എറണാകുളം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് (ജനുവരി 12) ഹൈക്കോടതി പരിഗണിക്കും. അറസ്റ്റിലായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്‍റ് എ പത്മകുമാര്‍, ബെല്ലാരിയിലെ സ്വര്‍ണ വ്യാപാരി ഗോവര്‍ധന്‍, ദേവസ്വം മുന്‍ അഡ്‌മിനിസ്‌ട്രേറ്റിവ് ഓഫിസര്‍ മുരാരി ബാബു എന്നിവരുടെ ജാമ്യാപേക്ഷയാണ് ഇന്ന് പരിഗണിക്കുക. മൂവര്‍ക്കും കേസില്‍ മുഖ്യ പങ്കുണ്ടെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍.
ജാമ്യ ഹര്‍ജിയെ എതിര്‍ത്ത് എസ്‌ഐടി സത്യവാങ്‌മൂലം നല്‍കിയിട്ടുണ്ട്. അതേസമയം കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന തന്ത്രി കണ്‌ഠര് രാജിവരരെ കസ്റ്റഡിയില്‍ വാങ്ങാനാണ് എസ്‌ഐടിയുടെ നീക്കം. അതിനായി കൊല്ലം വിജിലന്‍സ് കോടതിയില്‍ ഇന്ന് അപേക്ഷ സമര്‍പ്പിക്കും.
മാത്രമല്ല ദ്വാരപാലക ശില്‍പ പാളികള്‍ കടത്തിയതിലും അന്വേഷണ സംഘം തന്ത്രിയെ പ്രതിചേര്‍ക്കും. സ്വര്‍ണ പാളി ചെമ്പാക്കി മാറ്റിയ മഹസറില്‍ ഒപ്പിട്ടതിലൂടെ തന്ത്രിക്കും കേസിലെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാണ് എസ്‌ഐടിയുടെ വിലയിരുത്തല്‍.








