അഫ്ഗാനിസ്ഥാനുമായുള്ള സംഘർഷത്തിന് പിന്നിൽ ഇന്ത്യയെന്ന് പാകിസ്ഥാൻ;

0
104

അഫ്ഗാനിസ്ഥാനുമായുള്ള അതിർത്തി സംഘർഷം രൂക്ഷമാകുന്നതിനിടെ, രാജ്യത്തെ സുരക്ഷാ പ്രതിസന്ധിക്ക് പിന്നിൽ ഇന്ത്യയാണെന്ന ആരോപണവുമായി പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖാജ ആസിഫ്. യാതൊരു തെളിവുകളുമില്ലാതെയാണ് ഇന്ത്യയും അഫ്ഗാനിസ്ഥാനും ചേർന്ന് പാകിസ്ഥാനെതിരെ ‘പ്രോക്സി വാർ’ (നിഴൽ യുദ്ധം) നടത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചത്. ഫ്രാൻസ് 24 ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഖാജ ആസിഫ് തന്റെ പരിചിതമായ ഇന്ത്യ വിരുദ്ധ നിലപാടുകൾ ആവർത്തിച്ചത്.

“അവർ ഇപ്പോൾ പാകിസ്ഥാനെതിരെ ഒരു നിഴൽ യുദ്ധം നടത്തുകയാണ്. ഡൽഹിയും കാബൂളും കാബൂളിലെ തീവ്രവാദ സംഘടനകളും ഇപ്പോൾ ഒരേ നിലപാടിലാണ്,” ഖവാജ ആസിഫ് പറഞ്ഞു. അഫ്ഗാനിസ്ഥാനെക്കൊണ്ട് പാകിസ്ഥാനെ ആക്രമിപ്പിക്കുന്നത് ഇന്ത്യയാണോ എന്ന ചോദ്യത്തിന് “തീർച്ചയായും” എന്നായിരുന്നു മന്ത്രിയുടെ മറുപടി. എന്നാൽ ഇത്രയും ഗൗരവകരമായ ആരോപണത്തിന് പിന്നിൽ എന്തെങ്കിലും തെളിവുണ്ടോ എന്ന ചോദ്യത്തിന്, ഇതിന്റെ അനന്തരഫലങ്ങൾ തങ്ങൾ അനുഭവിക്കുന്നുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.

ഇന്ത്യ ഈ ആരോപണങ്ങൾ അംഗീകരിക്കില്ലെന്ന് തനിക്കറിയാമെന്ന് ഖവാജ ആസിഫ് പറഞ്ഞു. “ഇന്ത്യ ഇത് ഒരിക്കലും അംഗീകരിക്കില്ലെന്ന് നമുക്കറിയാം. അവർ ഇത് നിഷേധിച്ചുകൊണ്ടേയിരിക്കും. എന്നാൽ അവർക്ക് കാബൂളുമായി വളരെ നല്ല ബന്ധമാണുള്ളത്. ഞങ്ങൾ ഇപ്പോൾ ഒരു നിഴൽ യുദ്ധത്തെ നേരിടുകയാണ്, ഇൻഷാ അള്ളാ ഞങ്ങൾ അതിനെ അതിജീവിക്കും,” അദ്ദേഹം കൂട്ടിച്ചേർത്തു.

അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടവുമായി നിലവിൽ പാകിസ്ഥാന് നേരിട്ട് ബന്ധമില്ലെന്ന് അദ്ദേഹം സമ്മതിച്ചു. പ്രശ്നപരിഹാരത്തിനായി ചില സൗഹൃദ രാജ്യങ്ങളെ മധ്യസ്ഥതയ്ക്കായി സമീപിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ഫലമുണ്ടായിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള അതിർത്തി സംഘർഷം പൂർണ്ണമായ സൈനിക നീക്കങ്ങളിലേക്ക് മാറിയിരിക്കുകയാണ്.

അതിർത്തിയിലെ സാഹചര്യം

വ്യാഴാഴ്ച രാത്രി അഫ്ഗാൻ സൈന്യം പാകിസ്ഥാൻ അതിർത്തിക്കുള്ളിൽ നടത്തിയ ആക്രമണത്തിൽ തങ്ങളുടെ പല സൈനിക പോസ്റ്റുകളും താലിബാൻ പിടിച്ചെടുത്തതായി അവകാശപ്പെട്ടിരുന്നു. നേരത്തെ അഫ്ഗാൻ മണ്ണിൽ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിനുള്ള തിരിച്ചടിയായിരുന്നു ഇത്. ഇതിന് പിന്നാലെ വെള്ളിയാഴ്ച പുലർച്ചെ കാബൂളിൽ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ ഈ പുതിയ സംഭവവികാസങ്ങളിൽ പാകിസ്ഥാൻ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

രണ്ട് രാജ്യങ്ങളും പങ്കിടുന്ന 2,611 കിലോമീറ്റർ നീളമുള്ള ഡ്യൂറൻഡ് ലൈൻ അതിർത്തിയെ അഫ്ഗാനിസ്ഥാൻ ഇതുവരെ അംഗീകരിച്ചിട്ടില്ല. കഴിഞ്ഞ ഒക്ടോബറിലും അതിർത്തിയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ഒട്ടേറെ സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടിരുന്നു. അതിർത്തി കടന്നുള്ള ഭീകരവാദം തടയാനെന്ന പേരിൽ പാകിസ്ഥാൻ അഫ്ഗാൻ മണ്ണിൽ നടത്തുന്ന ആക്രമണങ്ങൾ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാക്കിയിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here