തൻ്റെ യോദ്ധാക്കൾ ജീവിതത്തിലെ ഭൗതിക സുഖസൗകര്യങ്ങളിൽ ആകൃഷ്‌ടരല്ല. അവരുടെ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനിടയിൽ രക്തസാക്ഷിത്വം വഹിക്കാൻ തയാറാണെന്നും ഭീഷണി സന്ദേശത്തിൽ പറയുന്നു.
ന്യൂഡൽഹി: ഇന്ത്യയ്‌ക്കെതിരെ ഭീഷണി മുഴക്കി നിരോധിത ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് (ജെ.ഇ.എം) തലവൻ മൻസൂദ് അസ്ഹർ. ഓൺലൈൻ ഓഡിയോ സന്ദേശത്തിലാണ് ഇന്ത്യയ്‌ക്കെതിരെ കൊലവിളി ഭീഷണി മുഴക്കിയത്. ആയിരക്കണക്കിന് ചാവേറുകള്‍ നുഴഞ്ഞുകയറാൻ തയാറായി നിൽക്കുന്നുവെന്നും ഇന്ത്യയിൽ ഭീകരാക്രമണങ്ങൾ നടത്താൻ തയാറാണെന്നുമാണ് ഇയാള്‍ പറയുന്നത്.
വൈറലായിരിക്കുന്ന ഓഡിയോ ക്ലിപ്പിൻ്റെ ആധികാരികത പരിശോധിച്ച് വരികയാണ്. 1,000-ത്തിലധികം ചാവേർ ബോംബർമാർ ഇന്ത്യയെ എപ്പോൾ വേണമെങ്കിലും ആക്രമിക്കാൻ തയാറാണ്. ചാവേറുകളുടെ യഥാർഥ എണ്ണം താൻ വെളിപ്പെടുത്തിയാൽ അത് ആഗോള സമൂഹത്തെ ഞെട്ടിക്കുമെന്നും ഇയാള്‍ അവകാശപ്പെടുന്നു.
“യേ സൂയിസൈഡ് ബോംബർ ഏക് നഹി, ദോ നഹി, 100 നഹി, യേ 1,000 ഭി നഹി, അഗർ പൂരി താദത് ബതാ ഡൂൺ, തോ കൽ ദുനിയാ കി മീഡിയ പർ ഹംഗാമ മച്ച് ജായേഗാ…” (ഈ ചാവേർ ബോംബർമാർ ഒന്നല്ല, രണ്ടല്ല, 100 അല്ല, 1,000 പോലുമല്ല. മുഴുവൻ സംഖ്യയും ഞാൻ നിങ്ങളോട് പറഞ്ഞാൽ, നാളെ ലോക മാധ്യമങ്ങളിൽ ഒരു കോലാഹലം തന്നെ ഉണ്ടായേക്കും),” – ഓഡിയോയിൽ പറയുന്നു.
തൻ്റെ യോദ്ധാക്കൾ ജീവിതത്തിലെ ഭൗതിക സുഖസൗകര്യങ്ങളിൽ ആകൃഷ്‌ടരല്ല. അവരുടെ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനിടയിൽ രക്തസാക്ഷിത്വം വഹിക്കാൻ തയാറാണെന്നും ഇയാള്‍ ഭീഷണി സന്ദേശത്തിൽ പറയുന്നു. ഓഡിയോ റെക്കോർഡിങിൻ്റെ തീയതിയും ആധികാരികതയും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
2001ലെ പാർലമെൻ്റ് ആക്രമണം, 2008 ലെ മുംബൈ ആക്രമണം ഉൾപ്പെടെ നിരവധി ഭീകരാക്രമണങ്ങളുടെ മുഖ്യസൂത്രധാരനാണ് ഇയാള്‍. ഐക്യരാഷ്ട്രസഭയുടെ ഭീകര പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള അസ്ഹർ വളരെക്കാലമായി പാകിസ്ഥാനിൽ ഒളിച്ച് തമസിക്കുകയാണ്. ഓപ്പറേഷൻ സിന്ദൂറിൻ്റെ ഭാഗമായി ഇന്ത്യ നടത്തിയ തിരിച്ചടിയിൽ കൊടും ഭീകരൻ മസൂദ് അസ്ഹറിൻ്റെ 10 ബന്ധുക്കളും കൊല്ലപ്പെട്ടിരുന്നു. ഇതോടെയാണ് മസൂദ് അസ്ഹറിൻ്റെ പേര് വീണ്ടും ചർച്ചയിൽ നിറഞ്ഞത്. പാക്കിസ്ഥാനിലെ ബഹവൽപുർ സ്വദേശിയാണ് മസൂദ് അസ്ഹർ.
കശ്‌മീരിനെ പാക്കിസ്ഥാനോടു ചേർക്കുക എന്ന ലക്ഷ്യവുമായാണ് മസൂദ് അസ്ഹർ ജെയ്ഷെ മുഹമ്മദ് സ്ഥാപിച്ചത്. അന്ന് സംഘടനയുടെ രൂപീകരണത്തിനു വേണ്ടി താലിബാൻ നേതൃത്വവും ഒസാമ ബിൻ ലാദനും സഹായിച്ചിരുന്നതായാണ് ചരിത്രം. 1994 ഫെബ്രുവരിയിൽ ഇന്ത്യയിൽ പിടിയിലായ ഇയാള്‍ 1999ൽ നടന്ന കാണ്ഡഹാർ വിമാന റാഞ്ചൽ ഭീക്രരാക്രമണത്തിലൂടെയാണ് രക്ഷപ്പെട്ടത്.
150 ലേറെ യാത്രക്കാരുണ്ടായിരുന്ന കാഠ്‌മണ്ഡു–ഡൽഹി ഇന്ത്യൻ എയർലൈൻസ് വിമാനം റാഞ്ചലിൽ പാക്ക് ഭീകരർ യാത്രക്കാരെ ബന്ദികളാക്കി ഇയാളുടേതുള്‍പ്പെടെ മോചനം ആവശ്യപ്പെടുകയായിരുന്നു. ഇന്ത്യൻ ജയിലിലുള്ള മസൂദ് അസ്ഹർ, ഉമർ ഷെയ്ഖ്, മുഷ്‌താഖ് അഹമ്മദ് എന്നിവരെ മോചിപ്പിച്ചാണ് അന്ന് ബന്ദികളുടെ ജീവൻ രക്ഷിച്ചത്. അന്നത്തെ വിദേശകാര്യമന്ത്രി ജസ്‌വന്ത് സിങ് ആയിരുന്നു.





