അടുത്ത വർഷം ജൂൺ 11 മുതൽ ജൂലൈ 19 വരെയാണ് ലോകകപ്പ്.
വാഷിങ്‌ടണ്‍: 2026 ഫിഫ ലോകകപ്പിൻ്റെ മത്സര ചിത്രം തെളിഞ്ഞു. ഇതാദ്യമായി ലോകകപ്പില്‍ 48 ടീമുകള്‍ അണിനിരക്കും. യുഎസ്എ, മെക്‌സിക്കോ, കാനഡ എന്നിവിടങ്ങളിലുമായി അടുത്ത വർഷം ജൂൺ 11 മുതൽ ജൂലൈ 19 വരെയാണ് ലോകകപ്പ്. ലോക ചാമ്പ്യന്മാരായ അര്‍ജന്‍റീന ഗ്രൂപ്പ് ജെയിലും അഞ്ചുതവണ ജേതാക്കളായ ബ്രസീല്‍ ഗ്രൂപ്പ് സിയിലും മത്സരിക്കും. നിലവിലെ റണ്ണറപ്പുകളായ എംബാപ്പെയുടെ ഫ്രാന്‍സ് ഗ്രൂപ്പ് ‘ഐ’ലാണ്. എര്‍ലിങ് ഹാളണ്ടിന്‍റെ നോര്‍വെയും സെനഗലുമാണ് ഐ ഗ്രൂപ്പിലെ മറ്റ് ടീമുകള്‍.
കായികരംഗത്തെ ഏറ്റവും പ്രബലരായ രണ്ട് സൂപ്പര്‍ താരങ്ങള്‍ ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റുമുട്ടുന്നത് ആവേശമാകും. ജൂൺ 11 ന് മെക്സിക്കോ ദക്ഷിണാഫ്രിക്ക മത്സരത്തോടെ ചരിത്രപ്രസിദ്ധമായ എസ്റ്റാഡിയോ ആസ്ടെക്കയിൽ വെച്ചാണ് ടൂർണമെന്‍റ് ആരംഭിക്കുന്നത്. അടുത്ത ദിവസം കാലിഫോർണിയയിലെ ഇംഗിൾവുഡിൽ പരാഗ്വേയെ നേരിടുന്നതിലൂടെയാണ് അമേരിക്ക തങ്ങളുടെ മത്സരത്തിനു ഇറങ്ങുന്നത്. അള്‍ജീരിയക്കെതിരെയാണ് ലോകചാമ്പ്യന്‍മാര്‍ ആദ്യം കളത്തിലിറങ്ങുക.
അന്താരാഷ്ട്ര ഫുട്ബോള്‍ സംഘടനയായ ഫിഫയുടെ പ്രസിഡന്‍റ് ജിയാനി ഇന്‍ഫാന്‍റിനോ, യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്, കാനഡ പ്രധാനമന്ത്രി മാര്‍ക് കാര്‍ണി, മെക്സിക്കന്‍ പ്രസിഡന്‍റ് ക്ലോഡിയെ ഷെയ്ന്‍ബോം തുടങ്ങിയവര്‍ പങ്കെടുത്ത ചടങ്ങിലാണ് ഗ്രൂപ്പുകള്‍ നിശ്ചയിച്ചത്. മുൻ ഇംഗ്ലണ്ട് താരം റിയോ ഫെർഡിനാൻഡ് എന്നിവർ നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകി. ആകെ 104 മത്സരങ്ങളാണ് ഇത്തവണ ലോകകപ്പിലുണ്ടാകുക. 32 ടീമുകൾ പങ്കെടുത്ത കഴിഞ്ഞ ലോകകപ്പിലുണ്ടായിരുന്നത് 64 മത്സരങ്ങൾ.
FIFA ലോകകപ്പ് 2026: എല്ലാ ഗ്രൂപ്പുകളും
- ഗ്രൂപ്പ് എ: മെക്സിക്കോ, ദക്ഷിണാഫ്രിക്ക, ദക്ഷിണ കൊറിയ, യുവേഫ പ്ലേ ഓഫ് ഡി
- ഗ്രൂപ്പ് ബി: കാനഡ, യുവേഫ പ്ലേഓഫ് എ, ഖത്തർ, സ്വിറ്റ്സർലൻഡ്
- ഗ്രൂപ്പ് സി: ബ്രസീൽ, മൊറോക്കോ, ഹെയ്‌തി, സ്കോട്ട്ലൻഡ്
- ഗ്രൂപ്പ് ഡി: യുണൈറ്റഡ് സ്റ്റേറ്റ്സ്, പരാഗ്വേ, ഓസ്ട്രേലിയ, യുവേഫ പ്ലേ ഓഫ് സി
- ഗ്രൂപ്പ് ഇ: ജർമ്മനി, കുറാവോ, ഐവറി കോസ്റ്റ്, ഇക്വഡോർ
- ഗ്രൂപ്പ് എഫ്: നെതർലാൻഡ്‌സ്, ജപ്പാൻ, യുവേഫ പ്ലേ ഓഫ് ബി, ടുണീഷ്യ
- ഗ്രൂപ്പ് ജി: ബെൽജിയം, ഈജിപ്‌ത്, ഇറാൻ, ന്യൂസിലാൻഡ്
- ഗ്രൂപ്പ് എച്ച്: സ്പെയിൻ, കേപ് വെർഡെ, സൗദി അറേബ്യ, ഉറുഗ്വേ
- ഗ്രൂപ്പ് I: ഫ്രാൻസ്, സെനഗൽ, ഫിഫ പ്ലേഓഫ് 2, നോർവേ
- ഗ്രൂപ്പ് ജെ: അർജന്റീന, അൾജീരിയ, ഓസ്ട്രിയ, ജോർദാൻ
- ഗ്രൂപ്പ് കെ: പോർച്ചുഗൽ, ഫിഫ പ്ലേ ഓഫ് 1, ഉസ്ബെക്കിസ്ഥാൻ, കൊളംബിയ
- ഗ്രൂപ്പ് എൽ: ഇംഗ്ലണ്ട്, ക്രൊയേഷ്യ, ഘാന, പനാമ






