വോട്ടർ പട്ടികയിൽ നിന്ന് വെട്ടിയത് 1 കോടി പേരെ; കേരളത്തിൽ കരട് പട്ടിക 23ന്,

0
73

വോട്ടർ പട്ടിക സംബന്ധിച്ച് പരാതിയുള്ളവർക്ക് 1950ലെ നിയമപ്രകാരം ജില്ലാ മജിസ്‌ട്രേറ്റിനും തുടർന്ന് ചീഫ് ഇലക്ടറൽ ഓഫിസർക്കും അപ്പീൽ നൽകാവുന്നതാണ്

കൊൽക്കത്ത/ജയ്‌പൂർ: രാജസ്ഥാൻ, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ വോട്ടർ പട്ടികയിൽ നിന്ന് ലക്ഷക്കണക്കിന് പേരെ നീക്കം ചെയ്തു. തെരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം പശ്ചിമ ബംഗാളിൽ 58,20,899 വോട്ടർമാരെയും രാജസ്ഥാനിൽ ഏകദേശം 41,85,000 വോട്ടർമാരെയുമാണ് കരട് വോട്ടർ പട്ടികയിൽ നിന്നും ഒഴിവാക്കിയത്. രാജസ്ഥാനിൽ 199 നിയമസഭാ മണ്ഡലങ്ങളിലെ കരട് വോട്ടർ പട്ടികയാണ് പ്രസിദ്ധീകരിച്ചത്.

പശ്ചിമ ബംഗാളിലെ 24 ജില്ലകളിലെ ഉദ്യോഗസ്ഥർ, 294 ഇആർഒമാർ, 3059 എഇആർഒമാർ, 80,681 ബൂത്തുകളിലെ ബിഎൽഒമാർ എന്നിവരുടെ ഏകോപിപ്പിച്ച പ്രവർത്തനങ്ങളിലൂടെയാണ് വോട്ടർ പട്ടിക പുതുക്കൽ നടപടികൾ പുരോഗമിക്കുന്നത്. എട്ട് അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളും 1,81,454 ബൂത്ത് ലെവൽ ഏജൻ്റുമാരും ഈ പ്രവർത്തനങ്ങളിൽ പങ്കാളികളായി. കരട് പട്ടികയിൽ പേര് ഇല്ലെങ്കിൽ ഫോം ആറും അനുബന്ധ രേഖകളും നൽകി അപേക്ഷിക്കാം. നിലവിൽ 3.24 ലക്ഷം പുതിയ അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. പശ്ചിമ ബംഗാളിലെ അന്തിമ വോട്ടർ പട്ടിക 2026 ഫെബ്രുവരി 14ന് പ്രസിദ്ധീകരിക്കും.

വോട്ടർ പട്ടിക സംബന്ധിച്ച് പരാതിയുള്ളവർക്ക് 1950ലെ നിയമപ്രകാരം ജില്ലാ മജിസ്‌ട്രേറ്റിനും തുടർന്ന് ചീഫ് ഇലക്ടറൽ ഓഫിസർക്കും അപ്പീൽ നൽകാവുന്നതാണ്. അപ്പീൽ നൽകുന്നതിനും പരിശോധനയ്ക്കുമുള്ള സമയം ഡിസംബർ 16 മുതൽ 2026 ഫെബ്രുവരി ഏഴ് വരെയായിരിക്കും. കരട് വോട്ടർ പട്ടിക പ്രാദേശിക ബൂത്ത് ലെവൽ ഓഫിസറുടെ (ബിഎൽഒ) കൈവശം ലഭ്യമാണ്. കൂടാതെ ഇസിഐനെറ്റ് (ECINET) മൊബൈൽ ആപ്പ് വഴിയും voters.eci.gov.in എന്ന വെബ്സൈറ്റ് വഴിയും പൊതുജനങ്ങൾക്ക് പട്ടിക പരിശോധിക്കാവുന്നതാണ്. പ്രത്യേക പരിശോധന മാർഗരേഖയിലെ ഖണ്ഡിക അഞ്ച് (ബി) പ്രകാരം, പ്രസിദ്ധീകരിച്ച കരട് പട്ടികയിൽ നിന്ന് മുന്നറിയിപ്പ് നോട്ടിസ് നൽകാതെ ആരുടെയും പേര് നീക്കം ചെയ്യില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കിയിട്ടുണ്ട്.

