സീസണല്‍ ഇന്‍ഫ്ലുവന്‍സ മരണങ്ങള്‍ കുറഞ്ഞു; ശ്രമങ്ങളെല്ലാം ഫലം കണ്ടെന്ന് വിദഗ്‌ധര്‍

0
38

ന്യൂഡൽഹി: സീസണൽ ഇൻഫ്ലുവൻസ എ (H1N1) മൂലമുള്ള മരണങ്ങളിൽ ഈ വർഷം ഇന്ത്യയിൽ ഗണ്യമായ കുറവുണ്ടായതായി റിപ്പോർട്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മരണ സംഖ്യയില്‍ വന്‍ കുറവാണുണ്ടായിട്ടുള്ളത്. ലോകാരോഗ്യ സംഘടനയുടെയും ആരോഗ്യ മന്ത്രാലയത്തിൻ്റെയും കൃത്യമായ ഇടപെടല്‍ ഇതിനെ സ്വാധീനിച്ചിട്ടുണ്ട്.

റിപ്പോർട്ടിന് പിന്നാലെ മെച്ചപ്പെട്ട പരിചരണവും വാക്‌സിനേഷൻ ശ്രമങ്ങളുമാണ് മരണത്തില്‍ ഗണ്യമായ കുറവുണ്ടാക്കിയതെന്ന് അഭിപ്രായപ്പെട്ട് ചില വിദഗ്‌ധരും രംഗത്തെത്തി.

ആരോഗ്യമന്ത്രാലയത്തിൻ്റെ കൃത്യമായ ഇടപെടല്‍- ഡോ. അശോക് ഗ്രോവർ

സീസണൽ ഇൻഫ്ലുവൻസ എ (H1N1) പനി ബാധിച്ച് ഇന്ത്യയിൽ 2024ല്‍ 347 മരണങ്ങൾ സംഭവിച്ചതായി മാക്‌സ് ആശുപത്രിയിലെ പ്രശസ്‌ത ശ്വാസകോശ രോഗ വിദഗ്‌ധന്‍ ഡോ. അശോക് ഗ്രോവർ പറഞ്ഞു. അതേസമയം ഈ വര്‍ഷം ഇത് 14 മരണങ്ങൾ മാത്രമായി ചുരുക്കപ്പെട്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ക്ലിനിക്കൽ മാനേജ്‌മെൻ്റിൻ്റെയും വാക്‌സിനേഷൻ്റെയും ശരിയായ ഇടപെടലിലൂടെയാണ് ഇത് സാധ്യമായതെന്ന് ഡോ.അശോക് ഗ്രോവർ അഭിപ്രായപ്പെട്ടു.

ശരിയായ ക്ലിനിക്കൽ മാനേജ്മെൻ്റും കൃത്യസമയത്ത് വാക്‌സിനേഷനും സ്ഥിതി മെച്ചപ്പെടുന്നതിന് പ്രധാന കാരണങ്ങളാകാം. ശരിയായ വാക്‌സിനേഷനും ഡോക്‌ടർമാരുടെ മാർഗ നിർദേശവും അത്തരം സീസണൽ ഇൻഫ്ലുവൻസയെ ചെറുക്കാൻ രോഗികളെ സഹായിക്കുന്നുവെന്ന്’ ഡോ. അശോക് ഗ്രോവർ കൂട്ടിച്ചേര്‍ത്തു.

