കഴുത്തിന് പരിക്കേറ്റാൽ ചെയ്യേണ്ടത് എന്ത്?

0
21

കഴുത്തിന് പരിക്കേൽക്കുന്നത് സാധാരണമായ ഒരു അപകടമായി തോന്നാമെങ്കിലും, അതിന്റെ ഗുരുതരം പലപ്പോഴും നമ്മൾ തിരിച്ചറിയാറില്ല. ശരീരത്തിന്റെ അത്യന്തം സങ്കീർണ്ണമായ ഭാഗമായ നട്ടെല്ലും പ്രധാന ഞരമ്പുകളും കഴുത്തിലൂടെ കടന്നുപോകുന്നതിനാൽ, ചെറിയൊരു തെറ്റായ നീക്കവും വലിയ ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവയ്ക്കാം.

പ്രത്യേകിച്ച് അപകടങ്ങൾ, വീഴ്ചകൾ, വാഹനാപകടങ്ങൾ എന്നിവയ്ക്ക് ശേഷം കഴുത്തിൽ വേദനയോ അനങ്ങാൻ ബുദ്ധിമുട്ടോ അനുഭവപ്പെടുന്നുവെങ്കിൽ, അത് ലഘുവായി കാണാൻ പാടില്ല. തെറ്റായ രീതിയിലുള്ള പരിചരണം നട്ടെല്ലിനും ഞരമ്പുകൾക്കും സ്ഥിരമായ തകരാറുകൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്. കഴുത്തിന് പരിക്കേൽക്കുന്നത് പലപ്പോഴും ഗൗരവകരമായ സാഹചര്യമാണ്. കഴുത്തിന് പരിക്കേറ്റ ഒരാളെ സഹായിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക.

അനങ്ങാതെ കിടത്തുക: പരിക്കേറ്റ വ്യക്തിയെ യാതൊരു കാരണവശാലും എഴുന്നേൽപ്പിക്കാനോ കഴുത്ത് വെട്ടിച്ച് നോക്കാനോ അനുവദിക്കരുത്. കഴുത്തിന് ചുറ്റും സപ്പോർട്ട് നൽകി തല അനങ്ങാത്ത രീതിയിൽ വയ്ക്കുക.

വൈദ്യസഹായം തേടുക: ഒട്ടും വൈകാതെ ആംബുലൻസ് വിളിക്കുകയോ ഡോക്ടറുടെ സഹായം തേടുകയോ ചെയ്യുക.

ഐസ് പാക്ക് ഉപയോഗിക്കുക: വീക്കം കുറയ്ക്കാൻ പരിക്കേറ്റ ഭാഗത്ത് ഐസ് പാക്ക് വയ്ക്കാം. എന്നാൽ നേരിട്ട് ഐസ് വയ്ക്കാതെ ഒരു തുണിയിൽ പൊതിഞ്ഞ് മാത്രം വയ്ക്കുക.

ഹെൽമെറ്റ് മാറ്റരുത്: അപകടം നടന്നത് ബൈക്കിലാണെങ്കിൽ, ശ്വസനത്തിന് തടസ്സമില്ലെങ്കിൽ ഹെൽമെറ്റ് അഴിക്കാൻ ശ്രമിക്കരുത്. ഇത് കഴുത്തിലെ പരിക്ക് വർദ്ധിപ്പിക്കാൻ കാരണമാകും.

കൈകാലുകൾക്ക് തളർച്ചയോ തരിപ്പോ അനുഭവപ്പെടുക, മസ്തിഷ്കാഘാതത്തിന്റെ ലക്ഷണങ്ങൾ (തലകറക്കം, ഛർദ്ദി), ബോധക്ഷയം സംഭവിക്കുക,കഠിനമായ വേദന നിലനിൽക്കുക എന്നിങ്ങനെയുള്ള ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ ഉടൻ തന്നെ വിദഗ്ദ്ധ ചികിത്സ തേടണം. കഴുത്ത് പരിക്കുകൾ വീട്ടുവൈദ്യത്തിലൂടെ കൈകാര്യം ചെയ്യാനാവില്ല. വേദന കുറയ്ക്കാൻ സ്വമേധയാ മസാജ് ചെയ്യുകയോ കഴുത്ത് തിരിക്കുകയോ ചെയ്യുന്നത് അപകടകരമായ ഫലങ്ങൾ ഉണ്ടാക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here