ഖാർഗ് ദ്വീപിൽ കനത്ത ആക്രമണം; സൈനിക കേന്ദ്രങ്ങൾ തകർത്ത് യുഎസ്,

0
3

വാഷിങ്‌ടണ്‍: ഇറാൻ്റെ തന്ത്രപ്രധാനമായ ഖാർഗ് ദ്വീപിൽ അമേരിക്ക ബോംബാക്രമണം നടത്തിയെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഖാർഗ് ദ്വീപ് മാരകമായി ആക്രമിച്ചുവെന്നാണ് അമേരിക്കയുടെ അവകാശവാദം. ഇറാൻ്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രത്തിലെ സൈനിക ലക്ഷ്യങ്ങളെ “പൂർണമായും നശിപ്പിച്ചു” എന്നാണ് വൈറ്റ് ഹൗസ് പ്രസ്‌താവനയിൽ അറിയിച്ചത്. മിഡിൽ ഈസ്റ്റിൻ്റെ ചരിത്രത്തിലെ ഏറ്റവും ശക്തമായ ബോംബിങ് നടത്തിയെന്ന് ട്രംപും പ്രതികരിച്ചു.

”എൻ്റെ നിർദേശ പ്രകാരം യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻട്രൽ കമാൻഡ് മിഡിൽ ഈസ്റ്റിൻ്റെ ചരിത്രത്തിലെ ഏറ്റവും ശക്തമായ ബോംബിങ് റെയ്‌ഡുകളിലൊന്ന് നടപ്പാക്കി. ഇറാൻ്റെ കിരീടധാരണമായ ഖാർഗ് ദ്വീപിലെ എല്ലാ സൈനിക ലക്ഷ്യങ്ങളെയും പൂർണമായും ഇല്ലാതാക്കി. ദ്വീപിൻ്റെ ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾ നശിപ്പിക്കാൻ യുഎസ് സേനയ്ക്ക് കഴിവുണ്ടായിരുന്നു, പക്ഷേ അങ്ങനെ ചെയ്യാൻ നിലവിൽ തീരുമാനിച്ചില്ല.

ലോകം ഇതുവരെ അറിഞ്ഞിട്ടുള്ളതിൽ വച്ച് ഏറ്റവും ശക്തവും സങ്കീർണവുമായ ആയുധങ്ങളാണ് ഞങ്ങളുടെ ആയുധങ്ങൾ, പക്ഷേ, മാന്യതയുടെ കാരണങ്ങളാൽ, ദ്വീപിലെ എണ്ണ അടിസ്ഥാന സൗകര്യങ്ങൾ തുടച്ചുനീക്കാൻ ഞാൻ തീരുമാനിച്ചിട്ടില്ല” – ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചു. ഹോർമുസ് മേഖലയിലെ സമുദ്ര ഗതാഗതത്തിൽ ഇറാൻ ഇടപെട്ടാൽ രാജ്യത്തിൻ്റെ എണ്ണ അടിസ്ഥാന സൗകര്യങ്ങൾ തകർക്കുമെന്നാണ് അമേരിക്ക മുന്നറിയിപ്പ് നൽകുന്നത്.

ഇറാൻ്റെ സാമ്പത്തിക മേഖലയുടെ നട്ടെല്ലായി കണക്കാക്കപ്പെടുന്ന, അസംസ്‌കൃത എണ്ണയുടെ ഏറ്റവും പ്രധാനപ്പെട്ട കയറ്റുമതി കേന്ദ്രങ്ങളിലൊന്നാണ് ഖാർഗ് ദ്വീപ്. ഹോർമുസ് കടലിടുക്ക് അടച്ചതോടെ രൂക്ഷമായ ആഗോള പ്രതിസന്ധിയാണ് ഉടലെടുത്തത്. ഇതോടെയാണ് ട്രംപ് ഇറാന് വീണ്ടും മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

മേഖലയിലെ സമുദ്ര ഗതാഗതം പൂർവ സ്ഥിതിയിലായാൽ എണ്ണ അടിസ്ഥാന സൗകര്യങ്ങൾ തകർക്കുന്നത് ഒഴിവാക്കാനുള്ള തീരുമാനത്തിൽ മാറ്റം വരുത്താം. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പലുകളുടെ സ്വതന്ത്രവും സുരക്ഷിതവുമായ ഗതാഗതത്തിൽ ഇറാൻ എന്തെങ്കിലും തരത്തിൽ ഇടപെട്ടാൽ ഉടൻ തന്നെ ഈ തീരുമാനം മാറ്റേണ്ടി വരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.

ഇറാൻ്റെ തീരത്തുനിന്ന് 25 കിലോമീറ്ററകലെ സ്ഥിതി ചെയ്യുന്ന ഖാർഗ് ദശാബ്ദങ്ങളായി ഇറാൻ്റെ അസംസ്‌കൃത എണ്ണ കയറ്റുമതിയുടെ ടെർമിനലായി പ്രവർത്തിച്ചുവരുന്ന കേന്ദ്രമാണ്. ഇറാന്റെ മൊത്തം ക്രൂഡ് ഓയിൽ കയറ്റുമതിയുടെ 85-95% വരെ ഖാർഗ് ദ്വീപിലെ ടെർമിനലുകൾ വഴിയാണ് നടക്കുന്നത്. പ്രതിദിനം ഏകദേശം 70 ലക്ഷം ബാരൽ വരെ എണ്ണ ലോഡ് ചെയ്യാൻ ശേഷിയുള്ള ഈ സൗകര്യം 1960-കളിലാണ് വികസിപ്പിച്ചെടുത്തത്.

ഹോർമുസ് കടലിടുക്ക് ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഊർജ്ജ ഷിപ്പിങ് ജലപാതയാണ്. ആഗോള എണ്ണ വ്യാപാരത്തിൻ്റെ ഒരു പ്രധാന ഭാഗം പേർഷ്യൻ ഗൾഫിനെ അന്താരാഷ്ട്ര വിപണികളുമായി ബന്ധിപ്പിക്കുന്ന ഇടുങ്ങിയ ജലപാതയിലൂടെയാണ് കടന്നുപോകുന്നത്. അതിനാൽ തന്നെ അമേരിക്കൻ ഭീഷണിയ്‌ക്ക് ഇറാൻ വഴങ്ങുമോ എന്ന കാര്യം സംശയമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here