ടെഹ്‌റാൻ: പശ്ചിമേഷ്യൻ യുദ്ധം ആറുമാസം പിന്നിടുമ്പോൾ, താൽക്കാലിക ശാന്തതയ്ക്ക് വിരാമമിട്ട് അമേരിക്കയും ഇറാനും തമ്മിൽ വീണ്ടും ശക്തമായ സൈനിക ഏറ്റുമുട്ടൽ. ഹോർമൂസ് സമുദ്രസന്ധിയിലെ തന്ത്രപ്രധാനമായ ലാറക് ദ്വീപിൽ (Larak Island) സ്ഥിതി ചെയ്യുന്ന ഇറാൻ്റെ റോക്കറ്റ് ലോഞ്ചറുകൾക്ക് നേരെ യു എസ് സൈന്യം ശക്തമായ ആക്രമണം നടത്തി. ഇതിന് പിന്നാലെ മേഖലയിലുടനീളം സംഘർഷം വീണ്ടും വൻതോതിൽ പടർന്നുപിടിക്കുകയാണ്.
ഹോർമൂസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് ഭീഷണിയായി കടൽമൈനുകൾ വിന്യസിക്കാൻ ഒരുങ്ങിയ ഇറാൻ്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സിൻ്റെ (IRGC) റോക്കറ്റ് ലോഞ്ചറുകളാണ് ആക്രമിച്ചതെന്ന് യു എസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി. ജൂലൈ അവസാനത്തിന് ശേഷം ഇറാനിലെ ലക്ഷ്യസ്ഥാനങ്ങൾക്ക് നേരെ നടക്കുന്ന ആദ്യത്തെ അറിയപ്പെടുന്ന യു എസ് ആക്രമണമാണിത്. ഈ ആക്രമണത്തിൽ ഇറാൻ്റെ രണ്ടുപേർ കൊല്ലപ്പെടുകയും രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി ഇറാൻ സ്ഥിരീകരിച്ചു. ആക്രമണത്തിനെതിരെ കടുത്ത ശിക്ഷാനടപടികളും തിരിച്ചടിയും ഉണ്ടാകുമെന്ന് ഐ ആർ ജി സി വ്യക്തമാക്കി.
യു എസ് ആക്രമണത്തിന് തൊട്ടുപിന്നാലെ ശക്തമായ തിരിച്ചടിയുമായി ഇറാൻ രംഗത്തെത്തി. ജോർദാനിൽ യു എസ് സൈനികർ തങ്ങുന്ന കിംഗ് ഹുസൈൻ, അൽ അസ്രഖ് എന്നീ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ ബാലിസ്റ്റിക് മിസൈലുകൾ വർഷിച്ചു. എന്നാൽ എട്ട് മിസൈലുകൾ തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനം വഴി വിജയകരമായി വെടിവെച്ചിട്ടതായി ജോർദാൻ സൈന്യം അറിയിച്ചു. അതേസമയം, യു എ ഇയിലെ അൽ മിൻഹാദ് വ്യോമതാവളം ഇറാൻ ഡ്രോണുകൾ ഉപയോഗിച്ച് ആക്രമിച്ചതായി ഇറാൻ സ്റ്റേറ്റ് ടിവി അവകാശപ്പെട്ടെങ്കിലും, യു എ ഇ പ്രതിരോധ മന്ത്രാലയം ഈ വാർത്തകൾ തള്ളി. എങ്കിലും, ഇറാനിൽ നിന്ന് തങ്ങളുടെ സമുദ്ര അതിർത്തിയിലേക്ക് കടന്നുകയറാൻ ശ്രമിച്ച ഒരു ഇറാനിയൻ ഡ്രോണിനെ യു എ ഇ വ്യോമസേന വിജയകരമായി വെടിവെച്ചിട്ടതായി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു.
സംഭവത്തിന് തൊട്ടുപിന്നാലെ അമേരിക്കൻ മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ട്രൂത്ത് സോഷ്യലിൽ ഇറാനിയൻ എണ്ണകേന്ദ്രമായ ഖാർഗ് ഐലൻഡ് തകരുന്ന തരത്തിലുള്ള AI അധിഷ്‌ഠിത വീഡിയോകൾ പങ്കുവെച്ചത് അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയായിട്ടുണ്ട്. ഹോർമൂസ് സന്ധിയിലൂടെയുള്ള ഇറാൻ്റെ എണ്ണ ഉപരോധത്തെ മറികടക്കാൻ അമേരിക്കയും ശക്തമായ നടപടികളാണ് സ്വീകരിച്ചു വരുന്നത്.
തങ്ങൾ യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ രാജ്യത്തിന് നേരെ ഉണ്ടാകുന്ന ഏതൊരു ആക്രമണത്തിനും നിർണ്ണായകമായ മറുപടി നൽകുമെന്നും ഇറാനിയൻ പ്രസിഡൻ്റ് മസൂദ് പെസെഷ്‌കിയാൻ വ്യക്തമാക്കി. വ്യാപാരപാത അടയ്ക്കുകയും സാമ്പത്തിക ഉപരോധം കടുപ്പിക്കുകയും ചെയ്‌തതോടെ ലോക ഊർജ്ജ വിപണിയും ഈ പുതിയ നീക്കങ്ങളിൽ കടുത്ത ആശങ്കയിലാണ്.



