രക്തത്തിലെ ചീത്ത കൊളസ്‌ട്രോളായ എൽഡിഎല്ലിനെ അരിച്ചുമാറ്റുന്ന എൽഡിഎൽ അഫിറെസിസ് (LDL aphere-sis) ചികിത്സ വിജയകരമായി പൂർത്തിയാക്കി തിരുവനന്തപുരം ശ്രീചിത്രിയിലെ ഹൃദ്രോഗ വിദഗ്ധരുടെ സംഘം. അപൂർവ ജനിതക രോഗം മൂലം ചീത്ത കൊളസ്‌ട്രോളിൻ്റെ അളവ് ക്രമാതീതമായി വർധിച്ച യുവതിക്കാണ് ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആന്‍ഡ് ടെക്‌നോളജിയിൽ ചികിത്സ നൽകിയത്. ജനിതക രോഗത്തിലൂടെ ചീത്ത കൊളസ്‌ട്രോളിൻ്റെ നില അപകടകരമായി ഉയർന്ന യുവതിയെ രണ്ട് മാസം മുമ്പാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് മൂന്ന് തവണ എൽഡിഎൽ അഫിറെസിസ് ചികിത്സയിലൂടെ രോഗിയുടെ രക്തത്തിൽ നിന്ന് കൊളസ്‌ട്രോൾ അരിച്ചെടുത്തു.
അപൂർവ ജനിതക രോഗം – ചെറുപ്രായത്തിൽ മരണം
ഫെമിലിയൽ ഹോമോസൈഗസ് ഹൈപർ കൊളസ്‌ട്രോൾ ലെമിയ(FAMILIAL HOMOZYGOUS HYPER CHOLESTROL LEMIA) എന്ന അപൂർവ ജനിതകരോഗത്താലാണ് മനുഷ്യശരീരത്തിലെ ചീത്ത കൊളസ്‌ട്രോൾ(LDL) അളവ് ക്രമാതീതമായി ഉയരുന്നത്. ചീത്ത കൊളസ്‌ട്രോളിൻ്റെ അളവ് ശരീരത്തിൽ 500 മുതൽ 1000 വരെ ആകും. എല്‍ഡിഎല്‍ കൊളസ്‌ട്രോളിനെ ആഗിരണം ചെയ്ത് പുറന്തള്ളാനുള്ള കഴിവ് ഇത്തരത്തിലുള്ള രോഗികളുടെ കരളിന് ഉണ്ടാവില്ല. അതുകൊണ്ടുതന്നെ എൽഡിഎൽ വലിയ അളവിൽ ശരീരത്തിൽ കുമിഞ്ഞുകൂടും. ഇത്തരം രോഗത്തിന് അടിമപ്പെടുന്നവർ സാധാരണയായി ചെറുപ്രായത്തിൽ (25-40 വയസ്) തന്നെ മരണത്തിന് കീഴടങ്ങുന്നതാണ് കണ്ടുവരുന്നതെന്നും ശ്രീചിത്ര ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധൻ ഡോ. ഹരികൃഷ്ണൻ ഇടിവി ഭാരതിനോട് പറഞ്ഞു. ഉയർന്ന ചികിത്സാ ചെലവ് മൂലം ഉണ്ടാകുന്ന സാമ്പത്തിക ഭാരം സാധാരണക്കാർക്ക് തങ്ങാനാവുന്നതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിൽ ശ്രീചിത്രയിൽ പ്രവേശിപ്പിക്കപ്പെട്ട രോഗിയുടെ ഹൃദയത്തിലേക്കുള്ള മൂന്ന് രക്തക്കുഴലുകളിലും കൊളസ്‌ട്രോൾ അടിഞ്ഞുകൂടി രക്തയോട്ടം തടസപ്പെട്ടിരുന്നു. തുടർന്ന് 24-ാം വയസിൽ ഇവരെ ബൈപാസ് സർജറിക്ക് വിധേയമാക്കിയിരുന്നു. തുടർന്ന് ബൈപാസിൽ തടസം വന്നതോടെ കൊളസ്‌ട്രോൾ അളവ് കുറയ്ക്കാനായി പുതിയ ചികിത്സാ രീതിയുടെ ഭാഗമായി ഒന്നിലധികം തവണ കുത്തിവെയ്പ്പുകൾ എടുത്തിരുന്നു. എന്നാൽ ഇതും ഫലപ്രദമായില്ല. തുടർന്നാണ് എൽഡിഎൽ അഫിറെസിസ് ചികിത്സയ്ക്ക് യുവതിയെ വിധേയമാക്കിയതെന്ന് ഡോ ഹരികൃഷ്ണൻ പറഞ്ഞു.
