ആദ്യ മത്സരത്തിൽ പാകിസ്ഥാനോട് തോൽവി വഴങ്ങിയ ദക്ഷിണാഫ്രിക്ക രണ്ടാം ഏകദിനത്തിലെ ജയത്തോടെ പരമ്പര സമനിലയിലാക്കി.
പാകിസ്ഥാനെതിരായ രണ്ടാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്ക എട്ട് വിക്കറ്റിന്‍റെ വിജയം സ്വന്തമാക്കി. ഫൈസലാബാദിലെ ഇക്ബാൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തില്‍ പുറത്താകാതെ 123 റൺസെടുത്ത ക്വിന്‍റൺ ഡി കോക്കിന്‍റെ സെഞ്ചുറി ബലത്തിലാണ് പ്രോട്ടീസിന്‍റെ ജയം. വിരമിക്കൽ പിൻവലിച്ച് അന്താരാഷ്ട്ര ക്രിക്കറ്റിൽ മടങ്ങിയെത്തിയ ഡി കോക്ക് ആദ്യ മത്സരത്തിൽ അർധ സെഞ്ച്വറി നേടിയിരുന്നു. ഇതിനുപിന്നാലെയാണ് രണ്ടാം മത്സരത്തിൽ താരം സെഞ്ചുറിയും കുറിച്ചിരിക്കുന്നത്. മൂന്ന് മത്സര പരമ്പരയിലെ ആദ്യ മത്സരത്തിൽ പാകിസ്ഥാനോട് രണ്ട് വിക്കറ്റിന് തോൽവി വഴങ്ങിയ ദക്ഷിണാഫ്രിക്ക രണ്ടാം ഏകദിനത്തിലെ ജയത്തോടെ പരമ്പര സമനിലയിലാക്കി.
മത്സരത്തിൽ ടോസ് നേടിയ പാകിസ്ഥാന്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 269 റൺസെന്ന സ്കോറാണ് അവര്‍ നേടിയത്. സൽമാൻ ആഗ (69), മുഹമ്മദ് നവാസ് (59) എന്നിവർ അർധസെഞ്ച്വറി നേടി ഭേദപ്പെട്ട നിലയില്‍ പൊരുതി. എന്നാൽ മറ്റ് ബാറ്റര്‍മാര്‍ക്കൊന്നും തിളങ്ങാനായില്ല. ആദ്യ അഞ്ച് ഓവറുകളിൽ ഫഖർ സമാന്‍ (0), ബാബർ അസം (11), മുഹമ്മദ് റിസ്വാൻ (നാല്) എന്നിവരെ പുറത്താക്കി പാകിസ്ഥാനെ 22-3 എന്ന നിലയിലേക്ക് എത്തിച്ചു.
ദക്ഷിണാഫ്രിക്കയ്ക്കായി നാൻഡ്രെ ബർഗർ നാല് വിക്കറ്റുകളും നക്ബയോംസി പീറ്റർ മൂന്ന് വിക്കറ്റുകളും വീഴ്ത്തി. 270 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്കൻ ടീമിന് 40.1 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം പൂർത്തിയാക്കി. ഓപണർമാരായ ലുവൻ-ഡ്രെ പ്രിട്ടോറിയസും ഡികോക്കും ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച തുടക്കമാണ് നൽകിയത്. ഡി കോക്കിനെ കൂടാതെ ടോണി ഡി സോർസി 76 റൺസ് നേടി.
ഡി കോക്ക് ചരിത്രം സൃഷ്ടിച്ചു
123 റൺസ് നേടി പുറത്താകാതെ നിന്ന ഡി കോക്ക് ലോക റെക്കോർഡ് സ്വന്തമാക്കി. ഏകദിനത്തിൽ 22-ാം സെഞ്ച്വറിയും ഏഷ്യയിൽ ഒമ്പതാം സെഞ്ച്വറിയുമാണ് താരം നേടിയത്. കൂടാതെ ഏഷ്യയിൽ ഏറ്റവും കൂടുതൽ സെഞ്ച്വറികൾ നേടുന്ന വിസിറ്റിംഗ് ഓപ്പണറായി ഡി കോക്ക് മാറുകയും ക്രിസ് ഗെയ്‌ലിനെ (8) മറികടക്കുകയും ചെയ്‌തു. ആറ് സെഞ്ച്വറികൾ വീതമുള്ള ന്യൂസിലൻഡിന്‍റെ നഥാൻ ആസ്റ്റലും വെസ്റ്റ് ഇൻഡീസിന്‍റെ ഷായ് ഹോപ്പും പട്ടികയിൽ മൂന്നും നാലും സ്ഥാനങ്ങളിൽ തുടരുന്നു. മുൻ ദക്ഷിണാഫ്രിക്കൻ ബാറ്റര്‍ ഗാരി കിർസ്റ്റൺ അഞ്ച് സെഞ്ച്വറികൾ നേടിയിട്ടുണ്ട്.




