എൽ.ടി.ടി.ഇ മേധാവി പ്രഭാകരന് ആദരമർപ്പിച്ച് വിജയ്;

0
56

തമിഴ്നാട് മുഖ്യമന്ത്രിയും ടി.വി.കെ മേധാവിയുമായ സി ജോസഫ് വിജയ് ശ്രീലങ്കൻ തമിഴർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു, 2009 മെയ് 18ന് ലിബറേഷൻ ടൈഗേഴ്സ് ഓഫ് തമിഴ് ഈഴം (LTTE) സ്ഥാപകനും ലോകത്തിലെ ഏറ്റവും ക്രൂരനായ ഗറില്ലാ നേതാക്കളിലൊരാളുമായ വേലുപ്പിള്ള പ്രഭാകരൻ ശ്രീലങ്കൻ സൈന്യത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട ശ്രീലങ്കയിലെ മുല്ലൈവൈക്കൽ എന്ന സ്ഥലത്തെ സ്മരിച്ച് കൊണ്ടായിരുന്നു വിജയിയുടെ പ്രതികരണം.

“മുല്ലൈവൈക്കലിന്റെ ഓർമകൾ ഞങ്ങൾ ഹൃദയങ്ങളിൽ വഹിക്കും! കടലിനക്കരെ താമസിക്കുന്ന ഞങ്ങളുടെ തമിഴ് ബന്ധുക്കളുടെ അവകാശങ്ങൾക്കായി ഞങ്ങൾ എപ്പോഴും ഐക്യദാർഢ്യത്തോടെ നിലകൊള്ളും!” എക്‌സിലെ ഒരു പോസ്റ്റിൽ വിജയ് കുറിച്ചു. ആഗോളതലത്തിൽ ശ്രീലങ്കൻ തമിഴ് ജനതയും ഇന്ത്യയിലെ ഒരു വിഭാഗം തമിഴരും മെയ് 18 മുല്ലൈവൈക്കൽ അനുസ്മരണ ദിനമായി ആചരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് തമിഴ്നാട് മുഖ്യമന്ത്രിയുടെ ഈ പരാമർശം.

2009-ൽ ശ്രീലങ്കൻ ആഭ്യന്തര യുദ്ധത്തിന്റെ അവസാന ഘട്ടത്തെ അടയാളപ്പെടുത്തുന്ന ഈ ദിനം തമിഴ് വംശഹത്യ ഓർമ്മ ദിനം എന്നും അറിയപ്പെടുന്നു. 26 വർഷം നീണ്ടുനിന്ന ആഭ്യന്തര യുദ്ധത്തിന്റെ അവസാന ഘട്ടത്തിൽ മുല്ലൈവൈക്കൽ എന്ന തീരദേശ ഗ്രാമത്തിൽ കൊല്ലപ്പെട്ടതോ, പരിക്കേറ്റതോ, കാണാതായതോ ആയ പതിനായിരക്കണക്കിന് തമിഴ് സിവിലിയന്മാരെ അനുസ്മരിക്കുന്ന ദിവസമാണിത്.

1991-ൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ കൊലപാതകത്തിൽ പങ്കുണ്ടെന്ന കാരണത്താൽ എൽടിടിഇ ഇന്ത്യയിൽ ഇപ്പോഴും നിരോധിത സംഘടനയായി തുടരുകയാണ്. ഈ വധക്കേസിൽ എൽ.ടി.ടി.ഇ മേധാവിയായിരുന്നു പ്രധാന പ്രതി.