ചികിത്സാ രീതി ഇങ്ങനെ
ചീത്ത കൊളസ്‌ട്രോളും (LDL) ട്രൈഗ്ലിസറൈഡുകളും രക്തത്തിൽ നിന്ന് നേരിട്ട് ഫിൽട്ടർ ചെയ്യുന്ന ശസ്ത്രക്രിയയില്ലാത്ത, ഡയാലിസിസ് പോലുള്ള ഒരു പ്രക്രിയയാണ് എൽഡിഎൽ അഫിറെസിസ്. രോഗിയുടെ രക്തത്തിൽ നിന്ന് അഫിറെസിസ് യന്ത്രത്തിൻ്റെ സഹായത്തോടെയാണ് കൊളസ്‌ട്രോൾ അരിച്ചെടുക്കുന്നത്. യന്ത്രത്തിൽ ഘടിപ്പിച്ചിരിക്കുന്ന ഒരു പ്രത്യേക കോളം (column) അഥവാ ഫിൽറ്റർ ഉപയോഗിച്ചാണ് രക്തത്തിലുള്ള പ്ലാസ്മയിൽനിന്ന് ചീത്ത കൊളസ്‌ട്രോൾ അരിച്ചെടുക്കുന്നത്. ഇതിനുശേഷം രക്തം തിരികെ രോഗിയുടെ ശരീരത്തിലേക്ക് തിരിച്ചു കയറ്റുകയാണ് രീതി.
എൽഡിഎൽ അഫിറെസിസ് ചികിത്സ മെഷീന്‍ (Special Arrangement)
ചികിത്സാ ചെലവ് ഉയർന്നത്
ഒരു തവണ ഈ ചികിത്സ നടത്താൻ 70000 രൂപയോളമാണ് ശ്രീചിത്രയിൽ രോഗിക്ക് ചെലവാക്കേണ്ടി വരുന്നത്. ഇത്തരം ജനിതക രോഗമുള്ളവർക്ക് രണ്ടഴ്ചയിൽ ഒരിക്കൽ ഇത് ചെയ്തില്ലെങ്കിൽ ഉദ്ദേശിച്ച ഫലപ്രാപ്തിയുണ്ടാവില്ല. അതുകൊണ്ടുതന്നെ വർഷം 15ലക്ഷം രൂപയെങ്കിലും ചെലവഴിക്കേണ്ടി വരും. അഫിറെസിസ് ഉപകരണത്തിന് ഏതാണ്ട് 50 മുതൽ 60 ലക്ഷം രൂപ വരെ വിലവരും. രക്തം അരിച്ചെടുക്കാൻ ഉപയോഗിക്കുന്ന കോളം അഥവാ ഫിൽറ്ററിന് 60,000 രൂപ വിലവരും. ഒരു തവണ മാത്രമാണ് ഇത് ഉപയോഗിക്കാനാവുക. സാധാരണക്കാർക്ക് രോഗം വന്നാൽ നിലവിൽ കാരുണ്യ ചികിത്സ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ചെലവ് കണ്ടെത്തുന്നത്.
