ഇന്ത്യയുടെ വളര്‍ച്ചയില്‍ ഗുജറാത്തിന് മുഖ്യ പങ്ക്’;

0
36

ഇന്ത്യയുടെ വളര്‍ച്ചയില്‍ ഗുജറാത്തിന് നല്ല പങ്കുണ്ടെന്ന് പ്രധാനമന്ത്രി. വൈബ്രൻ്റ് ഗുജറാത്ത് റീജിയണൽ ഉച്ചകോടി ഉദ്‌ഘാടനം ചെയ്‌തു. ഉച്ചകോടി ഇന്ത്യയുടെ ആധുനിക യാത്രയുടെ പ്രതിഫലനമെന്ന് മോദി.

ഗാന്ധിനഗർ: ഇന്ത്യയെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയാക്കാൻ ഗുജറാത്ത് പ്രധാന പങ്ക് വഹിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഭ്യന്തര, ആഗോള നിക്ഷേപകർക്ക് ഒരു പ്രധാന വളർച്ചാ കേന്ദ്രമായി സംസ്ഥാനം മാറിയെന്നും അദ്ദേഹം പറഞ്ഞു. ഞായറാഴ്‌ച (ജനുവരി 05) രാജ്കോട്ടിൽ നടന്ന വൈബ്രൻ്റ് ഗുജറാത്ത് റീജിയണൽ ഉച്ചകോടി ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

“ഇന്ത്യയുടെ ആധുനിക യാത്രയുടെ പ്രതിഫലനമാണ് ഈ ഉച്ചകോടി. എല്ലാ മേഖലകളിലും വളർച്ചയുണ്ടായിട്ടുണ്ട്. ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുന്നതിലേക്ക് ഇന്ത്യ അതിവേഗം മുന്നേറുകയാണ്. ഇന്ത്യയിൽ നിന്നുള്ള ആഗോള പ്രതീക്ഷകൾ വർധിച്ചുവരികയാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നുവെന്ന്” അദ്ദേഹം വേദിയിൽ പറഞ്ഞു.

രാജ്യത്തെ പണപ്പെരുപ്പം നിയന്ത്രണത്തിലാണ്. കാർഷിക ഉത്പാദനം പുതിയ റെക്കോർഡുകൾ സൃഷ്‌ടിക്കുന്നു. പാൽ ഉത്പാദനത്തിലും ജനറിക് മെഡിസിൻ ഉത്പാദനത്തിലും ഇന്ത്യ ഒന്നാം സ്ഥാനത്താണ്. ലോകത്ത് ഏറ്റവും കൂടുതൽ വാക്‌സിനുകൾ ഉത്പാദിപ്പിക്കുന്ന രാജ്യവും ഇന്ത്യയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ 11 വർഷത്തിനിടെ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ മൊബൈൽ ഉപഭോക്താവും രണ്ടാമത്തെ വലിയ മൊബൈൽ നിർമാതാക്കളുമായി മാറി.

ലോകത്തിലെ മൂന്നാമത്തെ വലിയ വ്യോമയാന വിപണിയും ഇന്ത്യയിലുണ്ട്. ഗുജറാത്തിലെ വ്യാവസായിക വളർച്ചയും വികസനവും സംരംഭവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കോൺഫറൻസിൻ്റെ രണ്ടാം സമ്മേളനമാണിത്.

നിരവധി ജില്ലകളിലെ സ്‌മാർട്ട് ഇൻഡസ്ട്രിയൽ എസ്റ്റേറ്റുകളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്‌തു. ഗുജറാത്ത് ഇൻഡസ്ട്രിയൽ ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ്റെ കീഴിലുള്ളവയാണിത്. അമ്രേലി, ഭാവ്‌നഗർ, ജാംനഗർ, കച്ച്, മോർബി, രാജ്കോട്ട്, സുരേന്ദ്രനഗർ എന്നിവയുൾപ്പെടെ ഏഴ് ജില്ലകളിലായി 13 പുതിയ സ്‌മാർട്ട് ഇൻഡസ്ട്രിയൽ എസ്റ്റേറ്റുകളാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്‌തത്. ഏകദേശം 3540 ഏക്കറിൽ വ്യാപിച്ച് കിടക്കുന്നതാണ് സ്‌മാർട്ട് ഇൻഡസ്ട്രിയൽ എസ്റ്റേറ്റുകൾ.