വേലുപ്പിള്ള പ്രഭാകരന്റെ പോരാട്ടം

ശ്രീലങ്കൻ തമിഴർ വിവേചനം നേരിടുന്നുവെന്ന് ആരോപിച്ച് പ്രത്യേക മാതൃരാജ്യം വേണമെന്ന ആവശ്യത്തോടെ ആരംഭിച്ച ശ്രീലങ്കയിലെ ആഭ്യന്തര പ്രശ്നം, പിന്നീട് മൂന്നു പതിറ്റാണ്ടോളം നീണ്ടുനിന്ന വംശീയ സംഘർഷമായി മാറുകയായിരുന്നു. തമിഴ്‌നാട്ടിലെ രാഷ്ട്രീയ പാർട്ടികളുടെ തമിഴ് അനുകൂല പ്രചാരണങ്ങളിൽ വേലുപ്പിള്ള പ്രഭാകരന്റെ പോരാട്ടം പലപ്പോഴും സ്വാധീനം ചെലുത്തിയിട്ടുണ്ട്. എങ്കിലും 1991-ൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധിക്കപ്പെട്ടതിന് ശേഷം ഡി.എം.കെ, എ.ഐ.എ.ഡി.എം.കെ തുടങ്ങിയ മുഖ്യധാരാ ദ്രാവിഡ പാർട്ടികൾ ഈ വിഷയത്തെ വളരെ ജാഗ്രതയോടെയാണ് സമീപിച്ചിരുന്നത്.

എന്നാൽ, വിജയിയുടെ ടി.വികെ ഉൾപ്പെടെയുള്ള പുതിയ പാർട്ടികൾ ‘തമിഴ് ഫസ്റ്റ്’ (തമിഴർക്ക് പ്രഥമ പരിഗണന) എന്ന സ്വത്വം ഉയർത്തിക്കാട്ടാൻ മുൻപും പ്രഭാകരന്റെ പേര് പരാമർശിച്ചിട്ടുണ്ട്. എൽ.ടി.ടി.ഇ അനുകൂല നിലപാടിന് പേരുകേട്ട, ഡി.എം.കെയിലെ സഖ്യകക്ഷിയായിരുന്ന വിടുതലൈ ചിരുതൈഗൽ കക്ഷി (VCK) പുറത്തുനിന്ന് നൽകുന്ന പിന്തുണയോടെയാണ് വിജയിയുടെ നേതൃത്വത്തിൽ സർക്കാർ തമിഴ്നാട് ഭരിക്കുന്നത്.

തമിഴ്‌നാട് രാഷ്ട്രീയത്തിലെ LTTE സ്വാധീനം

തമിഴ്‌നാട് തിരഞ്ഞെടുപ്പിന് മുന്നോടിയായി, ശ്രീലങ്കൻ തമിഴരെ ‘മാതൃതുല്യമായ സ്നേഹം’ ചൊരിയുന്ന ഒരു ‘അമ്മ’യോട് ഉപമിച്ച് വിജയ് വിവാദത്തിന് തിരികൊളുത്തിയിരുന്നു. സമീപകാല നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ശ്രീലങ്കൻ തമിഴ് വിഷയം ഒരു പ്രധാന രാഷ്ട്രീയ ചർച്ചയായി ഉയർന്ന് വന്നില്ലെങ്കിലും, പ്രഭാകരന് ആദരമർപ്പിക്കാനുള്ള അവസരം വിജയ് കളഞ്ഞില്ല.

2025 സെപ്റ്റംബറിൽ നാഗപട്ടണം ജില്ലയിൽ നടന്ന പരിപാടിയിൽ വിജയ് പറഞ്ഞത് വാർത്തയായിരുന്നു. “നമ്മുടെ പൊക്കിൾക്കൊടി ബന്ധമുള്ള ഈഴം തമിഴർ, അവർ ശ്രീലങ്കയിലായാലും ലോകത്ത് എവിടെയായാലും, തങ്ങൾക്ക് അമ്മയുടെ വാത്സല്യം നൽകിയ ഒരു നേതാവിനെ നഷ്ടപ്പെട്ടതിന് ശേഷം ദുരിതമനുഭവിക്കുകയാണ്,” അദ്ദേഹം പറഞ്ഞു. അവർക്കായി ശബ്ദമുയർത്തേണ്ടത് നമ്മുടെ കടമയാണെന്നും വിജയ് കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here