ്രവർത്തനം പൂർണ്ണമായി നിന്നു പോകുന്നതാണ്, ഒപ്പം ശരീരത്തിലെ എല്ലാ അവയവങ്ങളും കോശങ്ങളും പ്രവർത്തന രഹിതമാവുകയും ചെയ്യും. അതേ സമയം തലച്ചോറിന്‍റെ പ്രധാന ഭാഗങ്ങളെല്ലാം പ്രവർത്തനം ഇല്ലാതാവുകയും ശ്വാസം നിലയ്ക്കുകയും ഹൃദയം മാത്രം ചലിക്കുകയും ചെയ്യുന്ന ഒരു പ്രത്യേക അവസ്ഥയുണ്ട്. അതാണ് മസ്‌തിഷ്‌ക മരണം.
എങ്ങനെയാണ് മസ്‌തിഷക മരണം സംഭവിക്കുന്നത്
തലയ്ക്ക് ഏൽക്കുന്ന മാരകമായ പരിക്ക്, തലയുടെ ഉള്ളിൽ ഉണ്ടാകുന്ന രക്തസ്രാവം ഇതൊക്കെ തലച്ചോറിന്‍റെ പ്രധാന ഭാഗമായ സെറിബ്രം എന്ന ഭാഗത്തെ പൂർണമായി നശിപ്പിക്കുകയും അതേ സമയം ഹൃദയമിടിപ്പ് നിലനിൽക്കുകയും ചെയ്യുന്ന അപൂർവമായ അവസ്ഥയാണ്. ഇതോടൊപ്പം ശ്വാസോച്ഛ്വാസവും ഇല്ലാതാവും. ഈ അവസ്ഥയിൽ ഒരു വെന്റിലേറ്റർ ഉപയോഗിച്ച് കൃത്രിമമായി ശ്വാസം നൽകിയാൽ ആ വ്യക്തിയെ മസ്‌തിഷ്‌ക മരണം എന്ന അവസ്ഥയിൽ നിലനിർത്താൻ കഴിയും. വെന്റിലേറ്റർ ഓഫാക്കിയാൽ പൂർണമായ മരണം നിശ്ചയം.
ഹൃദയം പ്രവർത്തിക്കുന്നത് കൊണ്ട് രക്തചംക്രമണം കൃത്യമായി നടക്കും. അതിനാൽ ബാക്കി എല്ലാ അവയവങ്ങളും( വൃക്കകൾ, കരൾ, കുടൽ, പാൻക്രിയാസ് തുടങ്ങിയവ) പ്രവർത്തിച്ചുകൊണ്ടിരിക്കും. ഈ പ്രത്യേക അവസ്ഥയിൽ നിന്ന് രോഗി ഒരിക്കലും ജീവിതത്തിലേക്ക് തിരിച്ചു വരില്ല. നിരവധി പരിശോധനകളിലൂടെയാണ് മസ്‌തിഷക മരണം ഉറപ്പാക്കാന്‍ കഴിയും. വെന്റിലേറ്റർ ഉപയോഗിച്ച് ശ്വാസം നൽകുന്ന സമയത്തോളം പൂർണ മരണം ഒഴിവാകും. വെന്റിലേറ്റർ എപ്പോൾ ഓഫാക്കുന്നുവോ അപ്പോൾ പൂർണ്ണ മരണം സംഭവിക്കുന്നു.
മരണാനന്തര അവയവദാനമല്ല
മരണാനന്തര അവയവ ദാനം എന്ന് പറയുന്നത് പൂർണമായി ശരിയല്ല. മരിച്ചു കഴിഞ്ഞാൽ പിന്നീട് നീക്കം ചെയ്‌ത് ഉപയോഗിക്കാൻ കഴിയുന്ന ഒരേയൊരു ശരീരഭാഗം കണ്ണിലെ കോർണിയ എന്ന ഭാഗം മാത്രമാണ്. മറ്റൊരു അവയവവും ഉപയോഗിക്കാൻ കഴിയില്ല. മസ്‌തിഷ്‌ക മരണം സംഭവിച്ച അവസ്ഥയിലാണ് അവയവങ്ങൾ ദാനം ചെയ്യാൻ കഴിയുന്നത്. ഹൃദയത്തിൽ കൂടി സ്വഭാവങ്ങൾ, ശീലങ്ങൾ, വികാരങ്ങൾ ഇതൊക്കെ കൈമാറ്റം ചെയ്യുന്നു എന്നതൊക്കെ വെറും തെറ്റിദ്ധാരണകളാണ്. വെറും പേശികളും അതിനെ നിയന്ത്രിക്കുന്ന നാഡികളും മാത്രമുള്ള ഒരു പമ്പ് മാത്രമാണ് ഹൃദയം. അല്ലാതെ അതിൽ കൂടി “വികാരം ” ഒന്നും മാറ്റിവെയ്ക്കപ്പെടുന്നില്ല.