ഇന്ത്യയിൽ 10000 പേർക്ക് രോഗ സാധ്യത
രാജ്യത്ത് 8000 മുതൽ 10000 പേർക്ക് വരെ രോഗ സാധ്യതയുണ്ടെന്നാണ് പഠനങ്ങളിൽ പറയുന്നതെന്ന് ഡോ. ഹരികൃഷ്ണൻ വ്യക്തമാക്കി. എന്നാൽ ആകെ 1000ത്തിൽ താഴെ കേസുകൾ മാത്രമാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതെന്നും ചികിത്സ തേടിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ശരീരത്തിലെ കൊളസ്‌ട്രോൾ ഉൽപാദനം
ശരീരത്തിലെ കോശഭിത്തികളുടെ നിർമിതിക്കും, അനേകം ഹോർമോണുകളുടെയും വിറ്റാമിനുകളുടെയും ഉൽപാദനത്തിനും കൊളസ്‌ട്രോൾ അത്യന്താപേക്ഷിതമാണ്. അതുകൊണ്ടുതന്നെ നമ്മുടെ ശരീരം ആവശ്യമായ കൊളസ്‌ട്രോൾ സ്വയം ഉൽപാദിപ്പിക്കുന്നുണ്ട്. ശരീരത്തിൻ്റെ ‘കൊളസ്‌ട്രോൾ ഫാക്ടറി’ എന്നറിയപ്പെടുന്നത് കരളാണ്. നമ്മുടെ ശരീരത്തിലുള്ള കൊളസ്‌ട്രോളിൻ്റെ 80 ശതമാനവും കരൾ തന്നെയാണ് ഉൽപാദിപ്പിക്കുന്നത്; ബാക്കി 20 ശതമാനം മാത്രമാണ് ഭക്ഷണത്തിൽ നിന്ന് ലഭിക്കുന്നത്. ഒരു ദിവസം ഏതാണ്ട് 1000 മില്ലിഗ്രാം കൊളസ്‌ട്രോൾ ശരീരം ഉൽപാദിപ്പിക്കുമ്പോൾ, ഭക്ഷണത്തിൽ നിന്ന് ലഭിക്കുന്നത് 200-300 മില്ലിഗ്രാം വരെയാണ്.
കൊളസ്‌ട്രോൾ രക്തത്തിൽ നേരിട്ട് ലയിക്കുകയില്ല. കൊഴുപ്പും പ്രോട്ടീനും അടങ്ങിയ ലിപ്പോപ്രോട്ടീൻ കണികകളായാണ് ഇത് രക്തത്തിലൂടെ ശരീരത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്ക് സഞ്ചരിക്കുന്നത്.
കൊഴുപ്പ് നാലു വിധം
രക്തത്തിലെ കൊളസ്‌ട്രോൾ പ്രധാനമായും നാലു വിധം ലിപോ പ്രോട്ടീനുകളായാണ് കാണുന്നത്. ചീത്ത കൊളസ്‌ട്രോൾ എന്ന എൽഡിഎൽ, നല്ല കൊളസ്‌ട്രോൾ ആയ എച്ച്ഡിഎൽ, വളരെ കുറഞ്ഞ സാന്ദ്രതയുള്ള ലിപ്പോപ്രോട്ടീൻ വിഎൽഡിഎൽ, രക്തത്തിലെ മറ്റൊരു തരം കൊഴുപ്പ് ആയ ട്രൈഗ്ലിസറൈഡ്‌സ് എന്നിവയാണവ. Mg/dl എന്ന യൂണിറ്റിലാണ് (100 മി. ലി. രക്തത്തിൽ ഇത്ര മി.ഗ്രാം) കൊഴുപ്പളവ് പറയുന്നത്.
കൊളസ്‌ട്രോൾ പരിശോധന: എപ്പോൾ, എങ്ങനെ?
എപ്പോൾ തുടങ്ങണം?
- 20 വയസ്സാകുമ്പോൾ ആദ്യമായി ലിപിഡ് പ്രൊഫൈൽ ടെസ്റ്റ് ചെയ്യണം. ഫലം നോർമലാണെങ്കിൽ അഞ്ച് വർഷത്തിലൊരിക്കൽ പരിശോധിച്ചാൽ മതിയാകും.
