തിങ്കളാഴ്‌ചയും ചൊവ്വാഴ്‌ചയും കുടിവെള്ള വിതരണം മുടങ്ങുമെന്ന് ജലഅതോറിറ്റി അറിയിച്ചു.
കോഴിക്കോട്: മലാപ്പറമ്പിൽ പൊടുന്നനെ കുടിവെള്ള പൈപ്പ് പൊട്ടി. ഇതിനുപിന്നാലെ നിരവധി വീടുകളിൽ വെള്ളവും ചളിയും കയറി. ഫ്ലോറിക്കൻ റോഡില്‍ പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം. പൈപ്പ് പൊട്ടിയതോടെ റോഡിൽ വൻ ഗർത്തം രൂപപ്പെടുകയായിരുന്നു. തുടർന്ന് റോഡ് അടച്ചു. കുടിവെള്ള പൈപ്പ് പൊട്ടുകയും വെള്ളം ഇരച്ചെത്തുകയുമായിരുന്നു. തുടര്‍ന്ന് സമീപത്തുള്ള മൂന്നോളം വീടുകളിലാണ് വെള്ളം കയറിയത്.
റോഡ് തകര്‍ന്നതിന് പിന്നാലെ വലിയ ഗര്‍ത്തം രൂപപ്പെട്ടു. റോഡില്‍ ഗതാഗതം തടസ്സപ്പെട്ട നിലയിലാണുള്ളത്. ശബ്‌ദം കേട്ടതിന് പിന്നാലെയാണ് പ്രദേശത്തുള്ളവര്‍ സംഭവം അറിയുന്നത്. വീടുകളുടെ മുറ്റത്തുവരെ വെള്ളമെത്തി. തിങ്കളാഴ്‌ചയും ചൊവ്വാഴ്‌ചയും കുടിവെള്ള വിതരണം മുടങ്ങുമെന്ന് ജലഅതോറിറ്റി അറിയിച്ചു.
മലാപ്പറമ്പ് ഔട്ലെറ്റ് വാൾവ് പൂട്ടിയതിനെ തുടർന്നാണിത്. പൈപ്പ് പൊട്ടിയത് പരിഹരിക്കാന്‍ സമയമെടുക്കുമെന്നാണ് ലഭിക്കുന്ന വിവരം. പൈപ്പ് പൊട്ടുന്നത് സ്ഥിരമായി മാറിയിരിക്കുകയാണെന്നും വലിയ ബുദ്ധിമുട്ടാണ് ഉണ്ടാകുന്നതെന്നും നാട്ടുകാർ പറയുന്നു. വെള്ളത്തിൻ്റെ ശക്തികാരണം മതിൽ തകർന്നുവെന്നും വീടിനുള്ളിൽ മുഴുവൻ വെള്ളമായിരുന്നുവെന്നും പ്രദേശവാസി പറഞ്ഞു.
ജല അതോറിറ്റി അവശ്യപരിശോധനയും നവീകരണപ്രവർത്തനങ്ങളും ഉടൻ ആരംഭിക്കുമെന്ന് അറിയിച്ചു. കഴിഞ്ഞദിവസവും ഇതേ സ്ഥലത്ത് കുടിവെള്ള പൈപ്പ് പൊട്ടിയിരുന്നു. പിന്നാലെ ഗതാഗതം തടസ്സപ്പെട്ടിരുന്നു. 50 വർഷം പഴക്കമുള്ള പൈപ്പാണ് തകർന്നത് എന്ന് നഗരസഭ അധികൃതരും അറിയിച്ചു. കൊച്ചിയിൽ കഴിഞ്ഞ ദിവസം കൂറ്റൻ വാട്ടർടാങ്ക് തകർന്നു വലിയ നാശനഷ്‌ടം സംഭവിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കോഴിക്കോട്ടും “ജലബോംബ്” പൊട്ടിയത്.