അവയവദാനം സ്വീകരിച്ച് വ്യക്തി പാലിക്കേണ്ട കാര്യങ്ങള്‍
അവയവം സ്വീകരിച്ച വ്യക്തി, ഒരുപാട് നിയന്ത്രണങ്ങൾ അവർക്ക് ആവശ്യമുണ്ട്. അവയവത്തെ തിരസ്കരിക്കാൻ ശരീരം നിരന്തരം ശ്രമിച്ചുകൊണ്ടേയിരിക്കും. എത്ര കാലം കഴിഞ്ഞാലും ആ പ്രതിരോധത്തെ പ്രതിരോധിച്ച് തോൽപ്പിക്കാനാണ് മരുന്നുകൾ തുടർച്ചയായി കഴിക്കേണ്ടിവരുന്നത്. ശരീരത്തിന്‍റെ മൊത്തം പ്രതിരോധ ശക്തി (immunity) കുറയ്ക്കുന്ന അവസ്ഥയിൽ രോഗികൾ കുറേ കാര്യങ്ങൾ ശ്രദ്ധിക്കണം.
അണുബാധയാണ് പ്രധാന വില്ലൻ. പല തരത്തിലുള്ള രോഗാണുബാധകൾ ഉണ്ടാകാം. ഗുരുതരമാകാം, അവയവം തിരസ്കരിക്കപ്പെടാം മരണം പോലും സംഭവിക്കാം. ഇത് സങ്കീര്‍ണമായി കഴിഞ്ഞാൽ സാമ്പത്തിക ചിലവ് വളരെ ഉയർന്നതാകാം.
മാസ്‌ക് ഉപയോഗിക്കുക, ധാരാളം ജനക്കൂട്ടം ഉള്ള സ്ഥലങ്ങൾ ഒഴിവാക്കുക, മൃഗങ്ങളുമായി( pet animals ) അടുത്ത് ഇടപഴകാതിരിക്കുക. മൃഗങ്ങളിൽ നിന്ന് ടോക്സോപ്ലാസ്മ, പലതരം ഫങ്കസുകൾ, പരാദജീവികൾ ഇത്തരം അസുഖങ്ങൾ വളരെ മാരകമാകാം.
സ്റ്റിറോയ്ഡ് ഉൾപ്പെടെ മരുന്നുകൾ കഴിക്കുന്നത് കൊണ്ട് എല്ലുകളുടെ ബലം കുറയാം. അതിനാൽ അപകടങ്ങൾ, അടിപിടി ഇതൊക്കെ കഴിയുന്നതും ഒഴിവാക്കുക.
അവയവദാനം എന്നത് ഏറെ വൈകാരികമായ ഒരവസ്ഥയാണ്. ഉറ്റ ബന്ധുക്കൾ ഹൃദയം നുറുങ്ങുന്ന വേദനയിൽ എടുക്കുന്ന മനുഷ്യത്വത്തിന്‍റെയും ദാനത്തിന്‍റെയും വിട്ടുവീഴ്ചയുടേയും കാരുണ്യത്തിന്‍റെയും പരകോടിയിലുള്ള ശക്തമായ തീരുമാനമാണ് അവയവദാനം. ഒരു വ്യക്തിയുടെ ജീവൻ മറ്റ് പല മനുഷ്യർക്ക് പങ്കു വച്ച് കൊടുക്കുന്ന ശ്രേഷ്ഠമായ തീരുമാനം. ഈ വിട്ടു വീഴ്ചയ്ക്ക് താരതമ്യം ചെയ്യാൻ മറ്റൊരു കർമ്മവും ഈ ഭൂമിയിൽ ഇല്ല.