- എന്നാൽ 40 വയസ്സ് കഴിഞ്ഞവർ, ഫലം നോർമലാണെങ്കിൽ പോലും വർഷത്തിൽ ഒരിക്കലെങ്കിലും പരിശോധന നടത്താൻ മടിക്കരുത്.
- കുട്ടികളിൽ 9 മുതൽ 11 വയസ്സിനുള്ളിൽ ആദ്യത്തെ കൊളസ്‌ട്രോൾ പരിശോധനയും, പിന്നീട് 17-21 വയസ്സിനുള്ളിൽ രണ്ടാമത്തെ പരിശോധനയും നടത്തണമെന്ന് അമേരിക്കൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് നിർദ്ദേശിക്കുന്നു.
- പാരമ്പര്യമായി ഉയർന്ന കൊളസ്‌ട്രോൾ ഉള്ള കുടുംബങ്ങളിലെ കുട്ടികൾക്ക് രണ്ട് വയസ്സ് മുതൽ തന്നെ പരിശോധന ആവശ്യമായി വന്നേക്കാം.
- പ്രമേഹ രോഗികൾ, ഹൃദ്രോഗികൾ, പക്ഷാഘാതം വന്നവർ, പുകവലിക്കുന്നവർ, ഉയർന്ന രക്തസമ്മർദ്ദമുള്ളവർ, കുടുംബത്തിൽ ഹൃദയാഘാത പാരമ്പര്യമുള്ളവർ എന്നിവർ പ്രായഭേദമന്യേ കൃത്യമായ ഇടവേളകളിൽ കൊളസ്‌ട്രോൾ പരിശോധിക്കണം.
കൊളസ്‌ട്രോൾ സാധാരണ അളവുകൾ
പ്രായം, ലിംഗഭേദം എന്നിവയ്ക്കനുസരിച്ച് കൊളസ്‌ട്രോളിൻ്റെ ആരോഗ്യകരമായ അളവുകളിൽ വ്യത്യാസമുണ്ട്.
1. 19 വയസ്സിന് താഴെയുള്ള കുട്ടികൾക്ക്:
ആകെ കൊളസ്‌ട്രോൾ: 170 mg/dL-ൽ താഴെ
എൽഡിഎൽ കൊളസ്‌ട്രോൾ: 110 mg/dL-ൽ താഴെ
എച്ച്ഡിഎൽ കൊളസ്‌ട്രോൾ: 45 mg/dL-ന് മുകളിൽ
2. 20 വയസ്സിന് മുകളിലുള്ള മുതിർന്നവർക്ക്:
ആകെ കൊളസ്‌ട്രോൾ: 200 mg/dL-ൽ താഴെ
എൽഡിഎൽ കൊളസ്‌ട്രോൾ: 100 mg/dL-ൽ താഴെ
എച്ച്ഡിഎൽ കൊളസ്‌ട്രോൾ: 40 mg/dL-ന് മുകളിൽ
ട്രൈഗ്ലിസറൈഡുകൾ: 150 mg/dL-ൽ താഴെ
പ്രായമാകുമ്പോൾ മെറ്റബോളിസത്തിൽ വരുന്ന മാറ്റങ്ങളും എൽഡിഎൽ കൊളസ്‌ട്രോൾ നീക്കം ചെയ്യാനുള്ള കരളിൻ്റെ ശേഷി കുറയുന്നതും കാരണം കൊളസ്‌ട്രോൾ അളവ് ഉയരാൻ സാധ്യതയുണ്ട്.
