തിരുവനന്തപുരം: കേരളത്തിലെ പ്ലസ് വൺ (ഹയർ സെക്കൻഡറി) പ്രവേശനത്തിനായുള്ള ഒന്നാം സപ്ലിമെൻ്ററി അലോട്ട്‌മെന്റ് നടപടികൾ ആരംഭിച്ചു. പ്രധാന അലോട്ട്‌മെൻ്റ് ഘട്ടങ്ങളിൽ അപേക്ഷിച്ചിട്ടും സീറ്റ് ലഭിക്കാത്തവർക്കും, വിവിധ കാരണങ്ങളാൽ ഇതുവരെ അപേക്ഷിക്കാൻ കഴിയാത്തവർക്കും ഈ ഘട്ടത്തിൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.
ജൂലൈ 13-ാം തീയതി രാവിലെ 10 മണി മുതൽ അപേക്ഷകൾ സ്വീകരിച്ചു തുടങ്ങും. സപ്ലിമെൻ്ററി അലോട്ട്‌മെൻ്റിലേക്കുള്ള സ്‌കൂൾ തിരിച്ചുള്ള ഒഴിവുകളുടെ വിവരങ്ങളും ഔദ്യോഗിക വിജ്ഞാപനവും പൊതുവിദ്യാഭ്യാസ വകുപ്പ് HSCAP പോർട്ടലിൽ (https://hscap.kerala.gov.in) പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ട്രയൽ അലോട്ട്മെൻ്റ് പ്രസിദ്ധീകരിച്ച ശേഷവും എല്ലാ അപേക്ഷകരും അപേക്ഷാവിവരങ്ങൾ പരിശോധിക്കണമെന്നും ഓപ്ഷനുകൾ ഉൾപ്പടെ അപേക്ഷയിലെ ലോഗിൻ വിവരങ്ങൾ ഒഴികെയുള്ള ഏതുവിവരവും തിരുത്തൽ വരുത്തുന്നതിന് സമയം അനുവദിച്ചിരുന്നുവെങ്കിലും പ്രസ്തുത അവസരങ്ങളൊന്നും പ്രയോജനപ്പെടുത്താതിരുന്നതിനാൽ തെറ്റായ വിവരങ്ങൾ അപേക്ഷയിൽ ഉൾപ്പെട്ടതിനാൽ അലോട്ട്മെൻ്റ് ലഭിച്ചിട്ടും പ്രവേശനം നിരാകരിക്കപ്പെട്ടവർക്കും സപ്ലിമെൻ്ററി അലോട്ട്മെൻ്റിൽ പരിഗണിക്കുന്നതിനായി അപേക്ഷ പുതുക്കുന്നതിനുള്ള സൗകര്യം അനുവദിച്ചിട്ടുണ്ടെന്ന് ജോയിൻ്റ് ഡയറക്ടർ (അക്കാദമിക്) അറിയിച്ചു.
ആർക്കൊക്കെ അപേക്ഷിക്കാൻ കഴിയില്ല?
എല്ലാവർക്കും ഈ ഘട്ടത്തിൽ അപേക്ഷിക്കാൻ സാധിക്കില്ല. താഴെ പറയുന്ന വിഭാഗങ്ങളിൽ പെടുന്ന വിദ്യാർത്ഥികളെ സപ്ലിമെൻ്ററി അലോട്ട്‌മെൻ്റിൽ പരിഗണിക്കുന്നതല്ല..
- നിലവിൽ ഏതെങ്കിലും ക്വാട്ടയിൽ (മെറിറ്റ്/മാനേജ്‌മെൻ്റ്/കമ്മ്യൂണിറ്റി) പ്ലസ് വൺ പ്രവേശനം നേടിക്കഴിഞ്ഞവർ.
- മുൻപ് അലോട്ട്‌മെൻ്റ് ലഭിച്ചിട്ടും നിശ്ചിത സമയത്തിനുള്ളിൽ സ്‌കൂളിൽ പ്രവേശനത്തിന് ഹാജരാകാത്തവർ.
- പ്രവേശനം നേടിയ ശേഷം ഏതെങ്കിലും കാരണത്താൽ അത് റദ്ദാക്കിയവർ.
- പ്രവേശനം നേടിയ ശേഷം വിടുതൽ സർട്ടിഫിക്കറ്റ് (TC) വാങ്ങിയവർ.
എം.ആർ.എസ് സപ്ലിമെൻ്ററി അലോട്ട്‌മെൻ്റും ഒപ്പം
ജനറൽ മെറിറ്റ് ക്വാട്ടയിലെ സപ്ലിമെൻ്ററി അലോട്ട്‌മെൻ്റിനോടൊപ്പം തന്നെ മോഡൽ റസിഡെൻഷ്യൽ സ്‌കൂളുകളിലേയ്ക്കുള്ള (MRS) സപ്ലിമെൻ്ററി അലോട്ട്‌മെന്റിനും വിദ്യാർത്ഥികൾക്ക് ഇപ്പോൾ അപേക്ഷിക്കാവുന്നതാണ്. ഇത് സംബന്ധിച്ചുള്ള കൂടുതൽ നിർദ്ദേശങ്ങൾ വെബ്‌സൈറ്റിലെ സർക്കുലറുകളിൽ ലഭ്യമാണ്.
