അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തീകരിച്ചതിന്റെ പ്രതീകമായ ധര്‍മ്മ ധ്വജാരോഹണം നടന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ പതാക ഉയര്‍ത്തൽ ചടങ്ങ് നടന്നു. ഈ നിമിഷം അപൂർവവും അതുല്യവും എന്ന് പ്രധാനമന്ത്രി പറഞ്ഞു. നൂറ്റാണ്ടുകൾ പഴക്കമുള്ള മുറിവുകൾ ഇന്ന് സുഖപ്പെടുന്നു. എല്ലാ രാമ ഭക്തരും ഇന്ന് സംതൃപ്തരാണ്. ഈ കൊടി മരം നമ്മുടെ സ്വപ്നങ്ങളുടെയും അഭിലാഷങ്ങളുടെയും പ്രതീകമാണെന്നും പ്രധനമന്ത്രി വ്യക്തമാക്കി.
അയോധ്യ ക്ഷേത്രത്തിലെ ശിഖിരത്തിലെ 191 അടി ഉയരത്തിലാണ് പതാക സ്ഥാപിച്ചത്. രാമന്‍റെ ആദർശങ്ങളുടെ സൂചകമായി കോവിദാര വൃക്ഷവും ഓം എന്ന അക്ഷരവും എഴുതിയ കാവി നിറത്തിൽ ത്രികോണാകൃതിയിലുള്ള പതാകയാണ് ഉയര്‍ത്തിയത്. രാമന്‍റെയും സീതയുടെയും വിവാഹ പഞ്ചമിയോടനുബന്ധിച്ചുള്ള അഭിജിത് മുഹൂർത്തത്തിലാണ് ചടങ്ങ് നടക്കുന്നത്.
ദേശീയ ഐക്യത്തിന്‍റെ പുതിയ അധ്യായത്തിന്റെ തുടക്കം എന്നാണ് ഇതിനെ അധികൃതർ വിശേഷിപ്പിക്കുന്നത്. ആര്‍എസ്എസ് മേധാവി മോഹൻ ഭാഗവതും മോദിക്കൊപ്പം ചടങ്ങിൽ പങ്കെടുത്തു. അയോധ്യയിൽ ഉയര്‍ന്ന പതാക ധർമ്മ പതാകയെന്നറിയപ്പെടുമെന്ന് ക്ഷേത്ര ട്രസ്റ്റ് വ്യക്തമാക്കി. പ്രധാന ക്ഷേത്രത്തിന്‍റെ നിർമ്മാണം പൂർത്തിയാക്കുന്നതിന്‍റെ ഭാഗമായാണ് പതാക ഉയര്‍ത്തൽ ചടങ്ങ് നടന്നത്.
അഞ്ച് വർഷവും മൂന്ന് മാസവും കൊണ്ടാണ് അയോധ്യാ രാമക്ഷേത്രത്തിന്‍റെ പ്രധാന മന്ദിരത്തിന്‍റെ നിർമ്മാണം പൂർത്തിയാകുന്നത്. 2020 ൽ ക്ഷേത്രത്തിന്‍റെ തറക്കല്ലിട്ടതും കഴിഞ്ഞ വർഷം ജനുവരിയിൽ പ്രാണ പ്രതിഷ്ഠ നടത്തിയതും പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. പതാക ഉയര്‍ത്തലിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോയും അയോധ്യയിൽ നടന്നിരുന്നു.
സാകേത് കോളേജിൽ നിന്ന് അയോധ്യാധാം വരെയാണ് റോഡ് ഷോ നടന്നത്. അയോധ്യയിലെത്തിയ മോദി സമീപത്തെ ക്ഷേത്രങ്ങളിലും ദര്‍ശനം നടത്തി. ഇതിനുശേഷമാണ് അയോധ്യ രാമക്ഷേത്രത്തിലെ പതാക ഉയര്‍ത്തൽ ചടങ്ങിനെത്തിയത്.





