സാധാരണ ബസിലിക്കയില്‍ മതപരമായ തിരുശേഷിപ്പുകള്‍ കാണാന്‍ സാധിക്കാറുണ്ട്. ബോം ജീസസ് ബസിലിക്കയുടെ കാര്യത്തില്‍ ഇവിടെയുള്ളത് സ്‌പാനിഷ് ജെസ്യൂട്ടും റോമന്‍ കാത്തലിക് മിഷനുകളുടെ രക്ഷാധികാരിയുമായ സെൻ്റ് ഫ്രാന്‍സിസ് സേവ്യറിൻ്റെ ഭൗതികശരീരമാണ്.
ഗോവയിൽ പോയാൽ ഫുള്‍ പാർട്ടി മൂഡ് ആണെന്നാണ് പലരും കരുതി വച്ചിരിക്കുന്നത്. എന്നാൽ ശാന്തമായി പോകാനും അൽപം ചരിത്രവും പൈതൃക കെട്ടിടങ്ങളുമൊക്കെ സന്ദർശിക്കാനും പറ്റിയൊരിടം കൂടിയുണ്ട്. കിഴക്കിൻ്റെ റോം എന്നറിയപ്പെടുന്ന ഗോവയിലെ പ്രശസ്‌തമായി ചരിത്ര പ്രധാനമുള്ള ഇടമാണ് ഓള്‍ഡ് ഗോവ.
ഒരു വട്ടമെങ്കിലും ഓള്‍ഡ് ഗോവ ഒന്നു കറങ്ങിക്കാണേണ്ടതാണ്. അതിൽ തന്നെ പ്രധാനപ്പെട്ട ഒരു സ്ഥലമുണ്ട്. ഇവിടുത്തെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബോം ജീസസ് ബസിലിക്ക. മമ്മി സൂക്ഷിച്ചിരിക്കുന്ന ചർച്ചാണെന്ന് പറഞ്ഞാൽ വിശ്വസിക്കാനാകുമോ? എന്നാൽ സത്യമാണ്.
ഈജിപ്‌തിൽ മാത്രമല്ല ഇവിടെ ഈ കൊച്ച് ഗോവയിലുമുണ്ട് നൂറ്റാണ്ട് പഴക്കമുള്ള മമ്മി. ലോക പൈതൃക സൈറ്റായി യുനെസ്‌കോ ഇവിടം അംഗീകരിച്ചതിൽ അതിശയിക്കാനൊന്നുമില്ലെന്ന് തോന്നിപ്പോകുന്നൊരിടം. അത്രയ്ക്ക് പ്രാധാന്യമുള്ള ചിരിത്ര സ്‌മാരകങ്ങളാണിവിടെ കാണാൻ കഴിയുക.
ബോം ജീസസ് എന്ന വാക്കിനര്‍ഥം ഉണ്ണിയേശു എന്നാണ്. റോമന്‍ ബസിലിക്ക പോലെ പണിതിരിക്കുന്ന ക്രിസ്ത്യന്‍ പള്ളികള്‍ക്കോ കത്തീഡ്രലിനോ നല്‍കുന്ന പേരാണ് ബസിലിക്ക. സാധാരണ ബസിലിക്കയില്‍ മതപരമായ തിരുശേഷിപ്പുകള്‍ കാണാന്‍ സാധിക്കാറുണ്ട്. ബോം ജീസസ് ബസിലിക്കയുടെ കാര്യത്തില്‍ ഇവിടെയുള്ളത് സ്‌പാനിഷ് ജെസ്യൂട്ടും റോമന്‍ കാത്തലിക് മിഷനുകളുടെ രക്ഷാധികാരിയുമായ സെൻ്റ് ഫ്രാന്‍സിസ് സേവ്യറിൻ്റെ ഭൗതികശരീരമാണ്.
ചരിത്രം കുറച്ച് അതിശയോക്തി നിറഞ്ഞതാണ്. അതായത് 1552 ഡിസംബര്‍ മൂന്നിന് മരിച്ചുവെന്ന് വിശ്വസിക്കപ്പെടുന്ന സെൻ്റ് ഫ്രാന്‍സിസ് സേവ്യറിൻ്റെ ഭൗതികശരീരമാണ് ഇവിടെ ഇപ്പോഴും കാണാൻ സാധിക്കുന്നത്. അദ്ദേഹത്തിൻ്റെ ഈ ഭൗതിക ശരീരം ഇവിടെ മമ്മിയായി സൂക്ഷിച്ചതിന് പിന്നിൽ വലിയൊരു ചരിത്രമുണ്ട്.
വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിൻ്റെ നിര്യാണത്തിനുശേഷം, ചൈനയിലെ തായ്ഷാനിലെ ഷാങ്ചുവാന്‍ ദ്വീപിലാണ് അദ്ദേഹത്തെ ആദ്യമായി സംസ്‌കരിച്ചതെന്നാണ് പറയപ്പെടുന്നത്. എന്നാൽ 1553കളുടെ ആരംഭത്തിൽ അദ്ദേഹത്തിൻ്റെ മൃതദേഹം പോര്‍ച്ചുഗീസ് മലാക്കയിലേക്ക് തിരികെ കൊണ്ടുപോയി. അവിടെ നിന്നാണത്രെ ഗോവയിലേക്ക് ഭൗതിക ശരീരം തിരികെ എത്തിയത്. ഇത്രയും കാലം ഈ ശരീരത്തിന് കേട് പാടുകളൊന്നും വന്നിരുന്നില്ലെന്നാണ് പറയപ്പെടുന്നത്.
ഇന്നും വിശുദ്ധ ഫ്രാന്‍സിസ് സേവ്യറെ കാണാൻ നിരവധി ആളുകളാണ് ഇവിടേക്ക് എത്തുന്നത്. ഗിയോവാനി ബാറ്റിസ്റ്റ ഫോഗിനി എന്ന ശിൽപിയുടെ കരവിരുതിൽ നിർമിച്ച വെള്ളി പേടകത്തിൽ വിശുദ്ധ ഫ്രാന്‍സിസ് സുഖമായി ഇവിടെ ഉറങ്ങുന്നുണ്ട്. 428 വര്‍ഷങ്ങള്‍ക്ക് ശേഷവും ഗോവയില്‍ ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിക്കുന്ന സ്ഥലങ്ങളില്‍ ഒന്നായി ബോം ജീസസ് ബസിലിക്കയും തലയെടുപ്പോടെ നിൽക്കുന്നു.
മാര്‍ബിള്‍ കല്ലുകള്‍ പാകിയതാണ് ദേവാലയ മന്ദിരത്തിൻ്റെ തറ. വളരെ മനോഹരമായി രൂപകൽപന ചെയ്‌ത അള്‍ത്താരയും ഈ ബസലിക്കയുടെ പ്രത്യേകതയാണ്. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന പള്ളികളില്‍ ഒന്നായ ഇവിടം ഇന്ത്യയിലെ ബറോക്ക്, പോര്‍ച്ചുഗീസ് വാസ്‌തുവിദ്യയുടെ ഏറ്റവും മികച്ച ഉദാഹരണം കൂടിയാണ്.