സ്‌കൂളുകളിൽ ഹെൽപ് ഡെസ്‌കുകൾ ലഭ്യമാണ്
ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനും ഓപ്ഷനുകൾ പുതുക്കി നൽകുന്നതിനും വിദ്യാർത്ഥികൾക്ക് ആവശ്യമായ സാങ്കേതിക സഹായങ്ങളും മാർഗനിർദേശങ്ങളും നൽകാൻ എല്ലാ ഹൈസ്‌കൂൾ/ഹയർ സെക്കൻഡറി സ്‌കൂളുകളിലും ഹെൽപ് ഡെസ്‌കുകൾ സജ്ജീകരിച്ചിട്ടുണ്ട്. അപേക്ഷകർക്ക് സംശയ നിവാരണത്തിനായി ഈ സൗകര്യം പ്രയോജനപ്പെടുത്താമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ജോയിൻ്റ് ഡയറക്ടർ (അക്കാദമിക്) അറിയിച്ചു.
വൊക്കേഷണൽ ഹയർസെക്കണ്ടറി: സപ്ലിമെൻ്ററി പ്രവേശനത്തിന് അപേക്ഷിക്കാം
ഹയർ സെക്കണ്ടറി (വൊക്കേഷണൽ) മുഖ്യ അലോട്ട്‌മെൻ്റfൽ അപേക്ഷിച്ചിട്ടും അലോട്ട്‌മെൻ്റ് ലഭിക്കാതിരുന്നവർക്കും ഇതുവരെയും അപേക്ഷ നൽകാൻ കഴിയാതിരുന്നവർക്കും സപ്ലിമെൻ്ററി അലോട്ട്‌മെൻ്റfന് ജൂലൈ 15 വൈകുന്നേരം 5 വരെ അപേക്ഷിക്കാം.
മുഖ്യ ഘട്ടത്തിൽ അലോട്ട്‌മെൻ്റ് ലഭിച്ചിട്ട് പ്രവേശനത്തിന് ഹാജരാകാത്തവർക്കും ഈ ഘട്ടത്തിൽ വീണ്ടും അപേക്ഷിക്കാം. തെറ്റായ വിവരങ്ങൾ അപേക്ഷയിൽ ഉൾപ്പെട്ടതിനാൽ അലോട്ട്മെൻ്റ് ലഭിച്ചിട്ടും പ്രവേശനം നിരാകരിക്കപ്പെട്ടവർക്കും സപ്ലിമെൻ്ററി അലോട്ട്‌മെൻ്റfന് പരിഗണിക്കുന്നതിനായി അപേക്ഷ പുതുക്കുന്നതിനുള്ള സൗകര്യം അനുവദിച്ചിട്ടുണ്ട്.
ഹയർസെക്കൻ്ററി തലത്തിലെ NSQF അധിഷ്ഠിതമായ 41 കോഴ്‌സുകളിലേക്കാണ് പ്രവേശനം നടക്കുന്നത്. അപേക്ഷ നൽകുന്നതിന് പത്താംതരം പഠിച്ച സ്‌കൂളിലെയോ, തൊട്ടടുത്ത സർക്കാർ/ എയ്ഡഡ് ഹയർസെക്കണ്ടറി (വൊക്കേഷണൽ) സ്‌കൂളുകളിലെയോ കമ്പ്യൂട്ടർ ലാബ് സൗകര്യവും അധ്യാ പകരുടെ സഹായവും പ്രയോജനപ്പെടുത്താം.
https://admission.vhseportal.kerala.gov.in എന്ന അഡ്മിഷൻ വെബ് സൈറ്റിൽ Candidate Login നിർമിച്ച ശേഷം ലോഗിൻ ചെയ്ത് അപേക്ഷാ സമർപ്പണം പൂർത്തിയാക്കാം. മുഖ്യഘട്ട അലോട്ട്‌മെൻ്റിൽ അപേക്ഷിച്ച കുട്ടികൾ അപേക്ഷ പുതുക്കുന്നതിനായി ക്യാൻഡിഡേറ്റ് ലോഗിനിലെ ‘APPLICATION’ എന്ന ലിങ്കിലൂടെ അപേക്ഷയിൽ എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടെങ്കിൽ അവ വരുത്തി പുതിയ ഓപ്ഷനുകൾ നൽകി അപേക്ഷ സമർപ്പിക്കണം.







