പുതുവർഷത്തിലെ ഐഎസ്‌ആർഒയുടെ ആദ്യ വിക്ഷേപണം വിജയകരം

0
30

പരാജയങ്ങളിൽ തളരാതെ ഐഎസ്‌ആർഒയുടെ വിക്ഷേപണം വാഹനമായ പിഎസ്‌എൽവി. PSLV-C62 ദൗത്യത്തിന്‍റെ വിക്ഷേപണം വിജയകരം. അന്വേഷ ഉൾപ്പെടെ നിരവധി പേലോഡുകളെ ഭ്രമണപഥത്തിലെത്തിക്കും.

ശ്രീഹരിക്കോട്ട: ഐഎസ്‌ആർഒയുടെ പുതുവർഷത്തിലെ ആദ്യത്തെ വിക്ഷേപണ ദൗത്യമായ പിഎസ്‌എൽവി സി62 (PSLV-C62) വിജയകരം. ഭൗമനിരീക്ഷണ ഉപഗ്രഹമായ ‘അന്വേഷ’ (ഇഒഎസ്-എൻ1) ഉൾപ്പെടെയുള്ള 16 ഉപഗ്രഹങ്ങളുമായി ആണ് വിക്ഷേപണ വാഹനം കുതിച്ചുയർന്നത്. ഐഎസ്‌ആർഒയുടെ വിക്ഷേപണ വാഹനമായ പിഎസ്‌എൽവി (പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ) റോക്കറ്റിലാണ് വിക്ഷേപിച്ചത്. ഇന്ന് (ജനുവരി 12) ഇന്ത്യൻ സമയം രാവിലെ 10:18ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ ഒന്നാം വിക്ഷേപണ പാഡിൽ (FLP) വെച്ചായിരുന്നു വിക്ഷേപണം.

പിഎസ്എൽവിയുടെ 64-ാമത്തെ പറക്കലാണ് ഇത്. 63-ാമത്തെ പറക്കൽ പരാജയപ്പെട്ടെങ്കിലും PSLV-C62 ദൗത്യത്തിൽ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ഐഎസ്‌ആർഒയുടെ വിക്ഷേപണ വാഹനം. രണ്ട് സ്ട്രാപ്പ്-ഓൺ ബൂസ്റ്ററുകൾ ഘടിപ്പിച്ച പിഎസ്എൽവി-ഡിഎൽ വേരിയന്‍റ് ആണ് പിഎസ്‌എൽവി സി62 ദൗത്യത്തിൽ ഉപയോഗിച്ചിരിക്കുന്നത്. അഞ്ചാമത്തെ തവണയാണ് ഇത് വിക്ഷേപണത്തിന് ഉപയോഗിച്ചത്.

അന്വേഷയെക്കുറിച്ച്
ഡിആർഡിഒയുടെ നേതൃത്വത്തിൽ വികസിപ്പിച്ച അത്യാധുനിക ഭൗമനിരീക്ഷണ ഉപഗ്രഹമാണ് അന്വേഷ. കൃഷി, നഗര മാപ്പിങ്, പരിസ്ഥിതി നിരീക്ഷണം എന്നിവയിലുടനീളം ഇന്ത്യയുടെ റിമോട്ട് സെൻസിങ് കഴിവുകൾ വർധിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്‌ത ഭൗമ നിരീക്ഷണ ഉപഗ്രഹമാണ് ഇഒഎസ്-എൻ1 അഥവാ അന്വേഷ. പ്രാഥമിക പേലോഡ് അന്വേഷ ആണെങ്കിലും ഇതിനൊപ്പം വിവിധ രാജ്യങ്ങളിൽ നിന്നുള്ള പേലോഡുകളും വഹിച്ചാണ് ഉപഗ്രഹം വിക്ഷേപിച്ചത്.

പരാജയങ്ങളിൽ തളരാതെ പിഎസ്‌എൽവിയുടെ തിരിച്ചുവരവ്
2025 മെയ് 18ന് നടന്ന PSLV-C61 ദൗത്യത്തിലാണ് പിഎസ്‌എൽവി ഉപഗ്രഹത്തിന് തിരിച്ചടി നേരിട്ടത്. വിക്ഷേപണത്തിന് പിന്നാലെ മൂന്നാം ഘട്ടത്തിലുണ്ടായ അപ്രതീക്ഷിത പ്രശ്‌നങ്ങളാണ് പരാജയത്തിലേക്ക് നയിച്ചത്. രണ്ടാം ഘട്ടം വരെ PSLV-C61 പ്രകടനം സാധാരണമായിരുന്നു. ദൗത്യത്തിലുണ്ടായ തിരിച്ചടിക്ക് ശേഷം ഇതാദ്യമായാണ് പിഎസ്‌എൽവി ഉപഗ്രഹം വിക്ഷേപിച്ചത്.

