കൊച്ചി: സംസ്ഥാനത്ത് രണ്ടാംഘട്ട ഭൂപരിഷ്കരണത്തിന് തുടക്കം കുറിക്കുമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി വിഡി സതീശൻ . എറണാകുളം കളമശ്ശേരിയിൽ നടന്ന സംസ്ഥാനതല കർഷകദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴാണ് കേരളം 1970ലെ ഒന്നാം ഭൂപരിഷ്കരണത്തിന് ശേഷം രണ്ടാമതൊരു ഭൂപരിഷ്കരണത്തിന് കൂടി തയ്യാറെടുക്കുകയാണെന്ന് പ്രഖ്യാപിച്ചത്. ഇതിനായി നിലവിലെ ഭൂനിയമങ്ങളിൽ കാലാനുസൃതമായ ഭേദഗതികൾ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. വർഷങ്ങളായി പൂട്ടിക്കിടക്കുന്ന തോട്ടങ്ങൾ വീണ്ടും പ്രവർത്തനക്ഷമമാക്കും. പ്ലാന്റേഷൻ മേഖലകളിൽ പരിസ്ഥിതിക്ക് ദോഷം വരാത്ത രീതിയിൽ ടൂറിസത്തിനും അവസരം ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്താണ് യുഡിഎഫ് സർക്കാരിന്റെ രണ്ടാം ഭൂപരിഷ്കരണം ?
വിവിധ സർക്കാർ വകുപ്പുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും കൈവശമുള്ള ഉപയോഗിക്കാതെ കിടക്കുന്ന മിച്ചഭൂമി കണ്ടെത്തുക എന്നതാണ് രണ്ടാം ഭൂപരിഷ്കരണത്തിന്റെ ഒരു പ്രധാന ലക്ഷ്യം. ഇങ്ങനെ കണ്ടെത്തുന്ന ഭൂമികളുടെ ഒരു ‘ലാൻഡ് ബാങ്ക്’ രൂപീകരിക്കും. ഈ ഭൂമി സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് ലഭ്യമാക്കുകയും ചെയ്യും.
വൻകിട വികസന പദ്ധതികൾക്കായി ഭൂവുടമകളെ പങ്കാളികളാക്കി വിവിധ വ്യക്തികളുടെ ഭൂമി ഒന്നിച്ചുചേർത്ത് വികസിപ്പിക്കുന്ന രീതി സർക്കാർ നടപ്പിലാക്കും. ഇതിനായി ഭൂമി ഏറ്റെടുക്കൽ സുഗമമാക്കാന്‍ ഒരു സമഗ്ര ‘ലാന്‍ഡ് മാനേജ്മെന്റ് നയം’ കൊണ്ടുവരും.
കാർഷിക ഭൂമികളിലും വ്യവസായം
നിലവിൽ കാർഷിക ഭൂമികളുടെ കാര്യത്തിൽ കർക്കശമായ നിയമങ്ങളുണ്ട്. ഇവ തരംമാറ്റുക പ്രയാസമാണ്. ഇങ്ങനെ കാർഷിക ആവശ്യത്തിന് മാത്രം അനുവദിക്കുന്ന ഭൂമിയിൽ വാണിജ്യ-വ്യവസായ സംരംഭങ്ങൾക്കും ടൂറിസം പദ്ധതികൾക്കും അനുമതി നൽകുന്ന ഒരു പുതിയ ചട്ടക്കൂട് കൊണ്ടുവരും.
ക്രമപ്പെടുത്തൽ
മലയോര മേഖലകളിൽ നിലവിലെ നിയമങ്ങൾ അനുവദിക്കാത്ത തരത്തിൽ നിർമ്മിക്കപ്പെട്ട കെട്ടിടങ്ങളുടെയും മറ്റ് നിർമ്മാണങ്ങളുടെയും നിയമപരമായ തടസ്സങ്ങൾ നീക്കി ക്രമവൽക്കരിച്ചു നൽകുന്ന പദ്ധതിയും ഇതോടൊപ്പം നടപ്പിലാകും.
പാവങ്ങൾക്ക് ഭൂമി ലഭിക്കുമോ ?
ഇക്കാര്യത്തിൽ നിലവിൽ വ്യക്തത വളരെ കുറവാണ്. തീരദേശ-മലയോര മേഖലകളിലുള്ള അർഹരായ മുഴുവൻ ഭൂരഹിതർക്കും സമയബന്ധിതമായി പട്ടയം ഉറപ്പാക്കും എന്നത് മാത്രമാണ് കഴിഞ്ഞ ബജറ്റിൽ ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പറഞ്ഞത്. ഒന്നാം ഭൂപരിഷ്കരണം ഭൂമിയുടെ നീതിപൂർവ്വമായ വിതരണം ലക്ഷ്യമാക്കിയുള്ളതായിരുന്നു. രണ്ടാം ഭൂപരിഷ്കരണത്തിന്റെ ലക്ഷ്യത്തിൽ പാവങ്ങൾക്ക് ഭൂമി നൽകുക എന്ന ലക്ഷ്യം ഇല്ലെന്നാണ് ലഭ്യമായ വിവരങ്ങൾ സൂചിപ്പിക്കുന്നത്.








