പത്തനംതിട്ട: ശബരിമലയിൽ തിരക്ക് കൂടുന്നതിന് അനുസരിച്ച് വെർച്വൽ ക്യൂവിന്റെ എണ്ണം വർധിപ്പിക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരൻ സന്നിധാനത്ത് പറഞ്ഞു. ഇക്കാര്യത്തിൽ കോടതി അനുകൂല നിലപാട് സ്വീകരിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. ശബരിമല സന്നിധാനത്ത് ഇന്ന് രാവിലെ ചേർന്ന ഉദ്യോഗസ്ഥരുടെയും ദേവസ്വം ബോർഡ് ജീവനക്കാരുടെയും പൊലീസിന്റെയും അവലോകന യോഗത്തിൽ പങ്കെടുത്ത ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി മുരളീധരൻ.
മണ്ഡല മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായി ഭക്തർക്ക് സുഗമമായ ദർശനം ഉറപ്പാക്കാൻ വേണ്ട ക്രമീകരണങ്ങൾ എല്ലാം തന്നെ നടപ്പാക്കിയിട്ടുണ്ട്. വെർച്ച്വൽ ക്യൂ വഴി നിലവിൽ 60,000 ബുക്കിങ്ങും സ്പോട് ബുക്കിങ് വഴി 14,000ത്തിനുമാണ് ഇപ്പോൾ അനുമതിയുള്ളത്. എന്നാൽ ഭക്തരുടെ തിരക്ക് വർധിക്കുന്ന വരും ദിവസങ്ങളിൽ കോടതിയുടെ കൂടി അനുമതിയോടെ ഇത് വർധിപ്പിക്കുവാൻ വേണ്ട നടപടികൾ സ്വീകരിക്കും.
ശബരിമല ഇടത്താവളങ്ങളുടെ നടത്തിപ്പിന്റെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങൾക്കായി മുഖ്യമന്ത്രിയുടെ പ്രത്യേക താത്പര്യത്തിൽ 3.36 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ശബരിമലയിൽ അപ്പം -അരവണ പ്രസാദങ്ങൾ നിലവിൽ ആവശ്യത്തിനുള്ള സ്റ്റോക്ക് ഉണ്ടെന്ന് ഉറപ്പാക്കിയിട്ടുണ്ട്. ആവശ്യത്തിന് അനുസരിച്ച് നിർമാണം വർധിപ്പിക്കുവാൻ വേണ്ട സജീകരണങ്ങൾ എല്ലാം ഉറപ്പാക്കിയിട്ടുണ്ട്. ശുചീകരണ തൊഴിലാളികളുടെ സേവനം എല്ലായിടങ്ങളിലും ഉറപ്പാക്കിയിട്ടുണ്ട്. കൃത്യമായ ഇടവേളകളിൽ മാലിന്യ നീക്കം നടക്കുന്നുണ്ടെന്ന് ഉറപ്പാക്കുവാൻ സെക്ടർ തിരിച്ച് ഉദ്യോഗസ്ഥർക്ക് ചുമതല നൽകിയിട്ടുണ്ട്.
ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ സുഗമമായ തീർഥാടനത്തിനായി സ്വാസ്ഥ്യം ശരണം പദ്ധതി നടപ്പാക്കിവരുന്നു. അഞ്ച് അലോപ്പതി ആശുപത്രികളും 24 എമർജൻസി മെഡിക്കൽ സെന്ററുകളും പമ്പ മുതൽ സന്നിധാനം വരെയായി സജ്ജീകരിച്ചിട്ടുണ്ട്. 5 കാർഡിയോളോജിസ്റ്റുകളുടെ ഉൾപ്പടെ 35 ഡോക്ടർമാരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. അടിയന്തര സാഹചര്യം മുന്നിൽ കണ്ട് എല്ലാവിധ മരുന്നുകളും സ്റ്റോക്ക് ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. എമർജൻസി മെഡിക്കൽ സെന്ററുകളിൽ പതിവിൽ നിന്ന് വിപരീതമായി പരിശീലനം ലഭിച്ച നഴ്സിങ് സ്റ്റാഫിനെയാണ് നിയോഗിച്ചിട്ടുള്ളത്. ഇതിന് പുറമെ 3 ഹെൽത്ത് ഇൻസ്പെക്ടർമാർ, ഡിസ്ട്രിക്ട് വെക്ടർ കണ്ട്രോൾ യൂണിറ്റ്, സ്റ്റേറ്റ് എന്റമോളജി യൂണിറ്റ് എന്നിവയുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്. നാല് തെറാപ്പിസ്റ്റുകളുടെ സേവനം ഉൾപ്പടെ 24 മണിക്കൂറും പ്രവർത്തിക്കുന്ന ആയുർവേദ വിഭാഗവും ഹോമിയോപ്പതി വിഭാഗവും പ്രവർത്തന സജ്ജമാണ്.