പരിശോധനയ്ക്ക് മുൻപ് ശ്രദ്ധിക്കേണ്ടവ
ഉപവാസം: കൃത്യമായ ഫലത്തിനായി 9 മുതൽ 12 മണിക്കൂർ വരെ ഉപവാസം (Fasting) ആവശ്യമാണ്. ടോട്ടൽ കൊളസ്‌ട്രോളും എച്ച്.ഡി.എല്ലും ഭക്ഷണശേഷം പരിശോധിച്ചാലും കൃത്യമായി ലഭിക്കുമെങ്കിലും, എൽഡിഎൽ, ട്രൈഗ്ലിസറൈഡ്സ് എന്നിവ ഭക്ഷണത്തിനനുസരിച്ച് മാറും. രാത്രി ഭക്ഷണം കഴിഞ്ഞ് രാവിലെ പ്രഭാതഭക്ഷണത്തിന് മുൻപായി രക്തം പരിശോധിക്കുന്നതാണ് പ്രായോഗികം. ഉപവാസ സമയത്ത് വെള്ളം കുടിക്കുന്നതിൽ കുഴപ്പമില്ല.
വ്യായാമം ഒഴിവാക്കുക: പരിശോധനയ്ക്ക് തൊട്ടുമുമ്പ് കഠിനമായ വ്യായാമം ചെയ്യാൻ പാടില്ല. വ്യായാമം ചെയ്യുമ്പോൾ കൊഴുപ്പ് ഊർജമായി മാറുന്നതിൻ്റെ തോത് വർധിക്കുന്നത് ഫലത്തിൽ വ്യത്യാസം വരുത്താം. നടന്നു ലബോറട്ടറിയിൽ എത്തുന്നവർ രക്തം നൽകുന്നതിന് മുൻപ് 5 മിനിറ്റ് വിശ്രമിക്കണം.
കൊളസ്‌ട്രോൾ എങ്ങനെ ഫലപ്രദമായി നിയന്ത്രിക്കാം?
തൽക്ഷണ പരിഹാരങ്ങൾ ഒന്നും തന്നെയില്ലെങ്കിലും കൃത്യമായ ജീവിതശൈലീ മാറ്റങ്ങളിലൂടെ കൊളസ്‌ട്രോൾ നില വിജയകരമായി നിയന്ത്രിക്കാൻ സാധിക്കും.
ഭക്ഷണക്രമത്തിലെ മാറ്റങ്ങൾ
ഫാസ്റ്റ് ഫുഡ്, വറുത്തതും പൊരിച്ചതുമായ ആഹാരങ്ങൾ എന്നിവ എൽ.ഡി.എൽ കൊളസ്‌ട്രോൾ നേരിട്ട് വർധിപ്പിക്കുന്നതിനാൽ ഇവ ഒഴിവാക്കുക.
ഓട്സ്, ബീൻസ്, പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പയർവർഗങ്ങൾ എന്നിവയിൽ അടങ്ങിയിരിക്കുന്ന ലയിക്കുന്ന നാരുകൾ ദഹനവ്യൂഹത്തിൽ നിന്നും കൊളസ്‌ട്രോൾ ആഗിരണം ചെയ്യുന്നത് തടയുന്നു.
സാൽമൺ, അയല തുടങ്ങിയ മത്സ്യങ്ങളും നട്സും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഹൃദയാരോഗ്യത്തിന് നല്ലതാണ്.
കൃത്യമായ വ്യായാമവും ശരീരഭാരം നിയന്ത്രിക്കലും
ആഴ്ചയിൽ 5 ദിവസമെങ്കിലും കുറഞ്ഞത് 30 മിനിറ്റ് വീതം മിതമായ വ്യായാമങ്ങളിൽ (നടത്തം, നീന്തൽ പോലുള്ളവ) ഏർപ്പെടുന്നത് നല്ല കൊളസ്‌ട്രോൾ വർധിപ്പിക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.
ശരീരഭാരം കുറയ്ക്കുന്നത് ലിപിഡ് പ്രൊഫൈലും ട്രൈഗ്ലിസറൈഡ് അളവും ഗണ്യമായി മെച്ചപ്പെടുത്തും.
ലഹരിവര്‍ജനം
പുകവലി നിർത്തുന്നത് വഴി കൊളസ്‌ട്രോൾ നില മെച്ചപ്പെടുകയും ഒരു വർഷത്തിനുള്ളിൽ ഹൃദ്രോഗ സാധ്യത പകുതിയായി കുറയുകയും ചെയ്യും.
