തിരുവനന്തപുരം: കിഫ്ബി മസാലബോണ്ട് ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയന് ഇഡി (എൻഫോഴ്സ്മെൻ്റ് ഡയറക്‌ടറേറ്റിൻ്റ്) നോട്ടിസ്. അന്വേഷണത്തിൽ ഫെമ ചട്ടലംഘനം കണ്ടെത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഇഡി നടപടി. ഇക്കഴിഞ്ഞ ശനിയാഴ്‌ചയാണ് (നവംബര്‍ 29) മുഖ്യമന്ത്രി, മുൻ ധനമന്ത്രി തോമസ് ഐസക്ക്, കിഫ്ബി ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ളവർക്ക് ഇഡി അഡ്‌ജുഡിക്കേറ്റിങ് അതോറിറ്റി നോട്ടിസ് നൽകിയത്.
മുഖ്യമന്ത്രി നേരിട്ടോ, പ്രതിനിധി വഴിയോ നോട്ടിസിന് മറുപടി നൽകിയാൽ മതിയാകും. മസാല ബോണ്ട് ഇടപാടിൽ വിദേശനാണ്യ വിനിമയ ചട്ട ലംഘനം ഉണ്ടായെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. മസാല ബോണ്ട് ഇടപാടിൽ അന്വേഷണം തുടങ്ങി മൂന്ന് വർഷത്തിന് ശേഷമാണ് കേന്ദ്ര ഏജൻസി നോട്ടിസ് നൽകിയത്. വിശദീകരണം തേടിയ ശേഷമായിരിക്കും തുടർ നടപടികൾ സ്വീകരിക്കുക.
മൂന്ന് വര്‍ഷത്തിലേറെ നടന്ന അന്വേഷണത്തൊടുവിലാണ് ഇഡി അഡ്‌ജുഡിക്കേറ്റിങ് മുമ്പാകെ കംപ്ലയിൻ്റ് സമര്‍പ്പിച്ചത്. ഇഡിയുടെ റിപ്പോര്‍ട്ട് പ്രകാരം മസാല ബോണ്ടില്‍ നിന്നും ലഭിച്ച പണം അടിസ്ഥാന സൗകര്യ പദ്ധതികള്‍ക്ക് വേണ്ടി ഉപയോഗിച്ചത് ചട്ടലംഘനമാണെന്നാണ് ഇഡിയുടെ കണ്ടെത്തല്‍.
2019 ജനുവരി 17ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് ബോണ്ടിറക്കാനുള്ള നടപടികൾ പൂർത്തിയാക്കാൻ തീരുമാനിച്ചത്. 9.72 ശതമാനം പലിശയില്‍ ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ മസാല ബോണ്ട് ഇറക്കി 2150 കോടിയാണ് കിഫ്ബി വഴി സമാഹരിച്ചത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കിഫ്ബി ബോര്‍ഡ് യോഗത്തിലാണ് മസാല ബോണ്ട് ഇറക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചത്.
കിഫ്ബി ചെയർമാൻ എന്ന നിലയിലാണ് മസാല ബോണ്ട് ഇടപാടിൽ മുഖ്യമന്ത്രിയെ കൂടി ഇഡി അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയത്. മസാല ബോണ്ട് ഇപാടിൽ ഇഡി അഡ്‌ജുഡിക്കേറ്റിങ് അതോറിറ്റിക്ക് റിപ്പോർട്ട് നൽകിയിരുന്നു. അർധ ജുഡീഷ്യൽ സ്ഥാപനമായ അതോറിറ്റി നോട്ടിസിന് ലഭിക്കുന്ന മറുപടി പരിശോധിച്ച് ആവശ്യമെങ്കിൽ മാത്രമായിരിക്കും തുടർ നടപടികൾ സ്വീകരിക്കുക.
അതേസമയം കോടതിയിൽ മുഖ്യമന്ത്രി ഉൾപ്പടെയുള്ളവർക്ക് ഇഡി അഡ്‌ജുഡിക്കേറ്റിങ് അതോറിറ്റിയുടെ നടപടി ചോദ്യം ചെയ്യാൻ കഴിയും. അന്വേഷണത്തിന്‍റെ ഭാഗമായി നേരത്തെ തോമസ് ഐസക്കിന് രണ്ട് തവണ നോട്ടിസ് നൽകിയിരുന്നു.







