മമ്മൂട്ടിയുടെ ഭ്രമയുഗം ഓസ്‌കര്‍ അക്കാദമിയില്‍ പ്രദര്‍ശിപ്പിക്കും;

0
32

മമ്മൂട്ടി-രാഹുല്‍ സദാശിവം കൂട്ടുക്കെട്ടില്‍ ഒരുങ്ങിയ ഭ്രമയുഗം ലോസ് അഞ്ചല്‍സിലെ ഓസ്‌കര്‍ അക്കാദമി മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കും. അക്കാദമി മ്യൂസിയത്തിന്‍റെ “വെയര്‍ ദി ഫോറസ്‌റ്റ് മീറ്റ്‌സ് ദി സീ” എന്ന വിഭാഗത്തിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുക.

കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നേട്ടത്തിന് പിന്നാലെ രാജ്യാന്തര വേദിയിലും അംഗീകാരം നേടാനൊരുങ്ങി മമ്മൂട്ടിയുടെ ‘ഭ്രമയുഗം’. ലോസ് അഞ്ചല്‍സിലെ ഓസ്‌കര്‍ അക്കാദമി മ്യൂസിയത്തില്‍ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ ഒരുങ്ങുകയാണ്.

അക്കാദമി മ്യൂസിയത്തിന്‍റെ “വെയര്‍ ദി ഫോറസ്‌റ്റ് മീറ്റ്‌സ് ദി സീ” എന്ന വിഭാഗത്തിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുക. ഈ വിഭാഗത്തില്‍ പ്രവേശനം ലഭിച്ച ഏക ഇന്ത്യന്‍ ചിത്രം കൂടിയാണ് ‘ഭ്രമയുഗം’. 2026 ഫെബ്രുവരി 12നാകും ചിത്രം പ്രദര്‍ശിപ്പിക്കുക.

കഴിഞ്ഞ ദിവസം ‘ഭ്രമയുഗം’ നിര്‍മ്മാതാവ് ചക്രവര്‍ത്തി രാമചന്ദ്രന്‍ സിനിമയുടെ ഒരു വമ്പന്‍ അപ്‌ഡേറ്റ് ഇന്ന് രാത്രി എത്തുമെന്ന് എക്‌സിലൂടെ അറിയിച്ചിരുന്നു. എന്നാല്‍ ഇതിന് മറുപടിയുമായി സംവിധായകന്‍ രാഹുല്‍ സദാശിവം എത്തിയിരുന്നു. ഇത് ചതിയാണെന്നും രാത്രി 10.30ന് പുറത്തുവിടാന്‍ ഇരുന്ന കാര്യമല്ലേ സര്‍ എന്നും രാഹുല്‍ പറഞ്ഞു. തനിക്ക് അതുവരെ കാത്തിരിക്കാനുള്ള ക്ഷമ ലഭിച്ചില്ലെന്നാണ് നിര്‍മ്മാതാവ് ഇതിന് മറുപടി നല്‍കിയത്.

മമ്മൂട്ടിയും ഇക്കാര്യം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. ‘ഭ്രമയുഗ’ത്തിന്‍റെ പോസ്‌റ്ററിനൊപ്പമാണ് മമ്മൂട്ടി ഇക്കാര്യം ഫേസ്‌ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്. “2026 ഫെബ്രുവരി 12ന് ലോസ് അഞ്ചല്‍സിലെ അക്കാദമി മ്യൂസിയത്തില്‍ ഭ്രമയുഗം പ്രദര്‍ശിപ്പിക്കും. രാഹുല്‍ സദാശിവന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച് നൈറ്റ് ഷിഫ്‌റ്റ് സ്‌റ്റുഡിയോസും വൈ നോട്ട് സ്‌റ്റുഡിയോസും ചേര്‍ന്ന് നിര്‍മ്മിച്ച ഭ്രമയുഗം (2024) ലോസ് അഞ്ചല്‍സിലെ അക്കാദമി മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കും. ജനുവരി 10 മുതല്‍ ഫെബ്രുവരി 12 വരെയാണ് അക്കാദമി മ്യൂസിയത്തിന്‍റെ “വെയര്‍ ദി ഫോറസ്‌റ്റ് മീറ്റ്‌സ് ദി സീ” സീരീസ്” -ഇപ്രകാരമാണ് മമ്മൂട്ടി ഫേസ്‌ബുക്കില്‍ കുറിച്ചത്.

‘ഭ്രമയുഗ’ത്തിന് നാല് പുരസ്‌കാരങ്ങളാണ് ഇക്കുറി കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ ലഭിച്ചത്. ചിത്രത്തിലെ മികവുറ്റ പ്രകടനത്തിന് മെഗാസ്‌റ്റാര്‍ മമ്മൂട്ടിക്കാണ് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചത്. മമ്മൂട്ടിയുടെ ഏഴാമത്തെ സംസ്ഥാന പുരസ്‌കാരം കൂടിയായിരുന്നു ഇത്. കൊടുമണ്‍ പോറ്റി, ചാത്തന്‍ എന്നീ കഥാപാത്രങ്ങളെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ചത്. തിയേറ്ററുകളില്‍ മികച്ച സ്വീകാര്യത ലഭിച്ച ചിത്രത്തിന് ബോക്‌സ് ഓഫീസിലും മികച്ച കളക്ഷന്‍ നേടിയിരുന്നു.

വേഷങ്ങൾ ചെയ്യുമ്പോൾ താന്‍ അവാർഡ് പ്രതീക്ഷിക്കാറില്ലെന്നും അതെല്ലാം സംഭവിച്ച് പോകുന്നതാണെന്നാണ് പുരസ്‌കാര പ്രഖ്യാപനത്തിന് ശേഷം മമ്മൂട്ടി മാധ്യമങ്ങളോട് പ്രതികരിച്ചത്. “ഭ്രമയുഗത്തിലെ കഥയും കഥാപാത്രവും വളരെ വ്യത്യസ്‌തമായിരുന്നു. എൻ്റെ അഭിനയ ജീവിതം ഒരു യാത്രയാണ്, കൂടെ നടക്കാൻ ഒത്തിരി പേർ ഉണ്ടാകും, എല്ലാവരെയും ഒപ്പം കൂട്ടണം”, മമ്മൂട്ടി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here