ചീഫ് ഇലക്ടറൽ ഓഫിസർ നവീൻ മഹാജൻ നൽകിയ വിവരമനുസരിച്ച് പ്രധാനമായും നാല് കാരണങ്ങൾ കൊണ്ടാണ് രാജസ്ഥാനിൽ 41,85,000 വോട്ടർമാരെ ഒഴിവാക്കിയത്. സ്ഥിരമായ സ്ഥലംമാറ്റമാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ട കാരണം. കൂടാതെ മരിച്ചവർ, സ്ഥലത്തില്ലാത്തവർ, ഇരട്ട വോട്ടുള്ളവർ എന്നിവരെയും പട്ടികയിൽ നിന്നും നീക്കം ചെയ്തിട്ടുണ്ട്. ഡിസംബർ ആറ്, ഏഴ് തീയതികളിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായി നടത്തിയ യോഗത്തിൽ നീക്കം ചെയ്യേണ്ട വോട്ടർമാരുടെ വിവരങ്ങൾ കൈമാറിയിരുന്നു. അതിനാൽ പട്ടികയിൽ നിന്നും ഒഴിവാക്കപ്പെട്ട വ്യക്തികൾക്ക് ഇതിനായി പ്രത്യേക നോട്ടിസ് അയക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒഴിവാക്കപ്പെട്ടവരുടെ വിവരങ്ങൾ കലക്ടർ, ജില്ലാ ഇലക്ഷൻ ഓഫിസർ തുടങ്ങിയവരുടെ വെബ്സൈറ്റുകളിൽ ലഭ്യമാണ്.

പശ്ചിമ ബംഗാളിൽ ആകെ വോട്ടർമാരുടെ 7.59 ശതമാനം പേരെയാണ് നീക്കം ചെയ്തത്. ഇത് 58 ലക്ഷത്തിലധികം വരും. മരണം, കണ്ടെത്താനാകാത്തവർ, സ്ഥിരമായി സ്ഥലംമാറിയവർ എന്നിവയാണ് ഇവിടുത്തെയും പ്രധാന കാരണങ്ങൾ. ഡിസംബർ 11വരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ ആകെയുള്ള 7,66,37,529 വോട്ടർമാരിൽ 7,08,16,630 പേർ തങ്ങളുടെ വിവരങ്ങൾ സമർപ്പിച്ചിട്ടുണ്ട്. എന്നാൽ പട്ടികയിൽ നിന്നും പേര് ഒഴിവാക്കപ്പെട്ട അർഹരായ വോട്ടർമാർക്ക് ഡിസംബർ 16 മുതൽ 2026 ജനുവരി 15 വരെ തടസവാദങ്ങളും പരാതികളും ഉന്നയിച്ച് പേര് തിരികെ ചേർക്കാൻ അവസരമുണ്ട്.

മറ്റ് സംസ്ഥാനങ്ങളിലെ നടപടികൾ

രാജസ്ഥാനും ബംഗാളിനും പുറമെ ഗോവ, പുതുച്ചേരി, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ കരട് പട്ടികയും ചൊവ്വാഴ്ച പ്രസിദ്ധീകരിച്ചിട്ടുണ്ട്. തമിഴ്‌നാട്, ഗുജറാത്ത് എന്നിവിടങ്ങളിലെ കരട് പട്ടിക ഡിസംബർ 19ന് പ്രസിദ്ധീകരിക്കും. മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ആൻഡമാൻ നിക്കോബാർ എന്നിവിടങ്ങളിലെ കണക്കെടുപ്പ് ഡിസംബർ 18ന് അവസാനിക്കുകയും കരട് പട്ടിക ഡിസംബർ 23ന് പുറത്തിറങ്ങുകയും ചെയ്യും. ഉത്തർപ്രദേശിൽ സമയപരിധി 15 ദിവസം നീട്ടിയിട്ടുണ്ട്. അവിടെ ഡിസംബർ 26ന് കണക്കെടുപ്പ് അവസാനിക്കുകയും ഡിസംബർ 31ന് കരട് പട്ടിക പ്രസിദ്ധീകരിക്കുകയും ചെയ്യും.

കേരളത്തിൽ കരട് പട്ടിക 23ന്

കേരളത്തിൽ വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട കണക്കെടുപ്പ് ഡിസംബർ 18ന് അവസാനിക്കുകയും കരട് പട്ടിക ഡിസംബർ 23ന് പ്രസിദ്ധീകരിക്കുകയും ചെയ്യും. കേരളത്തിലെ അന്തിമ വോട്ടർ പട്ടിക 2026 ഫെബ്രുവരി 21നായിരിക്കും പുറത്തിറങ്ങുക. നേരത്തെ ഇത് ഫെബ്രുവരി 14 എന്നായിരുന്നു നിശ്ചയിച്ചിരുന്നത്. സുതാര്യവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ പരിശോധന നടപടികളാണ് കമ്മിഷൻ സ്വീകരിക്കുന്നത്. അർഹരായ ഒരാൾ പോലും ഒഴിവാക്കപ്പെടില്ലെന്നും അനർഹരായ ആരും പട്ടികയിൽ ഉണ്ടാവില്ലെന്നും ഉറപ്പുവരുത്തും.

LEAVE A REPLY

Please enter your comment!
Please enter your name here