ഗ്രാമീണതപാല്‍ ഇന്‍ഷ്വറന്‍സ് പോളിസികള്‍ (RPLI)

0
51

1884 ഫെബ്രവരി ഒന്നിനാണ് പോസ്റ്റല്‍ ലൈഫ് ഇന്‍ഷ്വറന്‍സിന്‍റ ജനനം. ഇന്ത്യാ രാജ്യത്തിലെ ആദ്യ ഇന്‍ഷ്വറന്‍സ് സംരംഭം. ആദ്യകാലഘട്ടത്തില്‍ തപാല്‍ ജീവനക്കാരെ മാത്രമാണുള്‍ക്കൊള്ളിച്ചിരുന്നത്. പിന്നീട്  കേന്ദ്രസംസ്ഥാനജീവനക്കാര്‍ മറ്റ് പൊതുമേഖലാസഹകരണമേഖലക്കാര്‍ പ്രതിരോധമേഖലക്കാര്‍ തുടങ്ങിയവരെക്കൂടി കൂടെക്കൂട്ടി. ഇനി ഇതിലൊന്നും പെടാത്തവരെയും തപാല്‍ വകുപ്പ് നന്നായി പരിഗണിച്ചിട്ടുണ്ട്. ഗ്രാമീണമേഖലയ്ക്കുള്ള പരിഗണനകളിലൂടെ നമുക്കൊന്ന് സഞ്ചരിക്കാം. ഗ്രാമീണമേഖലയില്‍ ജിവിക്കുന്നവരുടെ ലൈഫ് ഇന്‍ഷ്വറന്‍സ് ഉറപ്പാക്കുകയാണ് ഗ്രാമീണതപാല്‍ ഇന്‍ഷ്വറന്‍സ് പോളിസികളുടെ ലക്‌ഷ്യം.

പോസ്റ്റ് ഓഫീസിന്റെ ഒരു മണിബാക്ക് ഇന്‍ഷുറന്‍സ് പദ്ധതിയാണ് ഗ്രാമപ്രിയ. ഈ പദ്ധതി ദീര്‍ഘകാല നിക്ഷേപകരെ ലക്ഷ്യമിട്ടുള്ളതാണ്. 10 വര്‍ഷത്തിനുള്ളില്‍  ഗണ്യമായ തുക നേടാന്‍ ഈ പദ്ധതി വഴിയൊരുക്കും. റൂറല്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് (ആര്‍പിഎല്‍ഐ) എന്നറിയപ്പെടുന്നു. ലൈഫ് ഇന്‍ഷുറന്‍സ് കവറും, പീരിയോഡിക് റിട്ടേണും പദ്ധതി ഉറപ്പാക്കുന്നു. 10 വര്‍ഷത്തേയ്ക്ക് കുടുംബത്തിന് മൊത്തം ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കാന്‍ ഗ്രാമപ്രിയ സ്‌കീം വഴി സാധിക്കും. എന്തെങ്കിലും അപ്രതീക്ഷിത സംഭവമുണ്ടായാല്‍ ഉടനടി പിന്തുണയും കിട്ടും. ഈ പദ്ധതി ഗ്രാമപ്രദേശങ്ങള്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്. പദ്ധതിയില്‍ അംഗമാകാനുള്ള ഏറ്റവും കുറഞ്ഞ പ്രായപരിധി 19 വയസാണ്. ഉയര്‍ന്ന പരിധി 45 വയസും. ഏറ്റവും കുറഞ്ഞ സം അഷ്വേര്‍ഡ് 10,000 രൂപയാണ്. പരമാവധി തുക 5 ലക്ഷമാണ്. പ്രതിമാസം പ്രീമിയം അടയ്ക്കാം. ഉദാഹരണത്തിന്,  5 ലക്ഷം രൂപയുടെ കവര്‍ എടുക്കുന്നുവെങ്കിൽ പ്രതിമാസ നിക്ഷേപം ഏകദേശം 5,068 രൂപയായിരിക്കും.

പദ്ധതി 10 വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കുന്ന പക്ഷം മികച്ച റിട്ടേണാണ് കാത്തിരിക്കുന്നത്. ഇവിടെ  റിട്ടേണിനെ അതുല്യമാക്കുന്നത് ബോണസു കൂടിയാണ്. സം അഷ്വേര്‍ഡ് ചെയ്ത ഓരോ ആയിരം രൂപയ്ക്കും 45 രൂപ വാര്‍ഷിക ബോണസ് പദ്ധതി വാഗ്ദാനം ചെയ്യുന്നു. 5 ലക്ഷം കവറിന് വാര്‍ഷിക ബോണസ് 22,500 രൂപയായിരിക്കും. അതായത് 10 വര്‍ഷത്തെ നിങ്ങളുടെ ആകെ ബോണസ് തുക 2,25,000 രൂപയായിരിക്കും.

പദ്ധതിയുടെ 10 വര്‍ഷം കാലാവധിയെ മൂന്നായി തിരിക്കുന്നു. 4 വര്‍ഷം, 7 വര്‍ഷം, 10 വര്‍ഷം. 4 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ സം അഷ്വേര്‍ഡിന്റെ 20%, അതായത് 1 ലക്ഷം രൂപ. 7 -ാം വര്‍ഷം പൂര്‍ത്തിയാക്കുമ്പോഴും ഇതു തന്നെ കിട്ടും. ഇനി 10 -ാം വര്‍ഷം അതായത് കാലാവധി പൂര്‍ത്തികരിക്കുമ്പോള്‍ സം അഷ്വേര്‍ഡിന്റെ 60 ശതമാനത്തിനൊപ്പം മൊത്തം ബോണസും കിട്ടും. അതായത് മൊത്തം കാലാവധിയില്‍ 7.25 ലക്ഷം രൂപ ലഭിക്കും.  പോസ്റ്റ് ഓഫീസിന്റെ സാധാരണ നിക്ഷേപ പദ്ധതികളില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു നിക്ഷേപപദ്ധതിയാണിത്. മറ്റു നിക്ഷേപ മാര്‍ഗങ്ങളേക്കാള്‍ മികച്ച റിട്ടേണും, സുരക്ഷയും പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികള്‍ക്ക്  ലഭിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here