ഹൃദയാഘാതം എന്ന് കേൾക്കുമ്പോൾ കഠിനമായ നെഞ്ചുവേദനയും കുഴഞ്ഞുവീഴുന്നതുമാണ് നമ്മുടെയെല്ലാം ഓർമ്മയിൽ വരിക. എന്നാൽ യാതൊരു മുന്നറിയിപ്പുമില്ലാതെ എത്തുന്ന സൈലന്റ് ഹാർട്ട് അറ്റാക്ക് കൂടുതൽ അപകടകാരിയാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. പട്യാല മണിപ്പാൽ ഹോസ്പിറ്റലിലെ സീനിയർ കാർഡിയോളജിസ്റ്റ് ഡോ.സന്ദീപ് തക്കർ ഇതിന്റെ അപകടസാധ്യതകളെക്കുറിച്ചും തിരിച്ചറിയേണ്ട ലക്ഷണങ്ങളെക്കുറിച്ചും ഹിന്ദുസ്ഥാൻ ടൈംസിനോട് വിശദീകരിച്ചിട്ടുണ്ട്.
എന്താണ് സൈലന്റ് ഹാർട്ട് അറ്റാക്ക്?
ഹൃദയത്തിലേക്കുള്ള രക്തയോട്ടം തടസപ്പെടുകയും ഹൃദയപേശികൾക്ക് നാശം സംഭവിക്കുകയും ചെയ്യുന്ന അവസ്ഥയാണിത്. എന്നാൽ സാധാരണ ഹൃദയാഘാതത്തിൽ അനുഭവപ്പെടുന്ന തീവ്രമായ വേദനയോ അസ്വസ്ഥതകളോ ഇതിൽ ഉണ്ടാകില്ല. ലക്ഷണങ്ങൾ വളരെ നിസാരമായി തോന്നുന്നതിനാൽ പലരും ഇത് തിരിച്ചറിയാൻ വൈകുന്നു. പ്രമേഹരോഗികൾ, സ്ത്രീകൾ, പ്രായമായവർ എന്നിവരിലാണ് സൈലന്റ് അറ്റാക്ക് കൂടുതൽ കണ്ടുവരുന്നത്.
സൈലന്റ് അറ്റാക്കിന്റെ ലക്ഷണങ്ങൾ ഒരാഴ്ച മുൻപ് തന്നെ ശരീരം കാണിച്ചുതുടങ്ങാം. അവയെ നിസാരമായി കാണരുത്. ഈ 5 ലക്ഷണങ്ങൾ ശ്രദ്ധിക്കേണ്ടതാണ്.
അമിതമായ ക്ഷീണം: വിശ്രമിച്ചാലും മാറാത്ത കഠിനമായ ക്ഷീണം ഒരു ലക്ഷണമാകാം. ഹൃദയത്തിന് ആവശ്യമായ ഓക്സിജൻ പമ്പ് ചെയ്യാൻ കൂടുതൽ അധ്വാനിക്കേണ്ടി വരുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്.
ശ്വാസതടസം: ചെറിയ ജോലികൾ ചെയ്യുമ്പോഴോ നടക്കുമ്പോഴോ ശ്വാസം മുട്ടൽ അനുഭവപ്പെടുന്നത് ഹൃദയത്തിന്റെ പ്രവർത്തനക്ഷമത കുറയുന്നതിന്റെ സൂചനയാകാം.
തലകറക്കവും ഓക്കാനവും: പെട്ടെന്നുണ്ടാകുന്ന തലകറക്കം, ഓക്കാനം അല്ലെങ്കിൽ വയർ വീർത്തതുപോലെ തോന്നുക എന്നിവ പലപ്പോഴും ദഹനക്കേടായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്. എന്നാൽ ഇത് ഹൃദയാഘാതത്തിന്റെ സൂചനയുമാകാം.
ഉറക്കമില്ലായ്മയും ഉത്കണ്ഠയും: രാത്രിയിൽ പെട്ടെന്ന് ഞെട്ടിയുണരുക, അകാരണമായ ഭയം അല്ലെങ്കിൽ ഉത്കണ്ഠ എന്നിവ ശരീരം നൽകുന്ന അപായസൂചനകളാണ്.
ഇടവിട്ടുള്ള നെഞ്ചിലെ അസ്വസ്ഥത: നെഞ്ചിൽ കത്തുന്നതുപോലെയുള്ള തോന്നലോ അസ്വസ്ഥതയോ ഉണ്ടാകുമ്പോൾ അത് ഗ്യാസ് ആണെന്ന് കരുതി അവഗണിക്കുന്നത് അപകടമാണ്.
ഈ ലക്ഷണങ്ങളിൽ ഏതെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ, പ്രത്യേകിച്ച് അവ നീണ്ടുനിൽക്കുകയാണെങ്കിൽ, അതീവ ജാഗ്രത പാലിക്കണമെന്ന് ഹൃദ്രോഗവിദഗ്ധൻ നിർദേശിച്ചു. ലക്ഷണങ്ങൾ തുടരുന്നത് രോഗാവസ്ഥ വഷളാകുന്നതിന്റെ സൂചനയാകാം. ‘ലക്ഷണങ്ങൾ തിരിച്ചറിയുന്നതും കൃത്യസമയത്ത് വൈദ്യപരിശോധന നടത്തുന്നതും കോറോണറി ആർട്ടറി ബൈപാസ് ഗ്രാഫ്റ്റ് അല്ലെങ്കിൽ ആൻജിയോപ്ലാസ്റ്റി പോലുള്ള പെട്ടെന്നുള്ള ശസ്ത്രക്രിയകളിലേക്ക് പോകുന്നത് ഒഴിവാക്കാൻ സഹായിക്കും,” അദ്ദേഹം പറഞ്ഞു. ‘ആരംഭഘട്ടത്തിൽ തന്നെ ഉചിതമായ മരുന്നുകൾ സ്വീകരിക്കുന്നത് ദീർഘകാലത്തേക്ക് നിങ്ങളുടെ ഹൃദയാരോഗ്യം സംരക്ഷിക്കാൻ സഹായിക്കും,’ അദ്ദേഹം വ്യക്തമാക്കി.







