പോഷകഗുണങ്ങളാൽ സമ്പന്നമായ ഒന്നാണ് മധുരക്കിഴങ്ങ്. സാധാരണ കിഴങ്ങുവർഗ്ഗങ്ങളെ അപേക്ഷിച്ച് ആരോഗ്യകാര്യത്തിൽ ഏറെ മുന്നിലാണ്. ഒരു ലഘുഭക്ഷണമെന്നതിലുപരി, ഒട്ടേറെ ഔഷധഗുണങ്ങളുള്ള ഒരു ‘സൂപ്പർ ഫുഡാ’ണ് ഇതെന്ന് എത്രപേർക്കറിയാം? ഡൽഹി ഫോർട്ടിസ് ആശുപത്രിയിലെ ഗ്യാസ്‌ട്രോ എൻട്രോളജിസ്റ്റ് ഡോ.ശുഭം വത്സ്യ മധുരക്കിഴങ്ങിന്റെ വിസ്മയിപ്പിക്കുന്ന ആരോഗ്യ ഗുണങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയിട്ടുണ്ട്.
ദഹനാരോഗ്യത്തിന് ഉത്തമം
മധുരക്കിഴങ്ങിൽ അടങ്ങിയിരിക്കുന്ന കോംപ്ലക്സ് കാർബോഹൈഡ്രേറ്റുകളും നാരുകളും കുടലിലെ നല്ല ബാക്ടീരിയകളുടെ വളർച്ചയ്ക്ക് സഹായിക്കുന്നു. ഇത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ദഹനം സുഗമമാക്കുകയും ചെയ്യുന്നു. 100 ഗ്രാം മധുരക്കിഴങ്ങിൽ ഏകദേശം 4 ഗ്രാം നാരുകൾ അടങ്ങിയിട്ടുണ്ട്.
പ്രമേഹ നിയന്ത്രണവും ശരീരഭാരവും
മധുരമുണ്ടെങ്കിലും പ്രമേഹരോഗികൾക്ക് ഇത് ഗുണകരമാണ്. ഇതിലടങ്ങിയിരിക്കുന്ന ‘റെസിസ്റ്റന്റ് സ്റ്റാർച്ച്’ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടുന്നത് തടയുന്നു. കൂടാതെ, ഇത് കഴിക്കുന്നത് ദീർഘനേരം വയർ നിറഞ്ഞ സംതൃപ്തി നൽകുന്നതിനാൽ അനാവശ്യമായ വിശപ്പും മധുരത്തോടുള്ള ആർത്തിയും കുറയ്ക്കാൻ സഹായിക്കും. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു മികച്ച ഭക്ഷണമാണ്.
കാഴ്ചശക്തിക്കും രോഗപ്രതിരോധ ശേഷിക്കും
മധുരക്കിഴങ്ങിലെ ബീറ്റാ കരോട്ടിൻ ശരീരത്തിൽ എത്തുമ്പോൾ വൈറ്റമിൻ എ ആയി മാറുന്നു. ഇത് കാഴ്ചശക്തി വർധിപ്പിക്കാനും കുട്ടികളിലെ നിശാന്ധത തടയാനും സഹായിക്കുന്നു. ഇതിലെ ആന്റിഓക്‌സിഡന്റുകൾ ചർമ്മത്തിന്റെ ആരോഗ്യത്തിനും രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും അത്യുത്തമമാണ്.
ഹൃദയാരോഗ്യവും എല്ലുകളുടെ ബലവും
ഹൃദയത്തിന്റെ പ്രവർത്തനങ്ങളെ സഹായിക്കുന്ന പൊട്ടാസ്യം, മാംഗനീസ് എന്നിവ ഇതിൽ ധാരാളമുണ്ട്. പ്രത്യേകിച്ച് ആർത്തവവിരാമം കഴിഞ്ഞ സ്ത്രീകളിൽ എല്ലുകളുടെ ബലം നിലനിർത്താൻ മധുരക്കിഴങ്ങ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.
ജങ്ക് ഫുഡുകൾക്കും എണ്ണയിൽ വറുത്ത പലഹാരങ്ങൾക്കും പകരം പോഷകസമൃദ്ധമായ മധുരക്കിഴങ്ങ് ശീലമാക്കുക. ശൈത്യകാലത്ത് ലഭ്യമാകുന്ന ഏറ്റവും മികച്ച ആരോഗ്യഭക്ഷണങ്ങളിൽ ഒന്നാണിതെന്ന് ഡോ.ശുഭം വത്സ്യ അഭിപ്രായപ്പെട്ടു.







