പതിനഞ്ചിലധികം സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നുമായി നൂറിലധികം എക്സിബിറ്റർമാർ പങ്കെടുത്ത പ്രദർശനത്തിലാണ് റാമോജി ഫിലിം സിറ്റി പവലിയന് നേതൃത്വം നൽകിയ അലിഫ് ഹുസൈൻ അവാർഡിനർഹനായത്.
എറണാകുളം: ഇന്ത്യ ഇന്‍റർനാഷണൽ ട്രാവൽ മാർട്ട് (IITM) ‘ബെസ്റ്റ് ബ്രാൻഡ് സ്റ്റോറി ടെല്ലർ’ അവാർഡ് റാമോജി ഫിലിം സിറ്റി ഡെപ്യൂട്ടി മാനേജർ അലിഫ് ഹുസൈന്. ഇന്ത്യയിലെയും വിദേശത്തെയും യാത്ര, ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലകളിലെ പ്രമുഖരെ പങ്കെടുപ്പിച്ചാണ് ഇന്ത്യ ഇന്‍റർനാഷണൽ ട്രാവൽ മാർട്ട് സംഘടിപ്പിച്ചത്.
പതിനഞ്ചിലധികം സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നുമായി നൂറിലധികം എക്സിബിറ്റർമാർ പങ്കെടുത്ത പ്രദർശനത്തിലാണ് റാമോജി ഫിലിം സിറ്റി പവലിയന് നേതൃത്വം നൽകിയ അലിഫ് ഹുസൈൻ അവാർഡിനർഹനായത്.
ട്രാവൽ ഏജൻസികൾ, ടൂർ ഓപ്പറേറ്റർമാർ ഉൾപ്പെടെ വൻ പങ്കാളിത്തമാണ് റാമോജി ഫിലിം സിറ്റിയുടെ പവലിയനിലുണ്ടായത്. ഇവർക്ക് ഏറ്റവും മികച്ച രീതിയിൽ ഫിലിം സിറ്റിയുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു നൽകിയത് പരിഗണിച്ചാണ് റാമോജി ഫിലിം സിറ്റി ട്രാവൽ ട്രേഡ് ആൻഡ് എഡുക്കേഷണൽ സെയിൽസ് ഡെപ്യൂട്ടി മാനേജർ അലിഫ് ഹുസൈന് അവാർഡ് ലഭിച്ചത്. ആദ്യമായാണ് ഇന്ത്യ ഇന്‍റർനാഷണൽ ട്രാവൽ മാർട്ടിൽ റാമോജി ഫിലിം സിറ്റി പങ്കെടുക്കുന്നത്.
ഫിലിം സിറ്റിയുടെ ഡേ ടൂർ പ്രോഗ്രാമിനെ കുറിച്ചുള്ള വിവരങ്ങളാണ് ടൂർ ഓപ്പറേറ്റർമാർ പ്രധാനമായും പവലിയനിലെത്തി അന്വേഷിച്ചത്. നോർമൽ ഡേ ടൂർ, എസി ലക്ഷ്വറി ഡേ ടൂർ, ഫിലിം സിറ്റിയിലെ ഡോർമെറ്ററി മുതൽ ലക്ഷ്വറി ഹോട്ടലുകൾ വരെയുള്ള താമസ സൗകര്യങ്ങൾ, സ്കൂൾ-കോളജ് വിദ്യാർഥികൾക്കായുള്ള ടൂർ പാക്കേജുകൾ, ഭക്ഷണം തുടങ്ങിയവയാണ് ട്രാവൽ മാർട്ടിൽ പ്രമോട്ട് ചെയ്തത്.