ഇന്‍ഫ്ലുവന്‍സ ചെറുക്കുന്നതിനായി ആളുകൾക്ക് എല്ലാ വർഷവും ഇൻഫ്ലുവൻസ വാക്‌സിനേഷന്‍ നല്‍കുന്നു. പ്രത്യേകിച്ച് ആസ്ത്മയും വിട്ടുമാറാത്ത രോഗങ്ങളും ബാധിച്ച പ്രായമായവര്‍ക്ക് ഇത് നിര്‍ബന്ധമായും നല്‍കുന്നുവെന്ന് ഡോ.ഗ്രോവർ പറഞ്ഞു.“അസുഖം തോന്നുമ്പോൾ ഉടനടി ഡോക്‌ടർമാരെ കാണുന്ന നിരവധി രോഗികളുണ്ട്. ഇത് എല്ലാ സീസണൽ ഇൻഫ്ലുവൻസയിൽ നിന്നും നേരത്തെ സുഖം പ്രാപിക്കാൻ സഹായിക്കുന്നു” ഡോ.ഗ്രോവർ വ്യക്തമാക്കി.

ഇടിവി ഭാരതിൻ്റെ കൈവശമുള്ള ആരോഗ്യ മന്ത്രാലയത്തിൻ്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം എച്ച്1എൻ1 മൂലം ഗുജറാത്തില്‍ 55 മരണങ്ങളും കേരളത്തിൽ 61 മരണങ്ങളും മഹാരാഷ്ട്രയിൽ 71 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്‌തത്. ഈ വർഷം ഇതുവരെ സീസണൽ ഇൻഫ്ലുവൻസ മൂലം കേരളത്തില്‍ 8 മരണങ്ങളും മഹാരാഷ്‌ട്രയില്‍ 3 മരണങ്ങളും രേഖപ്പെടുത്തി.

2025ൽ രാജ്യത്തുടനീളം 3,320 സീസണൽ ഇൻഫ്ലുവൻസ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വർഷം ഇന്ത്യയിൽ 20,414 സീസണൽ ഇൻഫ്ലുവൻസ കേസുകൾ രജിസ്റ്റർ ചെയ്‌തു. “പല കേസുകളിലും രോഗികൾക്ക് പരിശോധന ആവശ്യമില്ല. ചില സന്ദർഭങ്ങളിൽ ലക്ഷണങ്ങൾ ചെറുതാണെങ്കിൽ ഡോക്‌ടർമാർ പരിശോധനയ്ക്ക് നിര്‍ദേശിച്ചേക്കില്ല” ഡോ. ഗ്രോവർ പറഞ്ഞു.

ഈ വർഷം രജിസ്റ്റർ ചെയ്‌ത സീസണൽ ഇൻഫ്ലുവൻസ കേസുകളുടെ എണ്ണത്തിൽ കുറവുണ്ടോ എന്ന ചോദ്യത്തിന് “ഇത് ക്ലിനിക്കൽ, ഡോക്യുമെൻ്റഡ് കേസുകളുടെ എണ്ണത്തെ ആശ്രയിച്ചിരിക്കുന്നു” എന്നായിരുന്നു ഗ്രോവറിൻ്റെ മറുപടി. ക്ലിനിക്കൽ കേസുകളിൽ ഡോക്‌ടർമാർ ഒരു പരിശോധനയ്ക്കും പോകാൻ നിർദ്ദേശിക്കുന്നില്ല. എന്നാല്‍ ഗുരുതര ലക്ഷണങ്ങളുള്ളവര്‍ക്ക് പരിശോധനകള്‍ക്ക് നിര്‍ദേശം നല്‍കാറുണ്ട്.

ഇന്‍ഫ്ലുവന്‍സയുടെ ലക്ഷണങ്ങളറിയാം:

