തമിഴ്‌നാട്ടിൽ വികസനക്കുതിപ്പ്;

0
3

ചെന്നൈ: തമിഴ്‌നാട്ടിൽ പാൽ സംഭരണ വില വർധനയും കാഞ്ചീപുരത്ത് പുതിയ സെമികണ്ടക്ടർ പാർക്കും ഉൾപ്പെടെയുള്ള വൻകിട പദ്ധതികൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി വിജയ്. നിയമസഭയിൽ ചട്ടം 110 പ്രകാരമാണ് വ്യവസായ, ഊർജ, കാർഷിക മേഖലകൾക്ക് കരുത്തേകുന്ന സുപ്രധാന പ്രഖ്യാപനങ്ങൾ അദ്ദേഹം നടത്തിയത്.

പാൽ സംഭരണ വിലയിൽ വർധന
ക്ഷീരകർഷകരുടെ ദീർഘനാളത്തെ ആവശ്യങ്ങൾ പരിഗണിച്ച് പാൽ സംഭരണ വില ലിറ്ററിന് 44 രൂപയായി ഉയർത്തി. കാലിത്തീറ്റയുടെയും മറ്റും വില വർധിച്ച സാഹചര്യത്തിൽ സംഭരണ വില കൂട്ടണമെന്ന് കർഷകർ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. നിലവിൽ 41 രൂപയാണ് ഒരു ലിറ്റർ പാലിന് നൽകുന്നത്. പുതിയ പ്രഖ്യാപനത്തോടെ ഇതിൽ മൂന്ന് രൂപയുടെ വർധനയുണ്ടാകും. സംസ്ഥാനത്തെ 3.15 ലക്ഷത്തോളം വരുന്ന ക്ഷീരകർഷകർക്ക് ഈ തീരുമാനം വലിയ തോതിൽ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ.

കാഞ്ചീപുരത്ത് സെമികണ്ടക്ടർ പാർക്ക്
കാഞ്ചീപുരം ജില്ലയിലെ മധുരമംഗലത്ത് 175 കോടി രൂപ ചെലവിൽ പുതിയ സെമികണ്ടക്ടർ, ഇലക്ട്രോണിക്സ് മാനുഫാക്ചറിങ് പാർക്ക് സ്ഥാപിക്കുമെന്നതാണ് മറ്റൊരു പ്രധാന പ്രഖ്യാപനം. സിപ്കോട്ടിൻ്റെ (SIPCOT) നേതൃത്വത്തിൽ ആരംഭിക്കുന്ന പാർക്കിൽ ലോകോത്തര നിലവാരത്തിലുള്ള ഗവേഷണ വികസന (ആർ ആൻഡ് ഡി) സൗകര്യങ്ങൾ ഒരുക്കും. ഈ പദ്ധതിയിലൂടെ സെമികണ്ടക്ടർ മേഖലയിൽ അയ്യായിരത്തോളം പേർക്ക് നേരിട്ടും അല്ലാതെയും തൊഴിൽ ലഭിക്കും. കൂടാതെ രണ്ടായിരം കോടി രൂപയുടെ നിക്ഷേപം ആകർഷിക്കാനും ഇതിലൂടെ സാധിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ഊർജ മേഖലയിൽ വൻ കുതിപ്പ്
സംസ്ഥാനത്തെ വൈദ്യുതി വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതിനായി 33,066 കോടി രൂപയുടെ പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. തമിഴ്‌നാട് പവർ ട്രാൻസ്മിഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെൻ്റ് പ്രൊജക്ടിൻ്റെ ഭാഗമായി 196 പുതിയ സബ്സ്റ്റേഷനുകൾ നിർമിക്കും. ഇതിനുപുറമെ 15,000 കിലോമീറ്റർ ദൈർഘ്യത്തിൽ പുതിയ വൈദ്യുതി ലൈനുകൾ വലിക്കാനും നിലവിലുള്ളവ നവീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.

വൈദ്യുതി വിതരണ അടിസ്ഥാന സൗകര്യ വികസനത്തിനായി 1,762 കോടി രൂപയുടെ മറ്റൊരു പദ്ധതിയും നടപ്പാക്കും. ഇതിലൂടെ 36 പുതിയ 33/11 കെവി സബ്സ്റ്റേഷനുകൾ നിർമിക്കും. പുതിയ ട്രാൻസ്ഫോർമറുകൾ സ്ഥാപിക്കുന്നതിനൊപ്പം കേടുപാടുകൾ സംഭവിച്ച കേബിളുകൾ, കണ്ടക്ടറുകൾ, പില്ലർ ബോക്സുകൾ, സർക്യൂട്ട് ബ്രേക്കറുകൾ തുടങ്ങിയവ മാറ്റിസ്ഥാപിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

തൂത്തുക്കുടിയിൽ താപനിലയം, ട്രിച്ചിയിൽ ലോജിസ്റ്റിക്സ് ഹബ്
തൂത്തുക്കുടിയിൽ 20,800 കോടി രൂപ ചെലവിൽ പുതിയ സൂപ്പർക്രിറ്റിക്കൽ താപവൈദ്യുത നിലയം സ്ഥാപിക്കും. 800 മെഗാവാട്ട് വീതം ശേഷിയുള്ള രണ്ട് യൂണിറ്റുകളിലായി ആകെ 1,600 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. തമിഴ്‌നാടിൻ്റെ മധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന തിരുച്ചിറപ്പള്ളിയിൽ മൾട്ടി മോഡൽ ലോജിസ്റ്റിക്സ് ഹബ് (ചരക്കുഗതാഗത കേന്ദ്രം) സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. തമിഴ്‌നാട് ഇൻഡസ്ട്രിയൽ ഡെവലപ്മെൻ്റ് കോർപറേഷൻ (ടിഡ്കോ) പദ്ധതിയെക്കുറിച്ച് പഠനം നടത്തി വിശദമായ റിപ്പോർട്ട് സമർപ്പിക്കും.

കോയമ്പത്തൂരിൽ ഡിജിറ്റൽ ഫിനാൻസ് സെൻ്റർ
കോയമ്പത്തൂരിൽ 400 കോടി രൂപ ചെലവിൽ പുതിയ ഡിജിറ്റൽ ഫിനാൻസ് ഹബ് (കോയമ്പത്തൂർ ഫിൻടെക് ഹബ്) സ്ഥാപിക്കും. ടിഡ്കോയുടെ നേതൃത്വത്തിൽ നിർമിക്കുന്ന കേന്ദ്രത്തിൽ ലോകോത്തര നിലവാരത്തിലുള്ള ഓഫിസ് സൗകര്യങ്ങൾ, ഇന്നൊവേഷൻ സെൻ്ററുകൾ, ആധുനിക ലബോറട്ടറികൾ, നൈപുണ്യ വികസന പരിശീലന കേന്ദ്രങ്ങൾ എന്നിവയുണ്ടാകും. ആഗോള നിക്ഷേപങ്ങൾ ആകർഷിക്കാനും ആധുനിക സാങ്കേതികവിദ്യകൾ പ്രോത്സാഹിപ്പിക്കാനും മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഈ പദ്ധതിയിലൂടെ സാധിക്കുമെന്നാണ് സർക്കാരിൻ്റെ പ്രതീക്ഷ.

LEAVE A REPLY

Please enter your comment!
Please enter your name here