എറണാകുളം: കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിൻ്റെ (കെ.എം.ആർ.എൽ) പുതിയ മാനേജിങ് ഡയറക്‌ടറായി എറണാകുളം ജില്ലാ കലക്‌ടർ ജി. പ്രിയങ്ക ചുമതലയേറ്റു. നിലവിൽ കെ.എം.ആർ.എൽ ഡയറക്‌ടർ ബോർഡ് അംഗം കൂടിയാണ് ഇവർ. കർണാടക സ്വദേശിയായ ജി. പ്രിയങ്ക 2017 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥയാണ്.
പാലക്കാട് ജില്ലാ കലക്‌ടർ, സാമൂഹ്യ നീതി-വനിതാ ശിശു വികസന വകുപ്പ് ഡയറക്‌ടർ, കോഴിക്കോട് സബ് കലക്‌ടർ തുടങ്ങിയ സുപ്രധാന പദവികൾ മുൻപ് വഹിച്ചിട്ടുണ്ട്. ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻസ് എഞ്ചിനീയറിംഗിൽ ബിരുദം പൂർത്തിയാക്കിയ ശേഷം പബ്ലിക് മാനേജ്‌മെൻ്റിലും പബ്ലിക് അഡ്‌മിനിസ്‌ട്രേഷനിലും ബിരുദാനന്തര ബിരുദവും ഇവർ കരസ്ഥമാക്കിയിട്ടുണ്ട്.
സ്ഥാനമൊഴിയുന്ന കെ.എം.ആർ.എൽ മാനേജിങ് ഡയറക്‌ടർ ലോക്‌നാഥ് ബെഹ്‌റ കൊച്ചി മെട്രോ കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ കൈവരിച്ച നേട്ടങ്ങൾ പങ്കുവെക്കുകയും യാത്രക്കാർക്കും സഹകരിച്ച എല്ലാവർക്കും കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്‌തു. അഞ്ച് വർഷം മുൻപ് പദവി ഏറ്റെടുക്കുമ്പോൾ പ്രതിദിനം 15,000 മാത്രമായിരുന്ന യാത്രാക്കാരുടെ എണ്ണം നിലവിൽ 1,25,000 (1.25 ലക്ഷം) ആയി വർധിപ്പിക്കാൻ സാധിച്ചത് വലിയ നേട്ടമായി അദ്ദേഹം സൂചിപ്പിച്ചു.
‘മൈ മെട്രോ’യും വാട്ടര്‍ മെട്രോയും
‘മൈ മെട്രോ’ ആശയത്തിലൂടെ കൊച്ചി മെട്രോയെ ജനകീയമാക്കിയതിനൊപ്പം ഇന്ത്യയിലെ ഏറ്റവും മികച്ച സുസ്ഥിര നഗര ഗതാഗത സംവിധാനത്തിനുള്ള കേന്ദ്ര സർക്കാരിൻ്റെ പുരസ്‌കാരവും മെട്രോ സ്വന്തമാക്കി. വാട്‌സ്ആപ്പ് ടിക്കറ്റിങ്, വിദ്യാർഥികൾക്കും സ്ഥിരം യാത്രക്കാർക്കുമുള്ള ഇളവുകൾ എന്നിവയിലൂടെ ടിക്കറ്റെടുക്കുന്ന പ്രക്രിയ കൂടുതൽ ലളിതമാക്കി. കഴിഞ്ഞ നാല് വർഷമായി മെട്രോ പ്രവർത്തന ലാഭത്തിലാണെന്നും കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മാത്രം 53 കോടി രൂപയുടെ പ്രവർത്തന ലാഭം ഉണ്ടാക്കാൻ സാധിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.
പരസ്യങ്ങൾ, ലേലങ്ങൾ എന്നിവയിലൂടെ ടിക്കറ്റ് ഇതര വരുമാനം വർധിപ്പിച്ച് ആകെ വരുമാനത്തിൻ്റെ 51 ശതമാനവും സ്വന്തമാക്കാൻ കെ.എം.ആർ.എല്ലിനായി. രാജ്യത്തും അന്താരാഷ്ട്ര തലത്തിലും ഏറെ ശ്രദ്ധിക്കപ്പെട്ട ‘കൊച്ചി വാട്ടർ മെട്രോ’ പദ്ധതി വിജയകരമായി നടപ്പിലാക്കി. രാജ്യത്തെ 18 പ്രധാന സ്ഥലങ്ങളിലും വിദേശ രാജ്യങ്ങളിലും ഇതിൻ്റെ സാധ്യതകൾ പരിശോധിക്കുന്നതിനായി ഫീസബിലിറ്റി പഠനം നടത്തിവരികയാണ്. മെട്രോയുമായി ബന്ധപ്പെടുത്തി 15 ഫീഡർ ഇലക്ട്രിക് ബസുകൾ സർവീസ് ആരംഭിക്കുകയും നഗരത്തിൽ 52 കിലോമീറ്റർ നീളത്തിൽ അത്യാധുനിക ഫുട്‌പാത്തുകൾ നിർമിക്കുകയും ചെയ്‌തു.
തിരുവനന്തപുരം മെട്രോയുടെ ഡി.പി.ആറും കൊച്ചി മെട്രോ എയർപോർട്ട് വഴി കടന്നുപോകുന്ന മൂന്നാം ഘട്ടത്തിനായുള്ള ഡി.പി.ആറും സംസ്ഥാന സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. കലൂർ മുതൽ ഇൻഫോപാർക്ക് വരെയുള്ള രണ്ടാംഘട്ടം ഒരു വർഷത്തിനകം പൂർത്തിയാകുമെന്നും എട്ട് പുതിയ ട്രെയിനുകൾ ഒരുമിച്ച് വാങ്ങാൻ ഡയറക്‌ടർ ബോർഡിൻ്റെ അനുമതി തേടിയതായും അദ്ദേഹം അറിയിച്ചു. തൃക്കാക്കര എ.സി.പിയായും കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായും സേവനമനുഷ്‌ഠിച്ച കൊച്ചി നഗരവുമായി തനിക്കുള്ള വൈകാരിക ബന്ധവും സ്ഥാനമൊഴിയുന്ന വേളയിൽ അദ്ദേഹം ചൂണ്ടിക്കാണിച്ചു.