പുതുവർഷത്തിലെ എൻ്റെ ആദ്യ ഗുജറാത്ത് സന്ദർശനമാണിത്. സോമനാഥ ക്ഷേത്രത്തിൽ പ്രാർഥിച്ചാണ് യാത്ര ആരംഭിച്ചത്. അതിനാൽ ഇത് കൂടുതൽ സന്തോഷകരമായ മുഹൂർത്തമാണ്. വൈബ്രൻ്റ് ഗുജറാത്ത് ഉച്ചകോടി വെറുമൊരു സമ്മേളനം അല്ല, മറിച്ച് ഒരു സ്വപ്‌ന സാക്ഷാത്‌കാരവും ആധുനിക ഇന്ത്യയുടെ വളർച്ചയുമാണെന്ന്” അദ്ദേഹം കൂട്ടിച്ചേർത്തു.

“വൈബ്രൻ്റ് ഗുജറാത്ത് ഉച്ചകോടിയുടെ ആദ്യഘട്ടങ്ങളിൽ, ഗുജറാത്തിൻ്റെ സാധ്യതകളെക്കുറിച്ച് ലോകത്തെ പരിചയപ്പെടുത്തുക എന്നതായിരുന്നു ലക്ഷ്യം. ആളുകൾ ഇവിടെയെത്തി നിക്ഷേപം നടത്തണമെന്നും അതുവഴി ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ കൂടുതൽ ശക്തമാക്കണമെന്നും ഞങ്ങൾ ആഗ്രഹിക്കണമെന്നും” പ്രധാനമന്ത്രി പറഞ്ഞു.

എന്നാലിന്ന് ഈ ഉച്ചകോടി നിക്ഷേപം മാത്രമല്ല. ആഗോള വളർച്ചയ്ക്കും അന്താരാഷ്ട്ര സഹകരണത്തിനും പങ്കാളിത്തത്തിനും ശക്തമായ ഒരു വേദിയായി മാറിയിരിക്കുന്നു. വർഷങ്ങളായി ആഗോള പങ്കാളികളുടെ എണ്ണം വർധിച്ച് കൊണ്ടിരിക്കുകയാണ്.

സൗരാഷ്ട്രയും കച്ചും മാതൃക

എത്ര വലിയ വെല്ലുവിളിയായാലും സത്യസന്ധതയോടും കഠിനാധ്വാനത്തോടും കൂടി പോരാടിയാൽ വിജയം അനിവാര്യമാണെന്ന് സൗരാഷ്ട്രയും കച്ചും പഠിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. വർഷങ്ങൾക്ക് മുൻപ് സംസ്ഥാനത്തിൻ്റെ സ്ഥിതി പരിതാപകരമായിരുന്നു. വിനാശകരമായ ഭൂകമ്പം നേരിട്ട കച്ച്, വർഷങ്ങളായി വരൾച്ചയുടെ കുടിവെള്ള ക്ഷാമത്തിൻ്റെയും പിടിയിലായ സൗരാഷ്ട്ര, കുടിവെള്ളം ശേഖരിക്കാൻ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ മൈലുകൾ നടക്കേണ്ടി വന്നിരുന്ന കാലം.

വൈദ്യുതി ഇല്ലാതിരുന്ന വീടുകൾ. എന്നാൽ ഇന്ന് സൗരാഷ്ട്രയിലെയും കച്ചിലെയും ജനങ്ങൾ അവരുടെ കഠിനാധ്വാനത്തിലൂടെ വിധി മാറ്റിമറിച്ചു. ഇന്ന് ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയിൽ പ്രധാന പങ്ക് വഹിക്കുന്ന സംസ്ഥാനമായി ഗുജറാത്ത് മാറിയിരിക്കുന്നുവെന്ന്” മോദി പറഞ്ഞു.

ആത്മനിർഭർ ഭാരത് കാമ്പെയ്‌നിന് ആക്കം കൂട്ടുന്ന ഒരു പ്രധാന കേന്ദ്രമായി സൗരാഷ്ട്രയും കച്ചും മാറുന്നു. രാജ്കോട്ടിൽ 2,50,000-ലധികം എംഎസ്എംഇകളുണ്ട്. ഇവിടുത്തെ വിവിധ വ്യാവസായിക ക്ലസ്റ്ററുകളിലായി സ്ക്രൂഡ്രൈവറുകൾ, ഓട്ടോ പാർട്‌സ്, മെഷീൻ ടൂളുകൾ, ആഡംബര കാർ പാർട്ട്‌സുകൾ, വിമാനങ്ങൾ, യുദ്ധവിമാനങ്ങൾ, റോക്കറ്റുകൾ എന്നിവയുടെ പാർട്ട്‌സുകൾ വരെ രാജ്കോട്ടിൽ നിർമിക്കുന്നു.

