അമേരിക്കയുടെ ആഭ്യന്തര താത്പര്യങ്ങളെ ഭരണകൂടം അവഗണിച്ചെന്നും പെൻ്റഗൺ പുറത്തിറക്കിയ നിർദേശത്തിൽ ചൂണ്ടിക്കാട്ടുന്നു.
വാഷിങ്ടൺ: ദേശീയ പ്രതിരോധ തന്ത്രം പുറത്തിറക്കി അമേരിക്കൻ പ്രതിരോധ മന്ത്രാലയമായ ‘പെൻ്റഗൺ’. അമേരിക്കൻ സഖ്യ കക്ഷികളുടെ സുരക്ഷ സ്വയം ഏറ്റെടുക്കാനും ചൈനയെ നേരിടുക എന്ന ദീർഘകാല ലക്ഷ്യത്തേക്കാൾ പടിഞ്ഞാറൻ രാജ്യങ്ങളിലേക്ക് ശ്രദ്ധ വിപുലീകരിക്കാനും പെൻ്റഗൺ കർശനമായി നിർദേശിക്കുന്നുണ്ട്.
അമേരിക്കയുടെ ആഭ്യന്തര താത്പര്യങ്ങളെ ഭരണകൂടം അവഗണിച്ചെന്നും പെൻ്റഗൺ പുറത്തിറക്കിയ നിർദേശത്തിൽ ചൂണ്ടിക്കാട്ടുന്നു. അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിൻ്റെ തീരുവ ചുമത്തുന്നത് ഉൾപ്പെടെയുള്ള നടപടികൾ യൂറോപ്യൻ രാജ്യങ്ങളുമായി അകൽച്ചയുണ്ടാക്കാൻ കാരണമായെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി. ലോക സാമ്പത്തിക വേദിയിൽ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർനെയുമായുണ്ടായ തർക്കത്തെ കുറിച്ച് മുന്നറിയിപ്പും പെൻ്റഗൺ നൽകിയതായി റിപ്പോർട്ടുണ്ട്.
കാനഡ പോലുള്ള അയൽക്കാരുമായി അമേരിക്ക നല്ല ബന്ധം കാത്തു സൂക്ഷിക്കും. എന്നാൽ അവർ അമേരിക്കയുടെ പൊതു താത്പര്യങ്ങളെ ബഹുമാനിക്കുകയും ചെയ്യണം. രാജ്യങ്ങൾ മറിച്ചാണ് പ്രവര്‍ത്തിക്കുന്നതെങ്കിൽ കർശന നടപടികളുമായി അമേരിക്ക മുന്നോട്ട് പോകുമെന്നും പെൻ്റഗൺ പുറത്തിറക്കിയ നിർദേശത്തിൽ വ്യക്തമാക്കുന്നു.
ലോക രാജ്യങ്ങളുമായുള്ള വാണിജ്യപരവും സൈനികപരവുമായ ഇടപാടുകൾക്ക് അമേരിക്കയുടെ ശത്രുതാ മനോഭാവം വലിയ രീതിയിലുള്ള തിരിച്ചടി നേരിടേണ്ടി വരുമെന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് പറഞ്ഞു.
പനാമ കനാവും ഗ്രീൻലാൻഡും
പനാമ കനാലിലേക്കും ഗ്രീൻലാൻഡിലേക്കും ഉള്ള അമേരിക്കയുടെ പ്രവേശനത്തെ പെൻ്റഗൺ പുറത്തിറക്കിയ നിർദേശത്തിൽ പ്രത്യേകം പരാമർശിക്കുന്നുണ്ട്. നാറ്റോ ജനറൽ സെക്രട്ടറി മാർക്ക് റുട്ടെയുമായി ട്രംപ് കൂടിക്കാഴ്‌ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഗ്രീൻലാൻഡിലേക്കുള്ള അമേരിക്കയുടെ പ്രവേശനത്തിന് പൂർണ പിന്തുണയുമായി ഡെന്മാർക്ക് കടന്നു വരുന്നത്.
ചൈനയും ഏഷ്യ-പസഫിക് മേഖലയും
ഇന്തോ-പസഫിക് മേഖലയിലെ ശക്തമായ സാന്നിധ്യമായാണ് ചൈനയെ അമേരിക്ക കാണുന്നത്. എന്നാൽ ചൈനയുടെ മേൽ അമേരിക്കൻ ആധിപത്യം സ്ഥാപിക്കുകയോ അപമാനിക്കുകയോ അല്ല ലക്ഷ്യമെന്നും പോരാട്ടം ആവശ്യമില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ചൈനയുമായി സുസ്ഥിരമായ സുഹൃദ് ബന്ധം അമേരിക്ക ആഗ്രഹിക്കുന്നതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.
എന്നാൽ നാറ്റോയിൽ അംഗമായ കിഴക്കൻ രാജ്യങ്ങൾക്ക് ഭാവിയിൽ ഭീഷണിയായേക്കാവുന്ന രാജ്യമാണ് റഷ്യ എന്നാണ് പെൻ്റഗണിൻ്റെ വാദം. എന്നാൽ എതിരാളികളെ നേരിടാൻ നാറ്റോ സജ്ജമാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
‘ബോർഡ് ഓഫ് പീസ്’ അമേരിക്കയുടെ സമാധാന സമിതി
അമേരിക്കയുടെ സമാധാന സമിതിയായ ‘ബോർഡ് ഓഫ് പീസ്’ കഴിഞ്ഞ ദിവസമാണ് രൂപം കൊണ്ടത്. പലസ്‌തീൻ- ഇസ്രയേൽ സംഘർഷം ഉൾപ്പടെയുള്ള യുദ്ധ സമാനമായ സംഘർഷങ്ങൾ അവസാനിപ്പിക്കാനും സമാധാനം പുഃനസ്ഥാപിക്കാനും ഡൊണാൾഡ് ട്രംപിൻ്റെ നേതൃത്വത്തിൽ രൂപീകരിച്ചതാണ് ബോർഡ് ഓഫ് പീസ്. എന്നാൽ ഫ്രാൻസ്, യുകെ, ചൈന, ജർമ്മനി തുടങ്ങി നിരവധി രാജ്യങ്ങൾ “ബോർഡ് ഓഫ് പീസ്” ൻ്റെ ഒപ്പുവയ്‌ക്കൽ ചടങ്ങിൽ നിന്ന് വിട്ടുനിന്നിരുന്നു.