ക്ലിനിക്കല്‍ പ്രോട്ടോക്കോള്‍ പ്രകാരം ഇൻഫ്ലുവൻസ പോലുള്ള അസുഖങ്ങൾ (ILI) ഉള്ളവർക്ക് പേശിവേദന, തലവേദന, ക്ഷീണം, ഛർദ്ദി, വയറിളക്കം, മൂക്കടപ്പ് എന്നിവ അനുഭവപ്പെടുന്നു. കൂടാതെ മുതിർന്നവരേക്കാൾ കുട്ടികളിലാണ് ഇത് സാധാരണയായി കൂടുതല്‍ കാണപ്പെടുന്നത്. മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ ഉണ്ടാകുന്നവര്‍ സർക്കാർ, സ്വകാര്യ മേഖലകളിലെ ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളിൽ പരിശോധനയ്ക്ക് വിധേയമാക്കണം. ഡോക്‌ടർ പരിശോധിച്ചതിന് ശേഷം ഇന്‍ഫ്ലുവന്‍സയുടെ ലക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ എ, ബി, സി എന്നിങ്ങനെ തരംതിരിക്കണമെന്നും ആരോഗ്യമന്ത്രാലയം പറയുന്നു. ഇൻഫ്ലുവൻസ തടയുന്നതിനും നിയന്ത്രിക്കുന്നതിനുമാണ് ഇങ്ങനെ തരംതിരിക്കുന്നത്.

കൂടുതലറിയാം എ, ബി, സി വിഭാഗം

  • വിഭാഗം- എ (സങ്കീർണമല്ലാത്തത്/മിതമായത്)

ലക്ഷണം: ശരീരവേദന, തലവേദന, വയറിളക്കം, ഛർദ്ദി എന്നിവയോടൊപ്പമോ അല്ലാതെയോ ഉള്ള നേരിയ പനിയും ചുമയും/തൊണ്ടവേദനയും ഉള്ള രോഗികളെ വിഭാഗം-എ ആയി കണക്കാക്കാം.

പരിശോധന: അത്തരം രോഗികൾക്ക് ഇൻഫ്ലുവൻസ പരിശോധന ആവശ്യമില്ല.

  • വിഭാഗം-ബി (സങ്കീർണമായത്മല്ലാത്തതും എന്നാൽ ഗുരുതരവുമായ ലക്ഷണങ്ങൾ / ഉയർന്ന അപകട സാധ്യതയുള്ള ഗ്രൂപ്പുകൾ)

ലക്ഷണം: കാറ്റഗറി-എ പ്രകാരം പരാമർശിച്ചിരിക്കുന്ന എല്ലാ ലക്ഷണങ്ങൾക്കും പുറമെ രോഗിക്ക് ഉയർന്ന പനിയും (≥102 F) കഠിനമായ തൊണ്ടവേദനയും ഉണ്ടെങ്കിൽ കാറ്റഗറി-ബിയില്‍ ഉള്‍പ്പെടുത്തുന്നു.

പരിശോധന: ഇൻഫ്ലുവൻസ പരിശോധന ആവശ്യമില്ല.

  • വിഭാഗം-സി (സങ്കീർണമായത്)

ലക്ഷണം: കാറ്റഗറി-എ, കാറ്റഗറി-ബി എന്നിവയുടെ ലക്ഷണങ്ങൾക്ക് പുറമെ രോഗിക്ക് ശ്വാസതടസം, ഹെമോപ്റ്റിസിസ്, മാനസികാവസ്ഥയിൽ മാറ്റം തുടങ്ങിയ രോഗ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ കാറ്റഗറി സിയില്‍ ഉള്‍പ്പെടുത്തണം.

പരിശോധന: ഈ രോഗികളെ ഇൻഫ്ലുവൻസ പരിശോധനയ്ക്ക് വിധേയമാക്കണം. ഫലം വരുന്നതുവരെ രോഗിക്ക് ആൻ്റി വൈറൽ തെറാപ്പി (ഓസെൽറ്റമിവിർ) തുടരുക.

