സ്വർണം വെറുമൊരു ആഭരണമല്ല; അത് സുരക്ഷിത നിക്ഷേപമാണ്, ഭാവിയിലേക്കുള്ള കരുതൽ ധനമാണ്. എന്നാൽ, വീടുകളിലെ അലമാരകളിലും ലോക്കറുകളിലുമായി വെറുതെയിരിക്കുന്ന ഈ സ്വർണത്തിന് വലിയൊരു സാമ്പത്തിക ശക്തിയായി മാറാൻ കഴിയും. ഗോൾഡ് മോണിറ്റൈസേഷൻ സ്കീം (GMS) ഉപയോഗിച്ച് വീട്ടിൽ വെറുതെയിരിക്കുന്ന സ്വർണം ബാങ്കിൽ നിക്ഷേപിച്ച് പലിശ വരുമാനം നേടാം. 2015-ൽ തുടങ്ങിയ ഈ പദ്ധതിയിലൂടെ സ്വർണം ലോക്കറുകളിൽ സൂക്ഷിക്കുന്നതിന് പകരം ഉൽപ്പാദനക്ഷമമായ ആസ്തിയാക്കി മാറ്റാനും, സ്വർണ്ണവിലയിലുണ്ടാകുന്ന വർദ്ധനവിനൊപ്പം പലിശയും ലഭിക്കാൻ സഹായിക്കുന്നു. 2025 മാർച്ച് മുതൽ ഈ പദ്ധതിയുടെ ഇടത്തരം, ദീർഘകാല നിക്ഷേപങ്ങൾ കേന്ദ്രസർക്കാർ നിർത്തിവെച്ചിരുന്നു.
ഗോൾഡ് മോണറ്റൈസേഷൻ ഒരു ബാങ്ക് ഫിക്‌സഡ് ഡെപ്പോസിറ്റ് പോലെയാണ്. അതായത് നിങ്ങളുടെ നിഷ്‌ക്രിയ സ്വർണം ബാങ്കിൽ നിക്ഷേപിക്കുകയും കാലാവധി പൂർത്തിയാകുമ്പോൾ നിങ്ങൾക്ക് സ്വർണമോ സ്വർണ്ണത്തിന്റെ മൂല്യമോ പലിശ സഹിതം തിരികെ ലഭിക്കുകയും ചെയ്യും. കാലാവധി പൂർത്തിയാകുമ്പോൾ നിലവിലുള്ള വിലയെ അടിസ്ഥാനമാക്കിയായിരിക്കും സ്വർണ്ണ മൂല്യം ലഭിക്കുക. എന്നാൽ പലിശ സ്വർണ്ണത്തിന്റെ നിക്ഷേപ മൂല്യത്തെ അടിസ്ഥാനമാക്കി കണക്കാക്കും.
ഗോൾഡ് മോണിറ്റൈസേഷൻ സ്കീം – പ്രധാന വിവരങ്ങൾ:
- ഉദ്ദേശ്യം:വ്യക്തികളുടെ കൈവശമുള്ള ഉപയോഗിക്കാത്ത സ്വർണം ബാങ്കിലെത്തിച്ച് സാമ്പത്തിക വ്യവസ്ഥയുടെ ഭാഗമാക്കുക, സ്വർണ്ണ ഇറക്കുമതി കുറയ്ക്കുക.
- നിക്ഷേപ രീതി: ബാങ്ക് ലോക്കറുകളിൽ സ്വർണം സൂക്ഷിക്കുന്നതിന് പകരം, ഈ സ്കീമിൽ നിക്ഷേപിക്കാം. ആഭരണങ്ങൾ (കല്ലുകൾ നീക്കിയത്), നാണയങ്ങൾ, ബാറുകൾ എന്നിവ നിക്ഷേപിക്കാം.
- പലിശ നിരക്ക്: നിക്ഷേപിക്കുന്ന സ്വർണ്ണത്തിന് ബാങ്കുകൾ വാർഷിക പലിശ നൽകുന്നു (ഏകദേശം25 – 2.5 % വരെ ലഭിക്കാറുണ്ട്).
- നിക്ഷേപ കാലാവധി (2025 മാർച്ച് വരെ):
- ഹ്രസ്വകാല (STBD):1-3 വർഷം.
- ഇടത്തരം (MLTGD):5-7 വർഷം.
- ദീർഘകാല (MLTGD):12-15 വർഷം.
- പ്രത്യേകതകൾ:
- മിനിമം 10 ഗ്രാം സ്വർണം നിക്ഷേപിക്കണം.
- നിക്ഷേപ കാലാവധി കഴിയുമ്പോൾ പണമായോ സ്വർണ്ണമായോ (ബുള്ളിയൻ/നാണയം) തിരികെ ലഭിക്കും.
- പലിശയ്ക്കും സ്വർണ്ണത്തിന്റെ മൂല്യവർദ്ധനവിനും ആദായനികുതിയില്ല (Tax-free).
- പൊട്ടിയതോ, പഴകിയതോ ആയ സ്വർണം പോലും പരിശോധിച്ച്, അതിന്റെ യഥാർത്ഥ ശുദ്ധതയുടെ (Purity) അടിസ്ഥാനത്തിൽ ഈ സ്കീമിൽ നിക്ഷേപിക്കാം.
- പ്രധാന മുന്നറിയിപ്പ്: നിക്ഷേപിക്കുന്ന സ്വർണ്ണാഭരണങ്ങൾ ഉരുക്കി പരിശോധിക്കുന്നതിനാൽ, തിരികെ ലഭിക്കുമ്പോൾ ആഭരണരൂപത്തിലായിരിക്കില്ല. കൂടാതെ, 2025 മാർച്ച് 26-ന് ശേഷം പുതിയ മീഡിയം, ലോങ്ങ് ടേം നിക്ഷേപങ്ങൾ സ്വീകരിക്കുന്നത് സർക്കാർ നിർത്തലാക്കി.
നിക്ഷേപിക്കാൻ ആവശ്യമായ രേഖകൾ: ആധാർ കാർഡ്, പാൻ കാർഡ്, കെവൈസി (KYC) രേഖകൾ.







