ശരീര വേദനകൾ നിസ്സാരമാക്കരുത്, കാത്തിരിക്കുന്നത് വലിയ വൈകല്യങ്ങൾ;

0
2

ന്യൂഡൽഹി: ഗ്രാമീണ മേഖലകളിൽ വിട്ടുമാറാത്ത ശരീരവേദനകൾ അദൃശ്യമായ പകർച്ചവ്യാധിയായി മാറുന്നുവെന്ന് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. റൂസാൻമെഡ് 2025ൽ രാജ്യവ്യാപകമായി നടത്തിയ സർവേയിലാണ് ഗ്രാമീണ ഇന്ത്യയിലെ വേദന സംഹാരി ചികിത്സകളുടെ അപര്യാപ്തതയും വിദഗ്ധരായ ആരോഗ്യപ്രവർത്തകരുടെ കുറവും വ്യക്തമാക്കുന്നത്.

രാജ്യത്തെ 746 ഡോക്ടർമാരെ ഉൾപ്പെടുത്തിയാണ് റൂസാൻമെഡ് സർവേ നടത്തിയത്. ഗ്രാമീണ മേഖലകളിൽ വേദന നിയന്ത്രിക്കുന്നതിനുള്ള ചികിത്സാ സൗകര്യങ്ങൾ ലഭ്യമല്ലെന്നോ അല്ലെങ്കിൽ അപര്യാപ്തമാണെന്നോ 52.3 ശതമാനം ഡോക്ടർമാരും അഭിപ്രായപ്പെടുന്നു. പരിശീലനം ലഭിച്ച ആരോഗ്യപ്രവർത്തകരുടെ കുറവാണ് ഈ മേഖലയിലെ ഏറ്റവും വലിയ വെല്ലുവിളിയായി 52.8 ശതമാനം പേരും ചൂണ്ടിക്കാണിക്കുന്നത്. നഗരങ്ങളിലെ ആശുപത്രികളിലേക്ക് മണിക്കൂറുകൾ യാത്ര ചെയ്താണ് പലരും ചികിത്സയ്ക്കായി എത്തുന്നത്.

ജീവിതശൈലീ രോഗമായി നടുവേദന
നടുവേദനയും കഴുത്തുവേദനയും ഇന്ന് രാജ്യത്തുടനീളം ഒരു ജീവിതശൈലീ രോഗമായി മാറിയിരിക്കുകയാണ്. സ്ഥിരമായി ഇരുന്ന് ജോലി ചെയ്യുന്നവർ, ദിവസേന യാത്ര ചെയ്യുന്നവർ, ശാരീരിക അധ്വാനമുള്ള തൊഴിലാളികൾ എന്നിവരിലെല്ലാം ഇത് സാധാരണമാണ്. എയിംസ് നടത്തിയ ക്ലിനിക്കൽ ഗവേഷണ പ്രകാരം, നടുവേദന ദീർഘകാല ശാരീരിക വൈകല്യത്തിലേക്ക് നയിക്കാൻ 14.3 ശതമാനം സാധ്യതയുണ്ട്. ഗ്രാമീണ മേഖലകളിൽ ദീർഘനേരം ഇരിക്കുന്നതും, തെറ്റായ രീതിയിൽ കുനിയുന്നതും, ദൈനംദിന സമ്മർദങ്ങളുമാണ് നടുവേദനയുടെ പ്രധാന കാരണങ്ങൾ. ഇത്രയധികം ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടും, ഭൂരിഭാഗം ആളുകളും കൃത്യമായ വൈദ്യസഹായം തേടുന്നതിന് പകരം താത്കാലിക ആശ്വാസത്തിനായി ലേപനങ്ങളും ബെൽറ്റുകളും ഉപയോഗിച്ച് വേദന സഹിച്ച് ജീവിക്കുകയാണെന്ന് ഡോക്ടർമാർ പറയുന്നു.