ഇതിന് പുറമെ, സൗരാഷ്ട്രയും കച്ചും ഇന്ത്യയുടെ ഹരിത വികസനം, ഊർജ സുരക്ഷ എന്നിവയുടെ പ്രധാന കേന്ദ്രമായും മാറിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. 30 ജിഗാവാട്ട് ശേഷിയുള്ള ഒരു പുനരുപയോഗ ഊർജ പാർക്കും ഒരു വലിയ ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റവും കച്ചിൽ നിർമിക്കുന്നതായി അദ്ദേഹം അറിയിച്ചു.

അടുത്ത 50 വർഷത്തേക്കുള്ള ഇന്ത്യയുടെ യാത്ര

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഇതുവരെ ഉണ്ടായിട്ടില്ലാത്തത്ര പ്രതീക്ഷയും ആത്മവിശ്വാസവും വളർച്ചയും അനുഭവിച്ചിട്ടുള്ള ആളാണ് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാനും എംഡിയുമായ മുകേഷ് അംബാനി. അടുത്ത 50 വർഷത്തേക്ക് ഇന്ത്യയുടെ പാതയെ പുനർനിർമ്മിച്ച പ്രധാനമന്ത്രി മോദിയുടെ ദർശനത്തെ അദ്ദേഹം എടുത്തു പറഞ്ഞു. പുതിയ ചരിത്രം സൃഷ്‌ടിക്കപ്പെടും. മോദി യുഗത്തിൽ ഇന്ത്യ സാധ്യതയിൽ നിന്ന് പ്രകടനത്തിലേക്കും അഭിലാഷത്തിൽ നിന്ന് പ്രവർത്തനത്തിലേക്കും സഞ്ചരിച്ച് ആഗോള ശക്തിയായി മാറുന്നുവെന്ന്” അദ്ദേഹം പറഞ്ഞു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ റിലയൻസിൻ്റെ നിക്ഷേപം ഇരട്ടിയാക്കുമെന്ന് അംബാനി പ്രഖ്യാപിച്ചു.

കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ഞങ്ങൾ 3.5 ലക്ഷം കോടി രൂപയിലധികം നിക്ഷേപിച്ചു. ഇനി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇത് ഇരട്ടിയാക്കി 7 ലക്ഷം കോടി രൂപയായി ഉയർത്തുമെന്ന് പ്രഖ്യാപിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ജാംനഗറിൽ എഐ ഡാറ്റാ സെൻ്റർ നിർമാണം നടക്കുന്നു. ഇത് ഓരോ പൗരനും പ്രയോജനകരമാകുമെന്ന് ഉറപ്പാണ്” അംബാനി കൂട്ടിച്ചേർത്തു.

‘ഗുജറാത്ത് ഞങ്ങളുടെ അടിത്തറ’

ദീർഘകാലാടിസ്ഥാനത്തിൽ ചിന്തിക്കാനും പ്രഖ്യാപനങ്ങൾക്ക് പകരം സ്ഥാപനങ്ങൾ നിർമിക്കാനും വികസനത്തെ പദ്ധതികളെ നാഗരിക ദൗത്യമായി കാണാനും മോദി രാജ്യത്തെ പഠിപ്പിച്ചുവെന്ന്” അദാനി പോർട്ട്സ് & സ്പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡിൻ്റെ എംഡി കരൺ അദാനി പറഞ്ഞു. ഭരണ നിർവഹണവും അടിസ്ഥാന സൗകര്യങ്ങള്‍ പരിഷ്‌കരിക്കുന്നത് മുതൽ ഇന്ത്യയുടെ ആഗോള അടിത്തറ പുനഃസ്ഥാപിക്കുന്നത് വരെ അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു ജനാധിപത്യത്തിൽ നിർണായക നേതൃത്വം എങ്ങനെയായിരിക്കണമെന്ന് പ്രധാനമന്ത്രി പുനർനിർവചിച്ചുവെന്നും” കരൺ അദാനി കൂട്ടിച്ചേർത്തു.

കച്ച് മേഖലയിൽ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 1.5 ലക്ഷം കോടി രൂപയുടെ നിക്ഷേപം അദാനി ഗ്രൂപ്പ് പ്രഖ്യാപിച്ചു. “അദാനി ഗ്രൂപ്പിനെ സംബന്ധിച്ചിടത്തോളം ഗുജറാത്ത് വെറുമൊരു നിക്ഷേപ സംസ്ഥാനമല്ല, അത് ഞങ്ങളുടെ അടിത്തറയാണെന്നും” അദ്ദേഹം ആവർത്തിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here