മുംബൈ: വായ്‌പയെടുത്ത സാധാരണക്കാര്‍ക്ക് തിരിച്ചടിയായി പുതിയ പ്രഖ്യാപനവുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം രാജ്യത്തെ പലിശനിരക്കുകൾ വീണ്ടും വർധിപ്പിച്ചു. ഇന്ന് രാവിലെ നടന്ന ധനനയ അവലോകന യോഗത്തിന് ശേഷം ആർ.ബി.ഐ ഗവർണർ സഞ്ജയ് മൽഹോത്രയാണ് റിപ്പോ നിരക്കിൽ 25 ബേസിസ് പോയിൻ്റിൻ്റെ (0.25%) വർധനവ് പ്രഖ്യാപിച്ചത്. ഇതോടെ രാജ്യത്തെ പുതുക്കിയ റിപ്പോ നിരക്ക് 5.25 ശതമാനത്തിൽ നിന്ന് 5.50 ശതമാനമായി ഉയർന്നു.
രാജ്യം മുഴുവൻ ഉറ്റുനോക്കിയ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഒക്ടോബർ മാസത്തെ ധനനയ അവലോകന യോഗത്തിൻ്റെ തീരുമാനങ്ങളാണ് ആര്‍ബിഐ ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിച്ചത്. കഴിഞ്ഞ മൂന്ന് ദിവസമായി മുംബൈയിൽ നടന്ന ധനനയ സമിതിയുടെ ചർച്ചകൾക്കൊടുവിലാണ് പലിശനിരക്കുകൾ സംബന്ധിച്ച അന്തിമ തീരുമാനം പുറത്തുവരുന്നത്. തുടർച്ചയായ വിലക്കയറ്റവും ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളർ കടന്നതുമാണ് പലിശനിരക്ക് ഉയർത്താൻ ആർ.ബി.ഐയെ പ്രേരിപ്പിച്ചതെന്ന് മല്‍ഹോത്ര വ്യക്തമാക്കി.
വായ്പാ ഇ.എം.ഐകൾ വർധിക്കും
റിപ്പോ നിരക്ക് ഉയർന്നതോടെ ബാങ്കുകൾ തങ്ങളുടെ വായ്പാ പലിശനിരക്കുകൾ ഉടൻ തന്നെ വർധിപ്പിക്കും. ഭവന വായ്‌പ, വാഹന വായ്‌പ, വ്യക്തിഗത വായ്പകൾ എന്നിവയുടെ ഇ.എം.ഐ തുകകളിൽ പെട്ടെന്ന് തന്നെ വർധനവുണ്ടാകും. അല്ലെങ്കിൽ വായ്പ തിരിച്ചടയ്‌ക്കേണ്ട കാലാവധി നീളാൻ സാധ്യതയുണ്ട്. പുതിയതായി വായ്പ എടുക്കാൻ ആഗ്രഹിക്കുന്നവർക്കും ഉയർന്ന പലിശ നൽകേണ്ടി വരും. ഇത് ഭാവിയിൽ നിങ്ങൾ വലിയൊരു തുക പലിശയായി ബാങ്കിലേക്ക് അധികം അടയ്ക്കേണ്ടി വരുന്ന സാഹചര്യമുണ്ടാക്കും. ഈ ഉത്സവ സീസണിൽ പുതിയതായി ലോൺ എടുത്ത് വീടോ വണ്ടിയോ വാങ്ങാൻ പ്ലാൻ ചെയ്യുന്നവർക്ക് ഉയർന്ന പലിശ നിരക്ക് നൽകേണ്ടി വരും.
നിക്ഷേപകർക്ക് ആശ്വാസം
വായ്പക്കാർക്ക് ഇതൊരു കയ്‌പ്പേറിയ വാർത്തയാണെങ്കിലും സ്ഥിര നിക്ഷേപകർക്ക് നേട്ടമാണ്. റിപ്പോ നിരക്ക് കൂടിയതിന് പിന്നാലെ വരും ദിവസങ്ങളിൽ ബാങ്കുകൾ തങ്ങളുടെ ഫിക്സഡ് ഡിപ്പോസിറ്റുകളുടെയും പലിശ നിരക്കുകൾ ഉയർത്തും. ഇത് മുതിർന്ന പൗരന്മാർക്കും നിക്ഷേപകർക്കും കൂടുതൽ വരുമാനം നൽകും. : സ്ഥിര നിക്ഷേപങ്ങളിൽ നിന്നുള്ള പലിശ വരുമാനത്തെ ആശ്രയിച്ച് ജീവിക്കുന്ന മുതിർന്ന പൗരന്മാർക്ക് ഇത് വരുമാന വർദ്ധനവിന് വഴിതുറക്കും. ചില ബാങ്കുകളിൽ എഫ്.ഡി പലിശ നിരക്ക് 9% വരെ ഉയർന്നേക്കാം.
വിലക്കയറ്റത്തിന് തടയിടും
വിപണിയിൽ പണലഭ്യത കുറച്ച്, പണപ്പെരുപ്പത്തെ 4 ശതമാനമെന്ന ആർ.ബി.ഐയുടെ ലക്ഷ്യത്തിലേക്ക് എത്തിക്കുകയാണ് ഈ നിരക്ക് വർധനവിലൂടെ കേന്ദ്ര ബാങ്ക് ലക്ഷ്യമിടുന്നത്.