തടസരഹിതമായ കുടിവെള്ളവും വൈദ്യുതിയും
തടസ രഹിതമായ ജലം, വൈദ്യുതി എന്നിവ ഉറപ്പാക്കാൻ ഉദ്യോഗസ്ഥരോട് പ്രത്യേകം നിർദേശിച്ചിട്ടുണ്ട്. ആരെങ്കിലും ഏതെങ്കിലും വിധത്തിൽ തടസങ്ങൾ മനഃപൂർവം സൃഷ്ടിച്ചാൽ കർശന നടപടി സ്വീകരിക്കും. മനുഷ്യ വന്യജീവി സംഘർഷം ഒഴിവാക്കുവാൻ വേണ്ട നടപടികൾ എല്ലാം സ്വീകരിച്ചിട്ടുണ്ട്. ആന്റി വെനം, ട്രാൻക്വിലൈസർ എന്നിവ കൃത്യമായി സ്റ്റോക് ചെയ്തിട്ടുണ്ട്.
ഹെൽത്ത് കാർഡുകൾ ഇത്തവണ കൃത്യമായി വിതരണം ചെയ്യും. 210 കാർഡുകൾ ഇതിനോടകം വിതരണം ചെയ്തു. പമ്പയിൽ ഭക്തർക്കായി 15 ആംബുലൻസുകളും നിലയ്ക്കലിൽ 10 ആംബുലൻസുകളും സജ്ജമാണ്. മണ്ഡലകാലം മുഴുവൻ പരാതിരഹിതമായ പ്രവർത്തങ്ങൾ നടത്തുവാൻ എല്ലാ വകുപ്പുകളുടെയും ഏകോപനം ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. തിരക്ക് വർധിക്കുന്നത് അനുസരിച്ച് ചുക്കുവെള്ളം, ബിസ്ക്കറ്റ് എന്നിവയുടെ ലഭ്യത ഉറപ്പാക്കാനും നിർദ്ദേശിച്ചു.
പമ്പയിൽ വസ്ത്രം ഉപേക്ഷിക്കരുത്
പമ്പയിൽ കുളിക്കുന്ന അയ്യപ്പഭക്തർ കുളിച്ച ശേഷം വസ്ത്രം പുഴയിൽ ഉപേക്ഷിക്കുന്ന സ്വഭാവം വീണ്ടും തുടരുകയാണെന്നും ഇത് കർശനമായി നിരുത്സാഹപ്പെടുത്തേണ്ടതാണെന്ന് ദേവസ്വം പ്രസിഡന്റ് കെ.ജയകുമാർ യോഗത്തിൽ പറഞ്ഞു. ഇവിടെ വസ്ത്രങ്ങൾ നീക്കം ചെയ്യുന്നതിന് വെള്ളത്തിൽ ഇറങ്ങാൻ സന്നദ്ധരായ ആളുകളെ കൂടുതൽ നിയോഗിക്കും. മൂന്ന് മണിക്കൂർ കൂടുമ്പോഴെങ്കിലും മാലിന്യം നീക്കം ചെയ്യാൻ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. അന്നദാനം നടക്കുന്ന ഇടങ്ങളിൽ സിസിടിവി വയ്ക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു.