ട്രാവൽ ഏജൻസികളാണ് പ്രധാനമായും ട്രാവൽ മാർട്ടിൽ പങ്കെടുത്തതെന്ന് അലിഫ് ഹുസൈൻ വ്യക്തമാക്കി. ഇവർക്കായി പ്രത്യേക ഓഫറുകളും ട്രാവൽ പോർട്ടൽ വഴി ലഭ്യമാക്കിയിരുന്നു. ഓരോ വർഷവും സഞ്ചാരികളെ ആകർഷിക്കാനായി പുതിയ പദ്ധതികൾ അവതരിപ്പിക്കാറുള്ള റാമോജി ഫിലിം സിറ്റിയിൽ ഈ വർഷത്തെ പ്രധാന ആകർഷണം ഫിലിം സെറ്റുകളുടെ മിനിയേച്ചറുകൾ അവതരിപ്പിച്ച ‘മായാലോകം’ ആണ്. പുതുതായി അവതരിപ്പിക്കുന്ന പ്രകൃതിസൗഹൃദമായ ‘ഗ്ലാംപിംഗ് ടെന്‍റുകൾ’ (Glamping Tents) ഉൾപ്പെടെയുള്ള വിശേഷങ്ങളും പവലിയൻ വഴി പങ്കുവെച്ചു.
പുഷ്പ, ബാഹുബലി, സലാർ സിനിമകളുടെ സെറ്റുകൾ, ഉദ്യാനങ്ങൾ, ഫൗണ്ടനുകൾ, ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സാഹസിക പാർക്കായ ‘സാഹസം’, കുട്ടികൾക്കായുള്ള ബട്ടർഫ്ലൈ പാർക്ക്, പക്ഷികളുടെ പാർക്ക്, തീം പാർക്കുകൾ തുടങ്ങി കുറഞ്ഞത് രണ്ട് ദിവസമെങ്കിലും ചെലവഴിച്ച് കണ്ടുതീർക്കാനുള്ള റാമോജി ഫിലിം സിറ്റിയുടെ വിശേഷങ്ങളാണ് ടൂർ ഓപ്പറേറ്റർമാർ ചോദിച്ചറിഞ്ഞത്. നിലവിൽ ഫെബ്രുവരി ഒന്നാം തീയതി വരെ നടക്കുന്ന വിന്റർ ഫെസ്റ്റ് പ്രമാണിച്ച് രാത്രി ഒമ്പത് മണി വരെയാണ് ഫിലിം സിറ്റി പ്രവർത്തിക്കുന്നത്. വിദേശ ടൂറിസ്റ്റുകളും ആഭ്യന്തര ടൂറിസ്റ്റുകളും ധാരാളമായി ഫിലിം സിറ്റിയിലെത്തുന്നുണ്ടെന്ന് അലിഫ് ഹുസൈൻ പറഞ്ഞു.
ഒഡീഷ, ജമ്മു-കശ്മീർ എന്നീ സംസ്ഥാനങ്ങൾ പങ്കാളിത്ത സംസ്ഥാനങ്ങളായി പ്രധാന പവലിയനുകൾ ട്രാവൽ മാർട്ടിൽ ഒരുക്കിയിരുന്നു. തെലങ്കാന, രാജസ്ഥാൻ, പഞ്ചാബ്, ഡൽഹി, മേഘാലയ എന്നിവയും മേളയിൽ സജീവമായിരുന്നു. ട്രാവൽ ഏജൻസികൾ, ടൂർ ഓപ്പറേറ്റർമാർ, ഹോട്ടലുകൾ എന്നിവർക്കായുള്ള ഏറ്റവും വലിയ ബി2ബി (B2B) വേദിയാണ് ഐഐടിഎം. വിനോദ, അഡ്വഞ്ചർ, തീർത്ഥാടന, വിവാഹ, മൈസ് (MICE) ടൂറിസം മേഖലകളിൽ നിരവധി സഹകരണ സാധ്യതകളാണ് ഇവിടെ തുറക്കുന്നത്. മലേഷ്യ, തായ്‌ലൻഡ്, വിയറ്റ്നാം, ബാലി, നേപ്പാൾ, ഭൂട്ടാൻ തുടങ്ങിയ രാജ്യങ്ങളും മേളയിൽ പങ്കെടുത്തു.





