ചെന്നൈ: ടിവികെ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി തമിഴ്‌നാട് പ്രതിപക്ഷനേതാവായ ഉദയനിധി സ്റ്റാലിൻ. കർഷക വായ്‌പാ ഇളവിൻ്റെ പേരിൽ സർക്കാർ കർഷകരെ വഞ്ചിച്ചിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് അഞ്ച് ഏക്കർ വരെ ഭൂമി കൈവശമുള്ള കർഷകർക്ക് പൂർണമായ വിളവായ്‌പ ഇളവ് നൽകുമെന്ന് വാഗ്‌ദാനം നൽക്കിയിരുന്നുവെങ്കിലും ഇപ്പോൾ സർക്കാർ 50000 രൂപ വരെയുള്ള വായ്‌പകൾക്ക് മാത്രമാണ് പൂർണ ഇളവ് പ്രഖ്യാപിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
എക്‌സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിൻ്റെ വിമർശനം. “അഞ്ച് ഏക്കർ വരെ ഭൂമിയുള്ള കർഷകർക്ക് പൂർണ വായ്‌പാ നൽകുമെന്നായിരുന്നു തെരഞ്ഞെടുപ്പ് വാഗ്‌ദാനം. എന്നാൽ ഇപ്പോൾ 50,000 രൂപ വരെയുള്ള വായ്‌പകൾക്ക് മാത്രമാണ് പൂർണ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് കർഷകരോടുള്ള വൻ അനീതിയും വിശ്വാസ വഞ്ചനയും ആണ്” എന്നാണ് അദ്ദേഹം ആരോപിച്ചത്.
ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചെന്ന് പ്രതിപക്ഷം
കർഷകരുടെ പ്രതീക്ഷകളെ ഉപയോഗപ്പെടുത്തി അധികാരത്തിലെത്തിയ സർക്കാർ ഇപ്പോൾ നൽകിയ വാഗ്‌ദാനങ്ങളിൽ നിന്ന് വ്യതിചലിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. തെരഞ്ഞെടുപ്പിന് മുമ്പ് ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ച പദ്ധതികളും അധികാരത്തിലെത്തിയ ശേഷമുള്ള പ്രഖ്യാപനങ്ങളും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്നാണ് വിമർശനം ഉയരുന്നത്.
സൗജന്യ വൈദ്യുതി വാഗ്‌ദാനവും ചർച്ചയിൽ
മുമ്പ് സർക്കാർ പ്രഖ്യാപിച്ച സൗജന്യ വൈദ്യുതി പദ്ധതിയെയും ഉദ്ധരിച്ചാണ് ഉധയനിധി സ്റ്റാലിൻ വിമർശനം നടത്തിയത്. 200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും 500 യൂണിറ്റിന് മുകളിൽ ഉപയോഗിക്കുന്നവർക്ക് ആ ആനുകൂല്യം ലഭിക്കില്ലെന്ന വ്യവസ്ഥ പിന്നീട് കൊണ്ടുവന്നതായും അദ്ദേഹം ആരോപിച്ചു.
“ജനങ്ങൾക്ക് ആദ്യം വലിയ വാഗ്‌ദാനങ്ങൾ നൽകുകയും പിന്നീട് അതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്യുന്ന രീതിയാണ് സർക്കാർ പിന്തുടരുന്നത്. ഇപ്പോൾ കർഷക വായ്‌പാ ഇളവിൻ്റെ പേരിലും അതേ രീതിയിലാണ് കാര്യങ്ങൾ നടക്കുന്നത്,” എന്നായിരുന്നു അദ്ദേഹത്തിൻ്റെ വിമർശനം.
മുഖ്യമന്ത്രിക്കെതിരെ ചോദ്യ ശരങ്ങളുമായി ഡിഎംകെ
തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യെ പരോക്ഷമായും ഉദയനിധി സ്റ്റാലിന്‍ വിമര്‍ശിച്ചു. “ഇനിയും ഇത്തരത്തിലുള്ള വഞ്ചനകൾക്ക് ജനങ്ങൾ മാനസികമായി തയ്യാറാകണോ?” എന്ന ചോദ്യമാണ് ഉദയനിധി സ്റ്റാലിൻ ഉന്നയിച്ചത്. കർഷക വായ്‌പാ ഇളവിൻ്റെ പേരിൽ സർക്കാർ വലിയ തട്ടിപ്പ് നടത്തുകയാണെന്നായിരുന്നു അദ്ദേഹത്തിൻ്റെ ആരോപണം.
വിജയ് സർക്കാറിൻ്റെ പ്രഖ്യാപനം
തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് തിങ്കളാഴ്‌ച നടത്തിയ പ്രഖ്യാപനത്തിലാണ് സഹകരണ ബാങ്കുകളിൽ നിന്ന് വായ്‌പ എടുത്ത ചെറിയ കർഷകർക്ക് 50,000 രൂപ വരെ ഉള്ള വിളവായ്‌പ പൂർണമായും ഇളവു ചെയ്യുമെന്ന് അറിയിച്ചത്. അതേസമയം അതിലധികം വായ്‌പ എടുത്ത വലിയ കർഷകർക്ക് 5,000 രൂപയുടെ ആശ്വാസ സഹായം നൽകുമെന്നും സർക്കാർ അറിയിച്ചു. സർക്കാരിൻ്റെ ഈ പ്രഖ്യാപനം ചില കർഷക സംഘടനകൾ സ്വാഗതം ചെയ്‌തിട്ടുണ്ടെങ്കിലും, തെരഞ്ഞെടുപ്പ് വാഗ്‌ദാനവുമായി താരതമ്യം ചെയ്യുമ്പോൾ ഇത് പര്യാപ്‌തമല്ലെന്ന വിമർശനവും ശക്തമായി ഉയരുകയാണ്.