ഒപ്പം മറ്റ് 16 പേലോഡും
അന്വേഷ ഉപഗ്രഹത്തിനൊപ്പം ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള 18 പേലോഡുകളുമായാണ് PSLV-C62 വിക്ഷേപിച്ചത്. ഒരു പ്രധാന മൾട്ടി-സാറ്റലൈറ്റ് വിന്യാസമായിരിക്കും ഇത്. മറ്റ് പേലോഡുകളിൽ ശ്രദ്ധേയമായത് ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയായ ഓർബിറ്റ് എയ്‌റോസ്‌പേസ് വികസിപ്പിച്ചെടുത്ത ആയുൾസാറ്റ് (AayulSAT) ആണ്. ഇത് ഇന്ത്യയുടെ ആദ്യത്തെ ഓൺ-ഓർബിറ്റ് ഇന്ധനം നിറയ്ക്കൽ ദൗത്യമായി കണക്കാക്കപ്പെടുന്നു. പുനരുപയോഗിക്കാവുന്നതും സുസ്ഥിരവുമായ ഉപഗ്രഹ പ്രവർത്തനങ്ങൾക്കുള്ള ഒരു പ്രധാന ചുവടുവയ്പ്പാണ് ഇത്.

ഹൈദരാബാദിലെ ടേക്‌മിടുസ്‌പേസ്, EON Space എന്നീ കമ്പനികൾ ചേർന്ന് MOI-1 എന്ന 14 കിലോഗ്രാം ഭാരമുള്ള ഒരു കോംപാക്റ്റ് ഉപഗ്രഹവും പിഎസ്‌എൽവി വിക്ഷേപണ വാഹനത്തിൽ വിക്ഷേപിച്ചു. കൃത്രിമബുദ്ധി ഡാറ്റ പ്രോസസ്സിങ് ഉപയോഗിച്ച് ഭൂമിയെ ചിത്രീകരിക്കാൻ കഴിവുള്ള ഉപഗ്രഹമാണിത്. മാത്രമല്ല, ഭ്രമണപഥത്തിൽ അടുത്ത തലമുറ എഡ്‌ജ് കമ്പ്യൂട്ടിങ് പ്രദർശിപ്പിക്കാനും സാധിക്കും.

കൂടാതെ ഒരു ഇന്തോ-മൗറീഷ്യസ് സംയുക്ത ഉപഗ്രഹവും (IMJS) ദൗത്യത്തിൽ കുതിച്ചുയരും. സ്പെയിനിൽ നിന്നുള്ള ഓർബിറ്റൽ പാരഡിഗത്തിന്‍റെ കെസ്ട്രൽ ഇനീഷ്യൽ ഡെമോൺസ്‌ട്രേറ്റർ (കെഐഡി) 25 കിലോഗ്രാം റീഎൻട്രി കാപ്‌സ്യൂളും പരീക്ഷിക്കും. ഇത് മൈക്രോഗ്രാവിറ്റി ഗവേഷണത്തിനും സാമ്പിൾ റിട്ടേൺ ദൗത്യങ്ങൾക്കുമായി കുറഞ്ഞ ചെലവിലുള്ള വീണ്ടെടുക്കൽ സംവിധാനങ്ങൾക്ക് വഴിയൊരുക്കും. പിഎസ്എൽവിയുടെ തിരിച്ചുവരവിനെ അടയാളപ്പെടുത്തുന്ന ദൗത്യമാണ് PSLV-C62.

2026ലെ ഇസ്രോയുടെ ആദ്യത്തെയും, ഇതുവരെയുള്ളതിൽ 101-ാമത്തെയും ഭ്രമണപഥ വിക്ഷേപണ ദൗത്യമാണിത്. ദൗത്യം വിജയകരമായി വിക്ഷേപിക്കാനായതോടെ ചെറുകിട, ഇടത്തരം ഉപഗ്രഹ വിന്യാസത്തിൽ ഇസ്രോയുടെ വിശ്വാസ്യത പി‌എസ്‌എൽ‌വി-സി 62 വീണ്ടെടുത്തിരിക്കുകയാണ്. മാത്രമല്ല, ഇന്ത്യയുടെ സ്വകാര്യ, അന്തർദേശീയ ബഹിരാകാശ സഹകരണങ്ങളുടെ വളർന്നുവരുന്ന ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുകയും ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here