പാര്‍ലമെന്‍റ് ശീതകാല സമ്മേളനം ഇന്ന് മുതല്‍;

0
32

പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളനം ഇന്ന് തുടങ്ങും. എസ്‌ഐആറും ചെങ്കോട്ട സ്‌ഫോടനവും സഭയില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം. 13 ബില്ലുകള്‍ സഭയില്‍ പരിഗണിക്കും.

ന്യൂഡല്‍ഹി: പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കമാകും. എസ്‌ഐആറും (തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം) ചെങ്കോട്ട സ്‌ഫോടനവും അടക്കമുള്ള വിഷയങ്ങള്‍ പ്രതിപക്ഷം സഭയില്‍ ഉന്നയിക്കും. ഈ വിഷയങ്ങളില്‍ ചര്‍ച്ച നടത്തണമെന്ന് കോണ്‍ഗ്രസും സിപിഎമ്മും സിപിഐയും അടക്കം സര്‍വകക്ഷി യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു.

എസ്‌ഐആര്‍ വിഷയത്തില്‍ ചര്‍ച്ച നടന്നില്ലെങ്കില്‍ സഭാ നടപടികള്‍ തടസപ്പെടുത്തുമെന്നും ചില നേതാക്കള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അതേസമയം സമ്മേളനം സുഗമമാക്കാന്‍ സഹകരിക്കണമെന്ന് സര്‍ക്കാരും അഭ്യര്‍ഥിച്ചു. ഡല്‍ഹി സ്‌ഫോടനം ആഭ്യന്തര സുരക്ഷ അപകടത്തിലാക്കിയെന്നും അതുകൊണ്ട് വിഷയം ചര്‍ച്ച ചെയ്യണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

എസ്‌ഐആര്‍ സംബന്ധിച്ചുള്ള ചര്‍ച്ച നടത്തിയിട്ടില്ലെങ്കില്‍ തെരഞ്ഞെടുപ്പ് പരിഷ്‌കരണം ചര്‍ച്ചയ്‌ക്കെടുത്താല്‍ മതിയെന്നും അപ്പോള്‍ എസ്‌ഐആര്‍ അവതരിപ്പിക്കാമെന്ന് സിപിഎമ്മും പറഞ്ഞു. എസ്‌ഐഐആറിന് പുറമെ ലേബര്‍ കോഡ്, പിഎംശ്രീ എന്നീ വിഷയങ്ങളും ചര്‍ച്ചയ്‌ക്കെടുക്കണമെന്ന് മുസ്‌ലീം ലീഗും പറഞ്ഞു. 36 പാര്‍ട്ടികളില്‍ നിന്നായി 50 നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു.

ഡല്‍ഹിയിലെ വായു മലിനീകരണം, വിലക്കയറ്റം, തൊഴിലില്ലായ്‌മ, പുതിയ തൊഴില്‍ നയം, സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്ര വിഹിതം എന്നിവയും സഭയില്‍ ചര്‍ച്ചയാകും. കൂടാതെ ആണവോർജ ഭേദഗതി ബിൽ‍, ഉന്നതവിദ്യാഭ്യാസ കമ്മിഷൻ ബിൽ, ജൻവിശ്വാസ്‌ ബിൽ, പാപ്പർ ചട്ട ഭേദഗതി ബിൽ, മണിപ്പൂർ ജിഎസ്‌ടി ബിൽ, ഇൻഷുറൻസ്‌ ഭേദഗതി ബിൽ, ദേശീയപാത ഭേദഗതി ബിൽ, കോർപ്പറേറ്റ്‌ നിയമ ഭേദഗതി ബിൽ തുടങ്ങി 13 ബില്ലുകളാണ് സഭയില്‍ പരിഗണിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here