രാജ്യത്തിന്റെ ദേശീയ ഗീതമായ വന്ദേമാതരത്തിന്, ദേശീയഗാനമായ ജനഗണമനയ്‌ക്ക് തുല്യമായ പദവി നൽകാൻ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് നിർണ്ണായക പ്രമേയത്തിന് അംഗീകാരം നൽകിയത്.പശ്ചിമ ബംഗാൾ, തമിഴ്‌നാട്, കേരളം, അസം, പുതുച്ചേരി എന്നീ നാല് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തെയും തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ചൊവ്വാഴ്ച നടന്ന ആദ്യ മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനം എടുത്തത്. പശ്ചിമ ബംഗാളിലെത് ചരിത്ര വിജയമെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രിയെ മന്ത്രിമാർ അഭിനന്ദിച്ചു.
ദേശീയ ബഹുമതികളോടുള്ള അവഹേളനം തടയുന്ന നിയമത്തിൽ ആവശ്യമായ ഭേദഗതികൾ വരുത്താനും കേന്ദ്രം തീരുമാനിച്ചു.ഇതോടെ, വന്ദേമാതരത്തെ അവഹേളിക്കുന്നതും ആലപിക്കുന്നത് തടസ്സപ്പെടുത്തുന്നതും ക്രിമിനൽ കുറ്റമായി മാറും.ബംഗാൾ, അസം വിജയങ്ങൾ ആഘോഷിക്കുന്നതിനിടെയാണ് ബംഗാളിന്റെ സാംസ്കാരിക അടയാളമായ ബങ്കിം ചന്ദ്ര ചതോപാധ്യായയുടെ വന്ദേമാതരത്തിന് അർഹമായ പദവി നൽകാൻ സർക്കാർ തയ്യാറായത്.
വരും ദിവസങ്ങളിൽ തന്നെ ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങും.നിലവിൽ, ദേശീയ പതാകയെയോ, ഭരണഘടനയെയോ, ദേശീയഗാനത്തെയോ അപമാനിക്കുന്ന കേസുകളിൽ തടവ്, പിഴ, അല്ലെങ്കിൽ രണ്ടും ഉൾപ്പെടെയുള്ള ശിക്ഷകൾ നൽകാൻ നിയമം വ്യവസ്ഥ ചെയ്യുന്നു. ഈ നിയമം ഭേദഗതി ചെയ്ത് ഈ വ്യവസ്ഥകൾ വന്ദേമാതരത്തിലേക്ക് വ്യാപിപ്പിക്കും, അതായത് ലംഘനങ്ങൾക്ക് സമാനമായ നിയമപരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകാം.
നിലവിലുള്ള നിയമങ്ങൾ പ്രകാരം, ദേശീയഗാനം ആലപിക്കുന്നത് മനഃപൂർവ്വം തടയുകയോ തടസ്സപ്പെടുത്തുകയോ ചെയ്യുന്ന ഏതൊരു വ്യക്തിക്കും 3 വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ നേരിടേണ്ടിവരും. ആവർത്തിച്ചുള്ള കുറ്റകൃത്യങ്ങൾക്ക് കുറഞ്ഞത് ഒരു വർഷം തടവ് ശിക്ഷ ലഭിക്കും.
ഭേദഗതി പ്രാബല്യത്തിൽ വരുന്നതോടെ ഈ വ്യവസ്ഥകൾ വന്ദേ മാതരത്തിനും ബാധകമാകുമെന്ന് പ്രതീക്ഷിക്കുന്നു.ബങ്കിം ചന്ദ്ര ചതോപാധ്യായ രചിച്ച വന്ദേമാതരം ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിലും സാംസ്കാരിക ചരിത്രത്തിലും ഒരു പ്രത്യേക സ്ഥാനമാണ് വഹിക്കുന്നത്. രാജ്യം ഈ മഹത്തായ രചനയുടെ 150-ാം വാർഷികം ആഘോഷിക്കുന്ന സമയത്താണ് കേന്ദ്രത്തിന്റെ ഈ സുപ്രധാന നീക്കം.







