ഇറാൻ-യുഎസ് നിര്‍ണായക ആണവ ചർച്ച നാളെ;

0
22

ഇറാൻ-യുഎസ് ആണവ ചർച്ച നാളെ ഒമാനിൽ… ആണാവകേന്ദ്രം വികസിക്കാനുള്ള ഇറാൻ പദ്ധതി തടയുമെന്നാണ് ട്രംപിൻ്റെ മുന്നറിയിപ്പ്

ദുബായ്: ഇറാനും യുഎസും തമ്മിലുള്ള ആണവ ചർച്ച നാളെ (ഫെബ്രുവരി 6) ഒമാനിൽ വച്ച് നടക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം വർധിച്ച സാഹചര്യത്തിലാണ് ഈ തീരുമാനം. നേരത്തെ തുർക്കിയിൽ വച്ച് ചർച്ചകൾ നടക്കുമെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ ഒമാനിൽ വച്ച് ചർച്ച മതിയെന്ന് പിന്നീട് തീരുമാനിക്കുകയായിരുന്നു. അതേസമയം ചർച്ചക്ക് മുന്നോടിയായി ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് മുന്നറിയിപ്പുമായി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി.

ആണാവകേന്ദ്രം വികസിക്കാനുള്ള ഇറാൻ പദ്ധതി തടയുമെന്നാണ് ട്രംപിൻ്റെ മുന്നറിയിപ്പ്. ആണവ ചർച്ചകൾ വിജയിക്കുമോ എന്ന കാര്യത്തിൽ സംശയമുണ്ടെന്നും മേഖലയിലെ അറബ് നേതാക്കളോടുള്ള ബഹുമാനം കണക്കിലെടുത്താണ് ചർച്ചയുമായി മുന്നോട്ട് പോകുന്നതെന്നുമാണ് വൈറ്റ് ഹൗസ് വൃത്തങ്ങൾ നൽകുന്ന സൂചന.

അതേസമയം, ചർച്ചകൾക്ക് പിന്നാലെ ഇറാനുമായി കരാറിലേർപ്പെടുമെന്ന് ട്രംപ് പറഞ്ഞു. ഇസ്‌ലാമിക് റിപ്പബ്ലിക്കിനെതിരായ ഏതൊരു അമേരിക്കൻ ആക്രമണവും ഒരു പ്രാദേശിക യുദ്ധത്തിന് കാരണമാകുമെന്ന് ഇറാൻ്റെ പരമോന്നത നേതാവ് മുന്നറിയിപ്പ് നൽകിയതിനെത്തുടര്‍ന്നാണ് ട്രംപിൻ്റെ പ്രഖ്യാപനം.

കഴിഞ്ഞ വർഷം അമേരിക്ക ഇറാനിയൻ ആണവ കേന്ദ്രങ്ങളിൽ നടത്തിയ ആക്രമണങ്ങൾക്ക് ശേഷം പരസ്‌പരം വെടിനിർത്തൽ കരാർ നിലവിലുണ്ടെങ്കിലും അത് ദുർബലമാണ്. കഴിഞ്ഞ വർഷം ട്രംപ് വീണ്ടും അമേരിക്കൻ പ്രസിഡൻ്റ് ആയതോടുകൂടിയാണ് ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷങ്ങൾ വീണ്ടും ആരംഭിച്ചത്.

ആണവകരാറിലേക്ക് തിരിച്ചെത്തണമെന്ന അമേരിക്കയുടെ ആവശ്യം ഇറാൻ തള്ളിയതോടെയാണ് അമേരിക്ക ഇറാന് മേൽ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തിയത്. 2025 ഏപ്രിലിൽ നേരിട്ടുള്ള ചർച്ചകൾ ആരംഭിച്ചെങ്കിലും ഇതിന് ഫലമുണ്ടായില്ല.

ഇറാൻ ആണവായുധം വികസിപ്പിക്കാനുള്ള സാധ്യതയുണ്ടെന്ന ആണവ ഏജൻസിയുടെ കണ്ടെത്തലിനെ തുടർന്ന് ഇസ്രയേലും ഇറാനും തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇതിൽ അമേരിക്കയും ഉൾപ്പെട്ടിരുന്നു. ഇറാനും ഇസ്രയേലും തമ്മിൽ നടന്ന യുദ്ധത്തിനിടയിൽ അമേരിക്ക ഇറാൻ്റെ പ്രധാനപ്പെട്ട മൂന്ന് കേന്ദ്രങ്ങളിൽ ബോംബാക്രമണം നടത്തി.

ഇതിന് പകരമായി ഖത്തറിലെ അമേരിക്കൻ വ്യോമതാവളത്തിൽ ഇറാനും ആക്രമിച്ചു. ഇതിനുപിന്നാലെ ട്രംപ് വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ഡിസംബറിൽ ഇറാനിലുണ്ടായ ജനകീയ പ്രക്ഷോഭമാണ് പുതിയ പ്രശ്‌നങ്ങൾക്ക് കാരണമായത്.

പണപ്പെരുപ്പം, കറൻസിയുടെ മൂല്യത്തകർച്ച എന്നീ സാമ്പത്തിക പ്രതിസന്ധികൾ ജനങ്ങൾ തെരുവിലിറങ്ങി പ്രതിഷേധിക്കുന്നതിന് കാരണമായി. വിദ്യാർഥികളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതെ തുടർന്ന് രാജ്യത്ത് പൊലീസ് ജനക്കൂട്ടത്തിന് നേരെ വെടിയുതിർത്തത് വൻ പ്രതിഷേധത്തിന് വഴിയൊരുക്കി. അമേരിക്കയാണ് ജനകീയ പ്രതിഷേധത്തിന് കാരണമെന്നായിരുന്നു ഇറാൻ ആരോപിച്ചത്. എന്നാൽ, പ്രതിഷേധിക്കുന്നവരെ കൊലപ്പെടുത്തിയാൽ അമേരിക്ക അവരുടെ രക്ഷക്കെത്തുമെന്ന് ട്രംപ് പ്രതികരിച്ചു. ആണവ വിഷയങ്ങളിൽ ഇളവുകൾക്കായി സമ്മർദം ചെലുത്തുകയാണ് അമേരിക്കയുടെ ലക്ഷ്യം. ഏറ്റമുട്ടൽ ഒഴിവാക്കാൻ ഇറാനിയൻ ഉദ്യോഗസ്ഥരും ചർച്ചക്കുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here