ന്യൂഡൽഹി: ഭാരതീയ തപാൽ വകുപ്പിന് (India Post) കീഴിൽ ഗ്രാമീൺ ഡാക് സേവക് (GDS) തസ്‌തികകളിലേക്ക് വൻ റിക്രൂട്ട്‌മെൻ്റ് വിജ്ഞാപനം പുറത്തിറങ്ങി. ജൂലൈ 2026 ഷെഡ്യൂൾ-II പ്രകാരം ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ (BPM), അസിസ്റ്റൻ്റ് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ (ABPM), ഡാക് സേവക് എന്നീ തസ്‌തികകളിലായി ആകെ 23,757 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. എഴുത്തുപരീക്ഷയോ അഭിമുഖമോ ഇല്ലാതെ പത്താം ക്ലാസ് മാർക്കിൻ്റെ മാത്രം അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. താൽപര്യമുള്ള ഉദ്യോഗാർഥികൾക്ക് ഔദ്യോഗിക പോർട്ടലായ www.indiapostgdsonline.gov.in വഴി ഓൺലൈനായി അപേക്ഷിക്കാം.
പ്രധാന വിവരങ്ങൾ ഒറ്റനോട്ടത്തിൽ
| വിവരങ്ങൾ | വിശദാംശങ്ങൾ |
| ഓർഗനൈസേഷൻ | ഭാരതീയ തപാൽ വകുപ്പ് |
| തസ്‌തികയുടെ പേര് | ഗ്രാമീൺ ഡാക് സേവക് (GDS), BPM, ABPM |
| ആകെ ഒഴിവുകൾ | 23,757 |
| വിദ്യാഭ്യാസ യോഗ്യത | പത്താം ക്ലാസ് |
| പ്രായപരിധി | 18 മുതൽ 40 വയസ്സ് വരെ |
| തിരഞ്ഞെടുപ്പ് രീതി | പത്താം ക്ലാസ് മാർക്ക് അടിസ്ഥാനമാക്കിയുള്ള മെറിറ്റ് ലിസ്റ്റ് |
| ഔദ്യോഗിക വെബ്‌സൈറ്റ് | www.indiapostgdsonline.gov.in |
പ്രധാന തീയതികളും ശമ്പള വിവരങ്ങളും
- രജിസ്ട്രേഷൻ തീയതികൾ: 2026 ഓഗസ്റ്റ് 31 മുതൽ സെപ്‌തംബർ 19 വരെ
- അപേക്ഷ സമർപ്പണം: 2026 സെപ്റ്റംബർ 2 മുതൽ സെപ്‌തംബർ 21 വരെ
- തിരുത്തൽ വരുത്താനുള്ള സമയം: 2026 സെപ്റ്റംബർ 23, 24 തീയതികളിൽ
ശമ്പള നിരക്ക്
- ബിപിഎം (BPM): ₹12,000 – ₹29,380/-
- എബിപിഎം / ഡാക് സേവക് (ABPM/GDS): ₹10,000 – ₹24,470/-
യോഗ്യതാ മാനദണ്ഡങ്ങളും പ്രായപരിധിയും
അപേക്ഷിക്കുന്ന ഉദ്യോഗാർഥികൾ അംഗീകൃത ബോർഡിൽ നിന്ന് ഗണിതം, ഇംഗ്ലീഷ് എന്നിവ ഐച്ഛിക വിഷയങ്ങളായി പഠിച്ച് പത്താം ക്ലാസ് പാസായിരിക്കണം. അപേക്ഷിക്കുന്ന തപാൽ സർക്കിളിലെ മാതൃഭാഷ പത്താം ക്ലാസ് വരെ പഠിച്ചിരിക്കണം എന്നത് നിർബന്ധമാണ്. ഇതിന് പുറമെ അടിസ്ഥാന കമ്പ്യൂട്ടർ പരിജ്ഞാനം, സൈക്കിൾ ഓടിക്കാനുള്ള കഴിവ് എന്നിവയും ഉണ്ടായിരിക്കണം. അപേക്ഷകരുടെ പ്രായപരിധി 18 നും 40 നും ഇടയിലായിരിക്കണം. സംവരണ വിഭാഗങ്ങൾക്ക് സർക്കാരിന്റെ മാനദണ്ഡങ്ങൾ അനുസരിച്ച് പ്രായപരിധിയിൽ ഇളവ് ലഭിക്കും
- എസ്.സി / എസ്.ടി: അഞ്ച് വർഷം
- ഒ.ബി.സി: മൂന്ന് വർഷം
- ഭിന്നശേഷിക്കാർ (PwBD): 10 മുതൽ 15 വർഷം വരെ
അപേക്ഷാ ഫീസും തെരഞ്ഞെടുപ്പ് രീതിയും
ജനറൽ, ഒബിസി, ഇഡബ്ല്യുഎസ് വിഭാഗങ്ങളിലെ ഉദ്യോഗാർഥികൾക്ക് 100 രൂപയാണ് അപേക്ഷാ ഫീസ്. പട്ടികജാതി, പട്ടികവർഗ, ഭിന്നശേഷിക്കാർ, വനിതകൾ, ട്രാൻസ്‌വുമൺ എന്നിവരെ ഫീസിൽ നിന്ന് പൂർണമായി ഒഴിവാക്കിയിട്ടുണ്ട്. പത്താം ക്ലാസിൽ ലഭിച്ച മാർക്കിൻ്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന മെറിറ്റ് ലിസ്റ്റ് വഴിയാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. തുല്യ മാർക്ക് വരുന്ന സാഹചര്യത്തിൽ പ്രായക്കൂടുതലുള്ളവർക്കും സംവരണ മുൻഗണന ഉള്ളവർക്കും മുൻഗണന ലഭിക്കും.
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് സർട്ടിഫിക്കറ്റ് പരിശോധനയ്ക്കും മൂന്ന് ദിവസത്തെ അടിസ്ഥാന പരിശീലനത്തിനും ശേഷം നിയമനം നൽകും. യോഗ്യരായ ഉദ്യോഗാർഥികൾക്ക് തപാൽ വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി രജിസ്ട്രേഷൻ പൂർത്തിയാക്കി 2026 സെപ്‌തംബർ 21-നകം അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.






