അഡ്വ. പി സുധീർ യുവമോർ‌ച്ച സംസ്ഥാന പ്രഭാരി

0
30
യുവമോർച്ച പ്രഭാരി സ്ഥാനത്ത് നിന്ന് ബിജെപി ജനറൽ സെക്രട്ടറി അനൂപ് ആന്റണിയെ മാറ്റി. പകരം ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി സുധീറിനെ തൽ‌സ്ഥാനത്ത് നിയമിച്ചു. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പത്തനംതിട്ട മണ്ഡലം കേന്ദ്രീകരിച്ച് പ്രവർത്തിക്കാനായാണ് അനൂപിനെ മാറ്റിയതെന്നാണ് പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
യുവജനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സംസ്ഥാന സർക്കാരിനെതിരെയുള്ള സമരം ശക്തമാക്കുന്നതിന് തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു നേതാവ് വേണമെന്ന ചിന്തയും അഡ്വ. പി സുധീറിന് അനുകൂലമായി. സുധീർ നേരത്തെ യുവമോർച്ച സംസ്ഥാന പ്രസിഡന്റായി പ്രവർത്തിച്ചിട്ടുമുണ്ട്.
യുവമോർച്ച മുൻ ദേശീയ സെക്രട്ടറിയാണ് അനൂപ് ആന്റണി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവല്ല മണ്ഡലത്തിൽ‌ വമ്പൻ പ്രകടനം നടത്താൻ അനൂപിന് കഴിഞ്ഞിരുന്നു. അനൂപ് 43,078 വോട്ടുകൾ സ്വന്തമാക്കി രണ്ടാംസ്ഥാനത്തെത്തിയിരുന്നു. അനൂപിനുള്ള ജനപിന്തുണ ലോക്സഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ട മണ്ഡലത്തിൽ ഗുണം ചെയ്യുമെന്ന വിലയിരുത്തലാണ് നേതൃത്വത്തിനുള്ളത്. പത്തനംതിട്ട മണ്ഡലം കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ അനൂപ് ആന്റണിക്ക് നേതൃത്വം നിർദേശം നൽകിയെന്നാണ് വിവരം.37കാരനായ അനൂപ് ആന്റണി എഞ്ചിനിയറിംഗ് ബിരുധദാരിയാണ്. വിവേകാനന്ദ കേന്ദ്രവും വിവേകാനന്ദ ഇന്റർനാഷണൽ ഫൗണ്ടേഷനുമായി ചേർന്ന് ഏതാനും വർഷങ്ങൾ പ്രവർത്തിച്ചതിന് ശേഷം 2011ലാണ് ബിജെപിയിൽ ചേർന്നത്. മുതിർന്ന നേതാവ് എൽ കെ അദ്വാനി 2011ൽ നടത്തിയ ‘ജൻ ചേത്ന യാത്ര’യിൽ അംഗമായിരുന്നു. പാർട്ടി നയ രേഖകളുടെ കരട് തയ്യാറാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. പാർട്ടിയുടെ ബൗദ്ധിക വിഭാഗം സെല്ലിലും പ്രവർത്തിച്ചിട്ടുണ്ട്. 2017ൽ പൂനം മഹാജൻ പ്രസിഡന്റായിരുന്നപ്പോൾ യുവമോർച്ചയുടെ ദേശീയ സെക്രട്ടറിയായി.

LEAVE A REPLY

Please enter your comment!
Please enter your name here