അമിതമായ മദ്യപാനം കൊഴുപ്പിൻ്റെ അളവ് കൂട്ടും. അതിനാൽ മിതത്വം പാലിക്കുകയോ പൂർണമായി ഒഴിവാക്കുകയോ ചെയ്യുക.
എപ്പോഴാണ് ഡോക്ടറെ കാണേണ്ടത്?
നിങ്ങൾക്ക് പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, പൊണ്ണത്തടി, വിട്ടുമാറാത്ത വൃക്കരോഗങ്ങൾ, ഹൈപ്പോതൈറോയ്ഡിസം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിലോ, കുടുംബത്തിൽ ആർക്കെങ്കിലും ഹൃദയാഘാത പാരമ്പര്യമുണ്ടെങ്കിലോ കൃത്യമായി ഡോക്ടറെ കണ്ട് പരിശോധനകൾ നടത്തേണ്ടതാണ്. ഡോക്ടറുടെ നിർദേശപ്രകാരം ഭക്ഷണനിയന്ത്രണത്തിനൊപ്പം ആവശ്യമെങ്കിൽ മരുന്നുകളും കൃത്യമായി കഴിക്കാൻ ശ്രദ്ധിക്കുക.
അപോ ബി (Apo B) പരിശോധന: എൽഡിഎൽ കൊളസ്‌ട്രോളിലെ ഒരു സുപ്രധാന ഘടകമാണ് അപോലിപോ പ്രോട്ടീൻ ബി. ഇതിൻ്റെ സാധാരണ നില 40 മുതൽ 125 mg/dL വരെയാണ്. ഹൃദ്രോഗ സാധ്യത മുൻകൂട്ടി അറിയാൻ സഹായിക്കുന്ന ഈ പരിശോധന നിലവിൽ ഗവേഷണ മേഖലകളിലാണ് കൂടുതൽ ഉപയോഗിച്ചുവരുന്നത്.
അമിതഭാരം കുറച്ചാൽ
അമിത ഭാരം കുറയ്ക്കുന്നത് അപകടസാധ്യതകൾ കുറയ്ക്കുകയും കൊളസ്‌ട്രോൾ അളവ് മെച്ചപ്പെടുത്തുകയും ചെയ്യുന്നു. പഞ്ചസാര അടങ്ങിയ പാനീയങ്ങൾക്ക് പകരം വെള്ളം തിരഞ്ഞെടുക്കുക, ലിഫ്റ്റിന് പകരം പടികൾ കയറുക തുടങ്ങിയ ചെറിയ മാറ്റങ്ങൾ പോലും കാലക്രമേണ മാറ്റങ്ങളുണ്ടാക്കും. കൂടാതെ, പുകവലി ഉപേക്ഷിക്കുന്നത് കൊളസ്‌ട്രോൾ സംബന്ധമായ ഗുണങ്ങൾ ഉടനടി നൽകുന്നു. പുകവലി ഉപേക്ഷിച്ച് ഒരു വർഷത്തിനുള്ളിൽ, നിങ്ങളുടെ ഹൃദയ സംബന്ധമായ അസുഖ സാധ്യത പുകവലിക്കാരനെ അപേക്ഷിച്ച് പകുതിയായി കുറയുന്നു. മദ്യം കഴിക്കുന്നവർക്ക് മിതത്വം പ്രധാനമാണ്. മിതമായ അളവിൽ മദ്യം കഴിക്കുന്നത് ഉയർന്ന എച്ച്ഡിഎൽ (HDL) കൊളസ്‌ട്രോളുമായി ബന്ധപ്പെട്ടിരിക്കുന്നുവെങ്കിലും, നിങ്ങൾ ഇതിനകം മദ്യപിച്ചിട്ടില്ലെങ്കിൽ ആരംഭിക്കാൻ ശുപാർശ ചെയ്യാൻ തക്ക ഗുണങ്ങൾ ഇതിനില്ല.






