തൃശൂർ: ഓണാഘോഷങ്ങൾക്ക് ആവേശത്തിൻ്റെ വർണപ്പകിട്ടേകി തൃശൂരിൽ നാളെ പുലികൾ ആടിത്തിമിർക്കും. ചെണ്ടമേളത്തിനൊപ്പം അരമണികൾ കിലുക്കി നാനൂറോളം മനുഷ്യപ്പുലികൾ നഗരം കീഴടക്കുന്നതോടെ ഇത്തവണത്തെ പുലിക്കളിക്ക് തുടക്കമാകും. ഒൻപത് ദേശങ്ങളിൽ നിന്നുള്ള പുലിക്കളി സംഘങ്ങളാണ് ഇത്തവണ സ്വരാജ് റൗണ്ടിൽ ചുവടുവയ്ക്കുന്നത്.
മത്സരത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി മേയർ നിജി ജസ്‌റ്റിൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. നാളെ വൈകിട്ട് നാലിന് ബിനി ജംക്‌ഷനിൽ മന്ത്രി ഒ ജെ ജനീഷ് പുലിക്കളിയുടെ ഫ്ലാഗ് ഓഫ് നിർവഹിക്കും. പുതിയ ഭരണസമിതി വന്നതിന് ശേഷമുള്ള ആദ്യത്തെ പുലിക്കളിയാണിത്. അടുത്ത വർഷം കൂടുതൽ സംഘങ്ങളെ പങ്കെടുപ്പിച്ച് ഗിന്നസ് ലോക റെക്കോർഡ് ലക്ഷ്യമിട്ട് പ്രവർത്തിക്കുമെന്നും മേയർ വ്യക്തമാക്കി. പുലിക്കളി കടന്നുവരുന്ന പ്രദേശങ്ങളിലെ തടസങ്ങൾ നീക്കാനും റോഡുകളിലെ കുഴികൾ നികത്താനും കേബിളുകൾ ഉയർത്തിക്കെട്ടാനും നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
ഒളരിക്കര ദേശം ആദ്യമായി
വിയ്യൂർ യുവജനസംഘം, കുട്ടൻകുളങ്ങര ദേശം, പാട്ടുരായ്ക്കൽ ദേശം, പൂങ്കുന്നം സീതാറാം മിൽ ദേശം, ചക്കാമുക്ക് ദേശം, കാനാട്ടുകര ദേശം, ഒളരിക്കര, ശങ്കരംകുളങ്ങര ദേശം, അയ്യന്തോൾ ദേശം എന്നീ ഒൻപത് സംഘങ്ങളാണ് ഇത്തവണ പങ്കെടുക്കുന്നത്. ഇതിൽ ഒളരിക്കര ദേശം ആദ്യമായാണ് പുലിക്കളിക്ക് ഇറങ്ങുന്നത്. നാളെ രാവിലെ പുലി കലാകാരന്മാരുടെ ഒരുക്കം തുടങ്ങും. ഉച്ചയ്ക്ക് രണ്ടോടെ ദേശങ്ങളിൽ നിന്നുള്ള യാത്ര ആരംഭിക്കും.
വൈകിട്ട് നാലിന് വിയ്യൂർ യുവജനസംഘം ആദ്യം സ്വരാജ് റൗണ്ടിലെത്തും. ആറ് സംഘങ്ങൾ എംജി റോഡിലൂടെയും രണ്ട് ടീമുകൾ വടക്കേ ബസ് സ്റ്റാൻഡ് വഴി ബിനി ജംക്‌ഷനിലൂടെയും റൗണ്ടിൽ പ്രവേശിക്കും. പാട്ടുരായ്ക്കൽ ടീം ഷൊർണൂർ റോഡ് വഴിയാണ് എത്തുക. ഏറ്റവും ഒടുവിലായി രാത്രി 7.20ന് അയ്യന്തോൾ ദേശവും റൗണ്ടിൽ പ്രവേശിക്കും. ഓരോ സംഘങ്ങളും ചുവടുവച്ച് നടുവിലാലിലെത്തും. രാത്രി പത്തോടെ വിധിനിർണയവും ആഘോഷവും പൂർത്തിയാകും.