കൃഷി ചെയ്യുന്നതിൻ്റെയോ പ്രായമാകുന്നതിൻ്റെയോ അല്ലെങ്കിൽ വീട്ടിലും പാടത്തും ജോലി ചെയ്യുന്ന സ്ത്രീ ആയതിൻ്റെയോ ഭാഗമാണ് വേദനയെന്നാണ് പല രോഗികളും വിശ്വസിക്കുന്നതെന്ന് നാഗ്പൂരിലെ മിറ്റിഗേറ്റ് പെയിൻ ക്ലിനിക്കിലെ പെയിൻ മാനേജ്മെൻ്റ് സ്പെഷ്യലിസ്റ്റ് ഡോക്ടർ ജേഷ്ണു ടോപ്ലെ വ്യക്തമാക്കുന്നു. എന്നാൽ ഇത് തികച്ചും തെറ്റായ ധാരണയാണ്. വിട്ടുമാറാത്ത നടുവേദനയ്ക്കും കൈകാൽ വേദനകൾക്കും കൃത്യമായ കാരണങ്ങളും ചികിത്സാ രീതികളുമുണ്ട്. ഫിസിയോതെറാപ്പി, ജീവിതശൈലിയിലെ മാറ്റങ്ങൾ, ആധുനിക മരുന്നുകൾ എന്നിവയിലൂടെ ഇത് ഭേദമാക്കാം. വേദന നിശ്ശബ്ദമായി സഹിക്കുന്നത് വൈകല്യത്തിൻ്റെ ആക്കം കൂട്ടുക മാത്രമേയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്വയം ചികിത്സയിലെ അപകടങ്ങൾ
ഡോക്ടറെ കാണുന്നതിന് മുൻപ് രോഗികൾ സ്വയം ചികിത്സ നടത്തുന്നതിൻ്റെ വ്യാപ്തിയും സർവേ വെളിപ്പെടുത്തുന്നുണ്ട്. 32 ശതമാനം ഡോക്ടർമാരും ഇത് സ്ഥിരമായി സംഭവിക്കുന്ന കാര്യമാണെന്ന് പറയുമ്പോൾ, 31.8 ശതമാനം പേർ ചില സമയങ്ങളിൽ ഇങ്ങനെ നടക്കാറുണ്ടെന്ന് വ്യക്തമാക്കുന്നു. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ലഭിക്കുന്ന വേദനസംഹാരികളാണ് 69.6 ശതമാനം പേരും ഉപയോഗിക്കുന്നത്. 49.3 ശതമാനം പേർ ലേപനങ്ങളും, 39.1 ശതമാനം പേർ വീട്ടുവൈദ്യങ്ങളോ ആയുർവേദ മരുന്നുകളോ ഉപയോഗിക്കുന്നു. വെറും 12.1 ശതമാനം രോഗികൾ മാത്രമാണ് സ്വയം ചികിത്സ ഒഴിവാക്കുന്നത്.

അഞ്ച് മുതൽ 10 വർഷം വരെ വേദന സഹിച്ച് ജീവിക്കുന്ന രോഗികളെ താൻ എല്ലാ ആഴ്ചയിലും കാണാറുണ്ടെന്ന് ലഖ്നൗവിലെ ലാപെറ്റോസ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലെ പെയിൻ മാനേജ്മെൻ്റ് വിഭാഗം മേധാവിയും മാനേജിങ് ഡയറക്ടറുമായ ഡോക്ടർ ദേവേന്ദ്ര സിങ് പറയുന്നു. അപ്പോഴേക്കും വേദന അവരുടെ ഉറക്കം, മാനസികാവസ്ഥ, ജോലി, ബന്ധങ്ങൾ എന്നിവയെല്ലാം മാറ്റിമറിച്ചിട്ടുണ്ടാകും. വിട്ടുമാറാത്ത വേദന ഒരു രോഗമാണെന്നും, അത് സഹനശക്തിയുടെ പരീക്ഷണമല്ലെന്നും അദ്ദേഹം ഓർമിപ്പിക്കുന്നു. എത്രയും വേഗം പരിശോധന നടത്തുന്നുവോ അത്രയും എളുപ്പത്തിൽ ചികിത്സിക്കാൻ കഴിയും.

മിതമായതും കഠിനവുമായ വിട്ടുമാറാത്ത വേദനകൾക്ക് ഡോക്ടർമാർ പ്രത്യേക ചികിത്സകൾ നിർദേശിക്കാറുണ്ട്. ദിവസങ്ങളോളം ചർമ്മത്തിലൂടെ കൃത്യമായ അളവിൽ മരുന്ന് ശരീരത്തിലെത്തിക്കുന്ന ട്രാൻസ്ഡെർമൽ പാച്ചുകൾ പോലുള്ള ആധുനിക ചികിത്സാ രീതികൾ ഇപ്പോൾ ലഭ്യമാണ്. ദൂരെയുള്ള ഗ്രാമങ്ങളിൽ നിന്ന് വരുന്ന രോഗികൾക്ക് ഇത്തരം പാച്ചുകൾ വലിയ ആശ്വാസമാണ് നൽകുന്നത്. ഇതിലൂടെ ആശുപത്രി സന്ദർശനങ്ങളുടെ എണ്ണം കുറയ്ക്കാനും, കൃത്യമായ ആശ്വാസം ലഭിക്കാനും സാധിക്കും. വിട്ടുമാറാത്ത വേദനകൾ ചികിത്സിച്ചു ഭേദമാക്കാൻ കഴിയുന്നതാണെന്നും, അതിനുള്ള ആദ്യപടി ഒരു ഡോക്ടറെ സമീപിച്ച് കാര്യങ്ങൾ സംസാരിക്കുകയാണെന്നും ആരോഗ്യവിദഗ്ധർ ആവർത്തിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here