സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് സേവനം ഉറപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി ഡോക്ടർമാരുടെ പുനർവിന്യാസത്തിനുള്ള അന്തിമ രൂപരേഖയായി.
കേരള ഗവൺമെൻ്റ് മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ്റെ (കെജിഎംഒഎ) എതിർപ്പുകൾ തള്ളിക്കൊണ്ടാണ് ആരോഗ്യവകുപ്പ് പദ്ധതിയുമായി മുന്നോട്ടുപോകുന്നത്. നിലവിൽ 350ലധികം സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ ഒഴിവുകളാണ് സംസ്ഥാനത്തുള്ളത്. പുതിയ തസ്തികകൾ സൃഷ്ടിക്കാതെ, പ്രധാന ആശുപത്രികളിലെ സർജറി, ഓർത്തോ, ജനറൽ മെഡിസിൻ, ഗൈനക്കോളജി, പീഡിയാട്രിക്‌സ് വിഭാഗങ്ങളിൽ മുഴുവൻ സമയവും സേവനം ലഭ്യമാക്കുന്ന രീതിയിലാണ് പദ്ധതി നടപ്പാക്കാൻ ആരോഗ്യവകുപ്പ് ഒരുങ്ങുന്നത്.
പദ്ധതി ആദ്യമായി നടപ്പിലാക്കുന്ന പുനലൂരിൽ 15 സ്പെഷ്യലിസ്റ്റ് ഡോക്ടർമാരെയാണ് അധികമായി ആവശ്യമായി വരുന്നത്. കൊല്ലം ജില്ലയിൽ മാത്രം പ്രാഥമിക, സാമൂഹിക ആരോഗ്യകേന്ദ്രങ്ങളിൽ നിന്നുള്ള 74 ഡോക്ടർമാരെ പുനർവിന്യസിക്കും. കൂടാതെ, ആവശ്യാനുസരണം നഴ്സുമാരെയും മറ്റ് ജീവനക്കാരെയും മാറ്റി നിയമിക്കുകയും, ആവശ്യമെങ്കിൽ പാരിപ്പള്ളി മെഡിക്കൽ കോളജിൽ നിന്നുള്ള സേവനം പ്രയോജനപ്പെടുത്തുകയും ചെയ്യും. ഈ മാതൃക പിന്നീട് സംസ്ഥാനത്തെ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനം.
പദ്ധതിക്കായി പുതിയ തസ്തികകൾ സൃഷ്ടിക്കില്ലെങ്കിലും, പിജി യോഗ്യതയുള്ള അസിസ്റ്റൻ്റ് സർജന്മാരെ ജൂനിയർ കൺസൾട്ടൻ്റുമാരായി താത്കാലികമായി നിയമിക്കുകയും പിന്നീട് ഈ തസ്തികകൾ പുനർനാമകരണം ചെയ്യുകയും ചെയ്യും. പുനർവിന്യസിക്കുന്ന സ്പെഷ്യലിസ്റ്റുകൾക്ക് പകരമായി, ജോലിഭാരം കുറഞ്ഞ ആശുപത്രികളിൽ നിന്നും പുതുതായി നിയമിക്കുന്ന പിജി യോഗ്യതയുള്ള അസിസ്റ്റൻ്റ് സർജൻമാരിൽ നിന്നും ഡോക്ടർമാരെ കണ്ടെത്തി നിയമിക്കും. ഈ രീതിയിലുള്ള നടപടികൾക്കു പകരം സ്‌പെഷ്യലിസ്റ്റ് തസ്തികയിൽ കൂടുതൽ നിയമനങ്ങൾ നടത്തണമെന്ന് കെജിഎംഒഎ സംസ്ഥാന പ്രസിഡൻ്റ് ഡോ. പികെ സുനിൽ അഭിപ്രായപ്പെട്ടു.
സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരുടെ തസ്തികയിൽ നിലവിൽ 799 ഒഴിവുകളുണ്ട്. ഇതിൽ 431 എണ്ണം അസിസ്റ്റൻ്റ് സർജൻ തസ്തികയിലാണ്. പിഎസ്‌സി മുഖേന 430 പേർക്ക് അഡ്വൈസ് മെമ്മോ അയച്ചതിൽ 134 പേർക്ക് നിയമന ഉത്തരവ് നൽകി. അതിൽത്തന്നെ കുറച്ചുപേർ ജോലിയിൽ പ്രവേശിച്ചിട്ടില്ല.
ഡോക്ടർക്ഷാമം കൂടുതലുള്ളത് കാസർകോട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ്. കാസർകോട് ജില്ലയിൽ അസിസ്റ്റൻ്റ് സർജൻ തസ്തികയിൽ മാത്രം 113 ഒഴിവുകളുണ്ട്; സിവിൽ സർജൻ തലത്തിൽ മൂന്നും. പാലക്കാട് ജില്ലയിൽ 87, കണ്ണൂർ 70 അസിസ്റ്റൻ്റ് സർജൻ ഒഴിവുകളുണ്ട്. ഇടുക്കിയിൽ 41 ഒഴിവുകളാണുള്ളത്. പിഎസ്‌സി ശിപാർശ ചെയ്തവർ ജോലിയിൽ പ്രവേശിക്കാത്തതും സ്ഥാനക്കയറ്റം സമയബന്ധിതമായി നടപ്പാക്കാത്തതുമാണ് ഡോക്ടർമാരുടെ ക്ഷാമത്തിന് പ്രധാന കാരണം.