ഓരോ സംഘത്തിലും 35 മുതൽ 51 വരെ പുലിക്കളി കലാകാരന്മാരും 25 മുതൽ 35 വരെ വാദ്യകലാകാരന്മാരും ഉണ്ടാകും. പുരാണം, സമകാലികം എന്നീ ആശയങ്ങളിൽ അധിഷ്ഠിതമായ രണ്ട് നിശ്ചലദൃശ്യങ്ങൾ വീതം ഓരോ സംഘത്തിനും ഒപ്പമുണ്ടാകും. കോർപറേഷൻ്റെ നേതൃത്വത്തിൽ മുൻ വർഷങ്ങളിലുണ്ടായിരുന്ന ഹരിതവാഹനം ഇത്തവണ ഒഴിവാക്കി. പകരം ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി പൊലീസും കോർപറേഷനുമായി ചേർന്ന് ഓപ്പറേഷൻ തൂഫാൻ എന്ന പേരിൽ പ്രത്യേക നിശ്ചല ദൃശ്യം ഒരുക്കുമെന്ന് ഡെപ്യൂട്ടി മേയർ എ പ്രസാദ് പറഞ്ഞു. ലൈറ്റ്, പുലിവണ്ടി എന്നിവയും അകമ്പടിയാകും. പാറമേക്കാവ് ക്ഷേത്രത്തിനു സമീപം, എംഒ റോഡ്, നടുവിലാൽ ജംക്‌ഷൻ എന്നിവിടങ്ങളിലാണ് വിജയികളെ നിർണയിക്കുന്ന ജഡ്ജിങ് പോയിൻ്റുകൾ.
സമ്മാനത്തുക വർധിപ്പിച്ചു
പുലിക്കളി സംഘങ്ങൾക്കുള്ള തൃശൂർ കോർപറേഷൻ്റെ ധനസഹായം 3,50,000 രൂപയായി വർധിപ്പിച്ചു. ഏറ്റവും മികച്ച പുലിക്കളി സംഘത്തിന് ഒന്നാം സമ്മാനമായി 70,000 രൂപയും ട്രോഫിയും ലഭിക്കും. രണ്ടാം സമ്മാനം 60,000 രൂപയും മൂന്നാം സമ്മാനം 50,000 രൂപയുമാണ്. മികച്ച പുരാണ നിശ്ചലദൃശ്യത്തിനും സമകാലിക നിശ്ചലദൃശ്യത്തിനും യഥാക്രമം 55,000 രൂപയും 50,000 രൂപയും ഒന്നാം സമ്മാനമായി നൽകും. ആദ്യമായി ഇത്തവണ പുലിച്ചമയ പ്രദർശനത്തിനും സമ്മാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഒന്നാം സമ്മാനമായി 10,000 രൂപയും രണ്ടാം സമ്മാനമായി 7,500 രൂപയും മൂന്നാം സമ്മാനമായി 5,000 രൂപയും ട്രോഫിയും നൽകും. ഓഗസ്റ്റ് 27ന് വൈകിട്ട് അഞ്ച് മുതൽ എട്ട് വരെ അതാത് പുലിമടകളിൽ പുലിച്ചമയ പ്രദർശനം നടന്നിരുന്നു.
മുന്നൊരുക്കങ്ങളുടെ ഭാഗമായി എട്ട് യോഗങ്ങളാണ് നടത്തിയത്. ജൂലൈ ആറിന് ആദ്യ യോഗം ചേർന്നു. ജൂലൈ 27നാണ് സമ്മാനത്തുക തീരുമാനിച്ചത്. ഓഗസ്റ്റ് ആറിന് മത്സര മാനദണ്ഡങ്ങൾ നിശ്ചയിക്കുകയും ചിങ്ങം ഒന്നിന് കൊടിയേറ്റം നടത്തുകയും ചെയ്തു. ഓരോ ടീമിനും കുടിക്കാൻ 250 ലിറ്റർ വെള്ളവും ചായം മായ്ച്ചു കളയാൻ 120 ലിറ്റർ മണ്ണെണ്ണയും നൽകുമെന്ന് കൺവീനർ ടി ആർ സന്തോഷ് അറിയിച്ചു.
ചതയം ദിനാഘോഷങ്ങൾ നടക്കുന്നതിനാൽ ഇന്ന് വൈകിട്ട് മൂന്ന് മുതൽ തൃശൂർ നഗരത്തിലെ സ്വരാജ് റൗണ്ടിലും പരിസരപ്രദേശങ്ങളിലും പൊലീസ് ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്ന് ചാലക്കുടി, എറണാകുളം ഭാഗത്തേക്കുള്ള എല്ലാ ബസുകളും ശക്തൻ സ്റ്റാൻഡിൽ നിന്നാകും സർവീസ് നടത്തുക. അങ്കമാലി, ചാലക്കുടി, പുതുക്കാട്, ഇരിങ്ങാലക്കുട പ്രദേശങ്ങളിൽ നിന്നുള്ള ഓർഡിനറി ബസുകൾ ശക്തൻ സ്റ്റാൻഡിൽ സർവീസ് അവസാനിപ്പിച്ച് തിരികെ പോകും.






