രഞ്ജി ട്രോഫിയിൽ കേരളത്തിനു ഇന്ന് നിര്‍ണായകം;

0
26

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ കേരളം ഇന്ന് ചണ്ഡിഗഢിനെ നേരിടും. തിരുവനന്തപുരത്തെ മംഗലപുരം കെസിഎ സ്റ്റേഡിയത്തിലാണ് മത്സരം. വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് അസറുദ്ദീന്‍റെ നേതൃത്വത്തിലാണ് കേരളം കളിക്കാനിറങ്ങുക.

സച്ചിൻ ബേബി, രോഹൻ കുന്നുമ്മൽ, സൽമാൻ നിസാർ, വിഷ്ണു വിനോദ്, നിധീഷ് എം.ഡി തുടങ്ങിയവരടങ്ങുന്ന കരുത്തുറ്റ നിരയുമായാണ് കേരളം ഇന്നിറങ്ങുക. കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ നിന്ന് നാല് സമനിലകൾ മാത്രമുള്ള കേരളത്തെ സംബന്ധിച്ച് ടൂർണമെന്‍റില്‍ ഇനിയുള്ള മത്സരങ്ങൾ നിർണ്ണായകമാണ്.

വിജയം മാത്രം ലക്ഷ്യമിട്ടാകും കേരളം കളിക്കാനിറങ്ങുക. കഴിഞ്ഞ മത്സരത്തിലെ ടീമിൽ നിന്ന് രണ്ട് മാറ്റങ്ങള്‍ കേരളം വരുത്തിയിട്ടുണ്ട്. അഹമ്മദ് ഇമ്രാൻ, അഭിജിത് പ്രവീൺ എന്നിവർക്ക് പകരം അഭിഷേക് പി. നായരെയും വി. അജിത്തിനെയും ടീമിൽ ഉൾപ്പെടുത്തി. മറുവശത്ത് മനൻ വോറയടക്കമുള്ള പരിചയസമ്പന്നരടങ്ങുന്ന ടീമാണ് ചണ്ഡിഗഢിന്‍റേത്. നിലവിൽ പോയിന്‍റ് പട്ടികയിൽ ഗ്രൂപ്പിൽ അവസാന സ്ഥാനത്താണ് അവർ. ഈ സീസണിലെ പ്രാഥമിക റൗണ്ടിൽ കേരളത്തിന്‍റെ അവസാന ഹോം മത്സരം കൂടിയാണിത്. ഇതിനുശേഷം ഗോവയ്‌ക്കെതിരെയുള്ള മത്സരം ഗോവയുടെ തട്ടകത്തിലാണ് നടക്കുക.

കഴിഞ്ഞ തവണ മധ്യ പ്രദേശിനെതിരേ ജയിക്കാവുന്ന കളിയും സമനിലയിലാണ് അവസാനിച്ചത്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരു പോലെ ആധിപത്യം പുലർത്തിയ കേരളത്തിനെതിരെ കഷ്ടിച്ച് തോൽവിയിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു മധ്യപ്രദേശ്. മൂന്നാം ദിവസം 315 റൺസ് ലീഡ് സ്വന്തമാക്കിയ കേരളം, അവസാനത്തെ ദിവസം ഡിക്ലറേഷൻ വൈകിച്ചതാണ് മധ്യ പ്രദേശിനെ തോൽവിയിൽ നിന്നു രക്ഷിച്ചത്. 404 റൺസ് പിന്തുടർന്ന് മധ്യപ്രദേശ് എട്ട് വിക്കറ്റിന് 167 റൺസെടുത്ത് നില്‍ക്കെ കളി അവസാനിക്കുകയായിരുന്നു. നേരത്തെ അഞ്ച് വിക്കറ്റിന് 314 റൺസെന്ന നിലയിൽ കേരളം രണ്ടാം ഇന്നിങ്സ് ഡിക്ലയർ ചെയ്‌തിരുന്നു.

കേരള ടീം: മുഹമ്മദ് അസറുദ്ദീൻ (വിക്കറ്റ് കീപ്പർ), അഭിഷേക് ജെ. നായർ, രോഹൻ എസ്. കുന്നുമ്മൽ, സച്ചിൻ ബേബി, ആകർഷ് എ. കൃഷ്‌ണമൂർത്തി, സൽമാൻ നിസാർ, ബാബ അപരാജിത്, അജിത് വി., അഭിഷേക് പി. നായർ, നിധീഷ് എം.ഡി, ഏദൻ ആപ്പിൾ ടോം, ആസിഫ് കെ.എം., അങ്കിത് ശർമ്മ, ശ്രീഹരി എസ്. നായർ, വിഷ്‌ണു വിനോദ് (വിക്കറ്റ് കീപ്പർ).

LEAVE A REPLY

Please enter your comment!
Please enter your name here