ഇസ്ലാമിക ആഘോഷവേദികളില്‍ സ്ത്രീകളെ പ്രദര്‍ശിപ്പിക്കരുതെന്ന കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാറുടെ പരാമര്‍ശത്തില്‍ വിവാദം. പ്രസ്താവന കേരളത്തിനും രാജ്യത്തിനും അനുകരണീയമല്ലെന്ന് മന്ത്രി ബിന്ദു കൃഷ്ണ പ്രതികരിച്ചു. സ്ത്രീകള്‍ പുറത്തേക്ക് ഇറങ്ങരുതെന്ന നിലപാട് പൊതുസമൂഹത്തിന് സ്വീകാര്യമല്ലെന്നും മന്ത്രി പറഞ്ഞു.നമ്മുടെ പെണ്‍കുട്ടികള്‍ മിടുക്കികളായി, സമര്‍ഥകളായി മത്സര പരീക്ഷകള്‍ വിജയിച്ച് അവരവരുടെ അഭിരുചിക്കനുസരിച്ചുള്ള മേഖലകളില്‍ വളരെ നല്ല രീതിയില്‍ പ്രവര്‍ത്തിച്ച് മുന്നോട്ടുവരുന്നു. ജനാധിപത്യ ഭരണ ക്രമത്തില്‍ മികച്ച ഭരണാധികാരികളായി കഴിവ് തെളിയിച്ച് ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകുന്ന സ്ത്രീകളുണ്ട്. നമ്മുടെ രാജ്യത്തിന്റെ ഒന്നാമത്തെ സിറ്റിസണ്‍, ഇന്ത്യന്‍ പ്രസിഡന്റ് ഒരു വനിതയാണ്. ഇന്ദിര പ്രിയദര്‍ശിനി ദീര്‍ഘകാലം നയിച്ച നാടാണ്. നമ്മുടെ തൊട്ടടുത്ത രാജ്യമായ പാകിസ്താനില്‍ ബേനസീര്‍ ഭൂട്ടോ എത്രയോ കാലം ഭരിച്ചു. ലോകം മുഴുവന്‍ കഴിവ് തെളിയിച്ച എത്രയോ വനിതകളുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം സമീപനങ്ങള്‍ കേരളത്തിന്, രാജ്യത്തിന്, ലോകത്തിന് അനുകരണീയമല്ല. അഭിപ്രായം പറയുവാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കും ഉണ്ട്, അത് ബഹുമാനിക്കുന്നു. പക്ഷേ, നമ്മുടെ രാജ്യത്തെ സ്ത്രീകള്‍ ഭരണഘടനാപരമായി തുല്യനീതിയുള്ള ആ വ്യക്തിത്വങ്ങളാണ് മന്ത്രി വ്യക്തമാക്കി.
എല്ലാ വ്യക്തികള്‍ക്കും അവരവരുടേതായ അഭിപ്രായങ്ങള്‍ പറയാനുള്ള സ്വാതന്ത്ര്യം ഇന്ത്യന്‍ ഭരണഘടന നല്‍കുന്നുണ്ടെന്നും, നമ്മുടെ സംസ്ഥാനത്ത് ഭൂരിപക്ഷം പേരും അവരവരുടെ മതത്തില്‍ വിശ്വസിച്ചുകൊണ്ട് തന്നെ ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ജീവിക്കുന്നവരാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
അതേസമയം വിവാദവുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ നിന്ന് വിദ്യഭ്യാസമന്ത്രി എന്‍ ഷംസുദ്ദീന്‍ ഒഴിഞ്ഞുമാറി. സര്‍ക്കുലറില്‍ രൂക്ഷവിമര്‍ശനവുമായി ഇടതുവനിതാനേതാക്കള്‍ ഉള്‍പ്പെടെ രംഗത്തുവന്നിരുന്നു. യുവതീ യുവാക്കള്‍ ഇടകലര്‍ന്ന് ആടിപ്പാടുന്നത് ആത്മീയ താത്പര്യത്തിന് എതിരെന്നാണ് മുഖപത്രമായ സിറാജിലൂടെ സമസ്ത എ പി വിഭാഗത്തിന്റെ മറുപടി.