ഡോക്‌ടർമാരുടെ സമയബന്ധിതമായ ഇടപെടല്‍ പ്രധാനം-ഡോ. ആശിഷ് ജെയിൻ

ഡോക്‌ടർമാരുടെ സമയബന്ധിതമായ കൂടിയാലോചനയും ശരിയായ അവബോധവുമാണ് ഇൻഫ്ലുവന്‍സ മരണങ്ങളുടെ എണ്ണത്തില്‍ കുറവുണ്ടാക്കിയതെന്ന് പ്രശസ്‌ത ഡോക്‌ടറും പൾമണോളജിസ്റ്റുമായ ഡോ. ആശിഷ് ജെയിൻ പറഞ്ഞു. എന്നിരുന്നാലും കേസുകളുടെ എണ്ണം ഇൻഫ്ലുവൻസയുടെ സങ്കീര്‍ണതയെ ആശ്രയിച്ചിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.“ഇത്തവണ എച്ച്1എൻ1 കേസുകളുടെ എണ്ണം കുറവായിരിക്കാം, മറ്റ് ഇൻഫ്ലുവൻസ കേസുകളുടെ എണ്ണം കൂടുതലായിരിക്കാം” ഡോ. ജെയിൻ പറഞ്ഞു.

ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്:

ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) അഭിപ്രായത്തിൽ എ, ബി, സി, ഡി എന്നിവയുൾപ്പെടെ നാല് തരം ഇൻഫ്ലുവൻസ വൈറസുകളുണ്ട്. “ഇൻഫ്ലുവൻസ എ, ബി വൈറസുകൾ പ്രചരിക്കുകയും സീസണൽ പകർച്ച വ്യാധികൾക്ക് കാരണമാവുകയും ചെയ്യുന്നു” ലോകാരോഗ്യ സംഘടന പറഞ്ഞു.

വൈറസിൻ്റെ ഉപരിതലത്തിലുള്ള പ്രോട്ടീനുകളുടെ സംയോജനമനുസരിച്ച് ഇൻഫ്ലുവൻസ എ വൈറസുകളെ ഉപവിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. മനുഷ്യരിൽ നിലവിൽ പ്രചരിക്കുന്നത് A(H1N1), A(H3N2) എന്നീ ഉപവിഭാഗങ്ങളിലുള്ള ഇൻഫ്ലുവൻസ വൈറസുകളാണ്. കൊറോണയക്ക് പിന്നാലെ 2009ന് മുമ്പ് പ്രചരിച്ചിരുന്ന മുൻ A(H1N1) വൈറസിനെ A(H1N1) pdm09 എന്ന് നാമനിര്‍ദേശം ചെയ്‌തെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. ഇൻഫ്ലുവൻസ ടൈപ്പ് എ വൈറസുകൾ മാത്രമേ പാൻഡെമിക്കുകൾക്ക് കാരണമായിട്ടുള്ളൂവെന്നും റിപ്പോർട്ടില്‍ സൂചിപ്പിക്കുന്നു.

ആഗോള ആരോഗ്യ നിരീക്ഷണ സംഘത്തിൻ്റെ റിപ്പോർട്ട് (global health watchdog): ആഗോള ആരോഗ്യ നിരീക്ഷണ സംഘത്തിൻ്റെ അഭിപ്രായത്തിൽ ഇൻഫ്ലുവൻസ ബി വൈറസുകളെ ഉപവിഭാഗങ്ങളായി തരംതിരിച്ചിട്ടില്ല. പക്ഷേ അവയെ ചില വംശങ്ങളായി തരം തിരിക്കാമെന്ന് അവര്‍ വ്യക്തമാക്കി. “ഇൻഫ്ലുവൻസ ടൈപ്പ് ബി വൈറസുകൾ ബി/യമഗട്ട അല്ലെങ്കിൽ ബി/വിക്ടോറിയ വംശത്തിൽ പെടുന്നു. ഇൻഫ്ലുവൻസ സി വൈറസ് വളരെ കുറവായാണ് കാണപ്പെടുന്നത്.

ഇൻഫ്ലുവൻസ ഡി വൈറസുകൾ പ്രധാനമായും കന്നുകാലികളെയാണ് ബാധിക്കുന്നത്. അവ മനുഷ്യരെ ബാധിക്കുകയോ രോഗം ഉണ്ടാക്കുകയോ ചെയ്യുന്നില്ലെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here