നിർബന്ധിത മതപരിവർത്തനം തടയുന്നതിനും ഭൂമി ഇടപാടുകളിൽ കർശന നിയമങ്ങൾ കൊണ്ടുവരുമെന്ന് സുവേന്ദു അധികാരി

0
46
പശ്ചിമ ബംഗാളിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കിയതിന് പിന്നാലെ നിർബന്ധിത മതപരിവർത്തനം തടയുന്നതിനും ഭൂമി ഇടപാടുകളിൽ പുതിയ നിയമ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനുമുള്ള കർശന നിയമങ്ങൾ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി പ്രഖ്യാപിച്ചു. ചൊവ്വാഴ്ച ബങ്കുരയിൽ നടന്ന പശ്ചിമാഞ്ചൽ ഉന്നയൻ പർഷദിന്റെ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് ‘ഒരു രാജ്യം, ഒരു നിയമം’ എന്ന ലക്ഷ്യത്തോടെ ഏകീകൃത സിവിൽ കോഡ് ഉടൻ തന്നെ സംസ്ഥാനത്ത് കൊണ്ടുവരുമെന്നും, അതിനുശേഷമുള്ള സർക്കാരിന്റെ പ്രധാനപ്പെട്ട രണ്ട് ലക്ഷ്യങ്ങൾ നിർബന്ധിത മതപരിവർത്തനം തടയലും ഭൂമി വാങ്ങുന്നതിലും വിൽക്കുന്നതിലും പുതിയ നിയമന്ത്രണങ്ങൾ കൊണ്ടുവരികയുമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ബി.ജെ.പിയുടെ പ്രധാന പ്രചാരണ വിഷയങ്ങളായ മതപരിവർത്തനം, അനധികൃത കുടിയേറ്റം, ‘ലാൻഡ് ജിഹാദ്’ തുടങ്ങിയവയെ ലക്ഷ്യം വെച്ചുള്ളതാണ് വരാനിരിക്കുന്ന ഈ നിയമനിർമ്മാണങ്ങൾ. എന്നാൽ നിർദിഷ്ട ഭൂനിയമത്തെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങളോ, വിവിധ മതവിഭാഗങ്ങൾ തമ്മിലുള്ള സ്വത്ത് ഇടപാടുകളെ ഇത് എങ്ങനെ ബാധിക്കുമോ എന്നതിനെക്കുറിച്ചോ അദ്ദേഹം വിശദീകരിച്ചില്ല.
ബങ്കുര, ജംഗൽമഹൽ തുടങ്ങിയ പ്രദേശങ്ങളിലെ പാവപ്പെട്ട ജനങ്ങളെ വിദേശ ഫണ്ട് ലഭിക്കുന്ന ചില സംഘടനകൾ തെറ്റിദ്ധരിപ്പിക്കുന്നുണ്ടെന്നും, ഇവർ അനധികൃത മതപരിവർത്തനങ്ങളിലും തീവ്രവാദ പ്രവർത്തനങ്ങളിലും ഏർപ്പെടുന്നുണ്ടെന്നും മുഖ്യമന്ത്രി ആരോപിച്ചു. എന്നാൽ ഈ ആരോപണങ്ങൾ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. പുതിയ ഭൂനിയമം അസമിലെ പോലെ ചില പ്രത്യേക പ്രദേശങ്ങളിലെയും സമുദായങ്ങളിലെയും ഭൂമി ഇടപാടുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്ന മാതൃകയിലായിരിക്കുമോ എന്നതും വ്യക്തമല്ല. ഏകീകൃത സിവിൽ കോഡിന്റെ കരട് ബിൽ പരിശോധിക്കുന്നതിനായി വിരമിച്ച സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായിയുടെ നേതൃത്വത്തിലുള്ള സമിതിക്ക് ബംഗാൾ മന്ത്രിസഭ ആഴ്ചകൾക്ക് മുൻപ് അംഗീകാരം നൽകിയിരുന്നു.
ജൂൺ 29 ന് നിയമസഭയിലാണ് സുവേന്ദു അധികാരി ഈ നീക്കം ആദ്യമായി പ്രഖ്യാപിച്ചത്. പുതിയ ബിൽ പാസായാൽ വിവാഹം, വിവാഹമോചനം, പിന്തുടർച്ചാവകാശം, ദത്തെടുക്കൽ തുടങ്ങിയ വിഷയങ്ങളിൽ മതാടിസ്ഥാനത്തിലുള്ള വ്യക്തിനിയമങ്ങൾക്ക് പകരം പൊതുവായ നിയമം നിലവിൽ വരും. സർക്കാർ രൂപീകരിച്ച് ആറുമാസത്തിനകം സംസ്ഥാനത്ത് ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്നത് ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു.
യോഗത്തിൽ സംസ്ഥാന സർക്കാരിന്റെ ഇതുവരെയുള്ള നേട്ടങ്ങളും അദ്ദേഹം എടുത്തുകാട്ടി. അതിർത്തി വേലി കെട്ടുന്നതിനായി ബി.എസ്.എഫിന് ഭൂമി കൈമാറിയതും, അനധികൃതമെന്ന് ചൂണ്ടിക്കാട്ടി ഒ.ബി.സി ലിസ്റ്റ് റദ്ദാക്കിയതും, ഇമാം-മുഅദ്ദിൻ അലവൻസ് നിർത്തലാക്കിയതും, മുഹറം സമയത്ത് ആയുധങ്ങൾ കൊണ്ടുനടക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയതും അദ്ദേഹം പരാമർശിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here