കുറഞ്ഞ ചെലവിലുള്ള മരുന്നുകൾ നൽകുന്നതിനെ സ്വാഗതം ചെയ്‌ത്‌ ഐ.എം.എ

0
4

കോഴിക്കോട്: സംസ്ഥാനത്ത് എസ്.എം.എ (സ്പൈനൽ മസ്കുലർ അട്രോഫി) ബാധിച്ച കുട്ടികൾക്കുള്ള ചികിത്സ വിപുലീകരിക്കാനുള്ള ആരോഗ്യ വകുപ്പിൻ്റെ തീരുമാനത്തെ സ്വാഗതം ചെയ്‌ത്‌ ഐ.എം.എ (ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ) കേരള ഘടകം. കുറഞ്ഞ ചെലവിൽ മരുന്നുകൾ ലഭ്യമാക്കുന്നതിലൂടെ കൂടുതൽ കുട്ടികൾക്ക് ചികിത്സ ഉറപ്പാക്കാൻ കഴിയുമെന്നും, എന്നാൽ മരുന്നുകളുടെ ഗുണനിലവാരവും സുരക്ഷയും ഉറപ്പുവരുത്തണമെന്നും ഐ.എം.എ വ്യക്തമാക്കി.

പേശികളുടെ ബലത്തെയും ചലനശേഷിയെയും ശ്വാസകോശത്തിൻ്റെ പ്രവർത്തനത്തെയും ഗുരുതരമായി ബാധിക്കുന്ന അപൂർവ ജനിതക രോഗമാണ് എസ്.എം.എ. ഈ രോഗം ബാധിച്ച കുട്ടികളുടെ ചികിത്സയ്ക്കായി കോടിക്കണക്കിന് രൂപയാണ് സാധാരണയായി ചെലവ് വരുന്നത്. റിസ്ഡിപ്ലാം പോലുള്ള മരുന്നുകൾ രോഗത്തിൻ്റെ വ്യാപനം തടയുന്നതിൽ നിർണായക പങ്കുവഹിക്കുന്നുണ്ട്. വിദേശ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഇത്തരം മരുന്നുകൾക്ക് വലിയ തുക നൽകേണ്ടി വരുന്നത് പല കുടുംബങ്ങളെയും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ഇന്ത്യയിൽ നിർമിച്ച കുറഞ്ഞ ചെലവിലുള്ള മരുന്നുകൾ വിതരണം ചെയ്യാനുള്ള ആരോഗ്യ വകുപ്പിൻ്റെ നീക്കം വലിയ ആശ്വാസമാണ് നൽകുന്നത്. മരുന്നുകളുടെ വില കുറയുന്നത് അപൂർവ രോഗങ്ങൾക്കുള്ള ചികിത്സാ പദ്ധതികളുടെ സാമ്പത്തിക ഭാരം കുറയ്ക്കാനും, കൂടുതൽ കുട്ടികൾക്ക് സർക്കാരിൻ്റെ സഹായത്തോടെ ചികിത്സ ലഭ്യമാക്കാനും സഹായിക്കുമെന്ന് ഐ.എം.എ ചൂണ്ടിക്കാട്ടി.

എന്നാൽ, കുറഞ്ഞ ചെലവിലുള്ള മരുന്നുകൾ നൽകുമ്പോൾ അവയുടെ ഗുണനിലവാരവും സുരക്ഷയും കർശനമായി ഉറപ്പാക്കേണ്ടതുണ്ട്. ആവശ്യമായ എല്ലാ അംഗീകാരങ്ങളും ശാസ്ത്രീയ മാനദണ്ഡങ്ങളും പാലിച്ചായിരിക്കണം മരുന്നുകൾ വിതരണം ചെയ്യേണ്ടത്. ബ്രാൻഡഡ് മരുന്നുകളായാലും കുറഞ്ഞ ചെലവിലുള്ള മറ്റ് മരുന്നുകളായാലും, ചികിത്സാ തീരുമാനങ്ങൾ പൂർണമായും ശാസ്ത്രീയ തെളിവുകളുടെയും വിദഗ്ധരുടെ അഭിപ്രായത്തിൻ്റെയും അടിസ്ഥാനത്തിലായിരിക്കണം. പുതിയ മരുന്നുകളുടെ വിതരണവുമായി ബന്ധപ്പെട്ട് ചില രക്ഷിതാക്കൾക്ക് ലഭിച്ച മരുന്നുകളിൽ ‘സാമ്പിൾ’ എന്ന് രേഖപ്പെടുത്തിയത് വലിയ ആശങ്കകൾക്ക് ഇടയാക്കിയിരുന്നു. ഈ സാഹചര്യത്തിൽ മരുന്നിൻ്റെ ഉറവിടം, ഗുണനിലവാരം, വിതരണ രീതി എന്നിവ സംബന്ധിച്ച് ആരോഗ്യ വകുപ്പ് വ്യക്തമായ വിശദീകരണം നൽകണമെന്ന് ഐ.എം.എ ആവശ്യപ്പെട്ടു. രക്ഷിതാക്കളുടെ ആശങ്കകൾ പരിഹരിക്കുന്നതിനും ചികിത്സയിലുള്ള വിശ്വാസം നിലനിർത്തുന്നതിനും സുതാര്യമായ ആശയവിനിമയം അനിവാര്യമാണ്. മരുന്ന് കമ്പനികൾ തമ്മിലുള്ള തർക്കങ്ങളേക്കാൾ കുട്ടികളുടെ സുരക്ഷയ്ക്കും ചികിത്സയുടെ തുടർച്ചയ്ക്കും പൊതുജനാരോഗ്യത്തിനുമാണ് മുൻഗണന നൽകേണ്ടതെന്നും ഐ.എം.എ കേരള സംസ്ഥാന പ്രസിഡൻ്റ് ഡോ. എം. എൻ. മേനോൻ, സംസ്ഥാന സെക്രട്ടറി ഡോ. റോയ് ആർ. ചന്ദ്രൻ എന്നിവർ പ്രസ്താവനയിൽ വ്യക്തമാക്കി.

എസ്.എം.എ ബാധിച്ച കുട്ടികൾക്ക് രക്ഷിതാക്കളുടെ സമ്മതമില്ലാതെ ക്ലിനിക്കൽ പരീക്ഷണങ്ങൾക്കുള്ള മരുന്നുകൾ നൽകുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ സംസ്ഥാനത്ത് വലിയ രാഷ്ട്രീയ വിവാദങ്ങൾ ഉടലെടുത്തിരുന്നു. സംഭവത്തിൽ ഞെട്ടൽ രേഖപ്പെടുത്തിയ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, തൻ്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഈ വിമർശനങ്ങളെ പൂർണമായും തള്ളിക്കളഞ്ഞ ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ, മരുന്നുകളുടെ ഗുണനിലവാരം വിലയിരുത്തിയ വിദഗ്ധ സമിതിയുടെ ശിപാർശകളുടെ അടിസ്ഥാനത്തിലാണ് ഇന്ത്യയിൽ നിർമിച്ച കുറഞ്ഞ ചെലവിലുള്ള എസ്.എം.എ മരുന്നുകൾ കുട്ടികൾക്ക് നൽകുന്നതെന്ന് വ്യക്തമാക്കി. ഗുണനിലവാരമുള്ള മരുന്നുകൾ മിതമായ നിരക്കിൽ ലഭ്യമാക്കുന്നതും ചികിത്സ മുടങ്ങാതെ കൊണ്ടുപോകുന്നതും രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും വലിയ ആശ്വാസം നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here