വാഷിങ്ടണ്‍: ഇറാന് ഭീഷണിയുമായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. വരും ദിവസങ്ങളിൽ ഇറാനെതിരായ സൈനിക ആക്രമണങ്ങൾ ശക്തമാക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. യുഎസ് സൈന്യം ഇറാൻ്റെ 90 ശതമാനം മിസൈലുകളും ഇതിനകം നശിപ്പിച്ചുവെന്നും സൈനിക ആക്രണം പ്രതീക്ഷിച്ചതിലും വേഗത്തിൽ പുരോഗമിക്കുകയാണെന്നും ട്രംപ് പറഞ്ഞു. ഫോക്‌സ് ന്യൂസ് സംപ്രേഷണം ചെയ്‌ത ‘ബ്രയാൻ കിൽമീഡ് ഷോ’യിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.
“ഇത്രയും മുന്നോട്ട് പോകുമെന്ന് ഞങ്ങൾ കരുതിയിരുന്നില്ല. അവരുടെ 90 ശതമാനത്തോളം മിസൈലുകൾ ഞങ്ങൾ തകർത്തു. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം മറ്റാരെക്കാളും കൂടുതൽ ഇറാനെയാണ് അമേരിക്ക ആക്രമിക്കുന്നത്” ട്രംപ് പറഞ്ഞു. അമേരിക്കൻ സൈന്യം ഇറാൻ്റെ ഭൂരിഭാഗം മിസൈൽ, ഡ്രോൺ നിർമ്മാണ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടിട്ടുണ്ടെന്നും യുഎസ് പ്രസിഡൻ്റ് കൂട്ടിച്ചേർത്തു.
വരും ദിവസങ്ങളിൽ ഇറാനുമേലുള്ള സമ്മർദ്ദം കൂടുതൽ ശക്തമാക്കും. ഇതിനകം തന്നെ ഇറാന് വലിയ നാശനഷ്‌ടങ്ങൾ വരുത്തിയിട്ടുണ്ട്, അവ പുനർനിർമ്മിക്കാൻ വർഷങ്ങളെടുക്കുമെന്നും ട്രംപ് പറഞ്ഞു. ഇറാന് എതിരെ കൂടുതൽ സൈനിക നടപടികൾ സ്വീകരിക്കുമെന്ന് ട്രംപ് തൻ്റെ സാമൂഹ്യമാധ്യമമായ ട്രൂത്തിലൂടെ അറിയിച്ചു.
“ഇറാൻ്റെ നാവികസേന ഇല്ലാതായി, അവരുടെ വ്യോമസേന ഇല്ലാതായി, മിസൈലുകൾ, ഡ്രോണുകൾ തുടങ്ങി മറ്റെല്ലാം നശിപ്പിക്കപ്പെട്ടു, അവരുടെ നേതാക്കളെ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കി” ട്രംപ് ട്രൂത്തിൽ പറഞ്ഞു. നമുക്ക് സമാനതകളില്ലാത്ത ആയുധ കോപ്പുകളും ധാരാളം സമയവുമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാൻ്റെ പുതിയ പരമോന്നത നേതാവ് മൊജ്‌തബ ഖമേനി ജീവിച്ചിരിപ്പുണ്ടെന്ന് കരുതുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി ട്രംപ് അദ്ദേഹം ജീവിച്ചിരിക്കുന്നുണ്ടാവാം പക്ഷേ അപകടങ്ങൾ സംഭവിച്ചിരിക്കാമെന്ന് മറുപടി നൽകി.
“ഒരുപക്ഷേ അദ്ദേഹം ജീവിച്ചിരിപ്പുണ്ടായിരിക്കാം. പക്ഷേ അദ്ദേഹത്തിന് ചെറിയ അപകടങ്ങൾ സംഭവിച്ചിട്ടുണ്ടാകുമെന്ന് ഞാൻ കരുതുന്നു, ഏതെങ്കിലും രൂപത്തിൽ അദ്ദേഹം ജീവിച്ചിരിക്കുന്നുണ്ടാകുമെന്നാണ് ഞാൻ കരുതുന്നത്” ട്രംപ് പറഞ്ഞു. ഇറാൻ കീഴടങ്ങലിൻ്റെ വക്കിലാണെന്ന് ട്രംപ് അവകാശപ്പെട്ടു. ഇറാൻ്റെ നേതൃനിരയിൽ വലിയ ആശയക്കുഴപ്പമാണെന്നും, കീഴടങ്ങൽ ഔദ്യോഗികമായി പ്രഖ്യാപിക്കാൻ പോലും അവിടെ ആരുമില്ലാത്ത അവസ്ഥയാണെന്നും അദ്ദേഹം പരിഹസിച്ചു. “ലോകത്തിന് ഭീഷണിയായ ഒരു ക്യാൻസറിനെയാണ് താൻ നീക്കം ചെയ്‌തത്” എന്നും ഓപ്പറേഷൻ ‘എപിക് ഫ്യൂറി’യെ പരാമർശിച്ച് അദ്ദേഹം പറഞ്ഞു.
ആവശ്യമെങ്കിൽ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെ എണ്ണ ടാങ്കറുകളുടെ ഗതാഗതത്തിന് സുരക്ഷ ഒരുക്കാൻ യുഎസ് തയ്യാറാണെന്ന് ട്രംപ് സന്നദ്ധത അറിയിച്ചു. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പലുകളുടെ സുരക്ഷിത യാത്ര തടസപ്പെടുത്താൻ ആരെങ്കിലും ശ്രമിച്ചാൽ തിരിച്ചടി കടുപ്പിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. അതേസമയം, യുദ്ധം എന്ന് അവസാനിക്കുമെന്ന കാര്യത്തില്‍ ട്രംപ് വ്യക്തത നല്‍കിയില്ല.





