വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം;

0
4

തിരുവനന്തപുരം: എസ്‌ഐആറിൻ്റെ ഭാഗമായി വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്തായവര്‍ക്കും 18 വയസ് പൂര്‍ത്തിയായവര്‍ക്കും 2027 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയാവുന്നവർക്കും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരവുമായി തെരഞ്ഞെടുപ്പ് കമ്മിഷന്‍. സ്‌പെഷ്യല്‍ സമ്മറി റിവിഷന്‍ അഥവാ എസ്എസ്ആര്‍ എന്ന പേരില്‍ ഒക്ടോബര്‍ 15 ന് സംസ്ഥാനത്ത് ആരംഭിച്ച പുതുക്കല്‍ നടപടികളില്‍ വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തവര്‍ക്ക് ഓണ്‍ലൈനായും വില്ലേജ് ഓഫിസുകളില്‍ തയാറാക്കിയ പ്രത്യേക ക്യാമ്പുകള്‍ വഴിയും പുതുതായി വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാമെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ഡോ. ഡി. സജിത് ബാബു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഫോം ആറ്‌ വഴിയാണ് പുതുതായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കേണ്ടത്. 18 വയസ് പൂര്‍ത്തിയായവര്‍ക്കും 2027 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയാകുന്നവര്‍ക്കും ഈ ഫോം ഉപയോഗിച്ച് വോട്ടര്‍ പട്ടികയില്‍ ചേരാം. മരിച്ചു പോയവര്‍, പൗരത്വം ഉപേക്ഷിച്ചവര്‍, ഇരട്ടിപ്പ് വോട്ട് എന്നിവ നീക്കം ചെയ്യാന്‍ ഫോം 7 ഉപയോഗിക്കാം. ഫോം 8 ഉപയോഗിച്ച് ഒരു വീട്ടിലെ തന്നെ പലയിടത്തായി ചിതറിപ്പോയ വോട്ടുകള്‍ ഒരുമിച്ചാക്കാന്‍ അപേക്ഷ സമര്‍പ്പിക്കാം. ഈ അപേക്ഷകള്‍ വില്ലേജ് ഓഫിസ് മുഖാന്തരവും സ്വീകരിക്കും.

2027 ജനുവരിയില്‍ 18 വയസ് പൂര്‍ത്തിയാകുന്നവരെ കണ്ടെത്താന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും കോളജുകളിലും നവംബര്‍ രണ്ട് മുതല്‍ ഏഴ് വരെ കാമ്പസ് ടു ബൂത്ത് എന്ന പേരില്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരമൊരുക്കും. കരട് വോട്ടര്‍ പട്ടിക നവംബര്‍ 12 ന് പ്രസിദ്ധീകരിക്കും. ഇതിൻ്റെ ഹാര്‍ഡ് കോപ്പിയും സോഫ്‌റ്റ് കോപ്പിയും എല്ലാ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ലഭ്യമാക്കും. ഇത് രാഷ്ട്രീയ പാര്‍ട്ടികളുടെ ബിഎല്‍എമാര്‍ക്ക് പരിശോധിച്ച് നവംബര്‍ 12 മുതല്‍ ഡിസംബര്‍ 11 വരെ ഇതിന്‍മേല്‍ ആക്ഷേപങ്ങള്‍ സമര്‍പ്പിക്കാം.

ഡിസംബര്‍ 28 ന് മുന്‍പ് പരാതികള്‍ പരിഹരിച്ച് 2027 ജനുവരി നാലിന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. ഇപ്പോള്‍ നടക്കുന്ന എസ്എസ്ആറിന് എസ്‌ഐആറുമായി ബന്ധമില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചു. എസ്‌ഐആറിൻ്റെ ഭാഗമായി കേരളത്തില്‍ വ്യാപകമായി വോട്ടുകള്‍ വെട്ടിമാറ്റിയെന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ ആക്ഷേപം ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. എസ്‌ഐആറിന് മുന്‍പുള്ള വോട്ടര്‍ പട്ടികയില്‍ ആകെ 2,70,50,855 വോട്ടര്‍മാരാണ് ഉണ്ടായിരുന്നത്. എസ്‌ഐആറിൻ്റെ ഭാഗമായ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ അത് 2,54,42,352 ആയി. ഈ വ്യത്യാസമാണ് 24 ലക്ഷം വോട്ടര്‍മാരെ ഒഴിവാക്കി എന്ന ആക്ഷേപത്തിന് കാരണം.

എന്നാല്‍ എസ്‌ഐആറിൻ്റെ അന്തിമ വോട്ടര്‍ പട്ടിക പുറത്ത് വന്നപ്പോള്‍ 2,69,53,640 ആയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ അത് 2,71,42,952 ആയി. യഥാര്‍ഥത്തില്‍ എസ്‌ഐആര്‍ നടപ്പിലാക്കിയപ്പോള്‍ കേരളത്തില്‍ 7,07,903 വോട്ടുകള്‍ മാത്രമാണ് നഷ്‌ടപ്പെട്ടതെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ പറഞ്ഞു. ഒക്ടോബര്‍ 15ന് എസ്എസ്ആര്‍ ആരംഭിച്ച ശേഷം 3,677 അപേക്ഷകള്‍ മാത്രമാണ് പുതുതായി ലഭിച്ചതെന്നും വ്യാപകമായി വോട്ട് വെട്ടിമാറ്റിയെങ്കില്‍ പുതുതായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള അപേക്ഷകരുടെ എണ്ണം ഇതിലും എത്രയോ കൂടുതലാകുമായിരുന്നെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ചൂണ്ടിക്കാട്ടി. കേരളത്തിലെ വോട്ടര്‍ പട്ടികയില്‍ നിവലില്‍ 1,33,18,911 പുരുഷന്‍മാരും 1,40,35,737 സ്‌ത്രീകളും 268 തേര്‍ഡ് ജെന്‍ഡറുമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here