ആർഎസ്എസ് പ്രവർത്തകൻ മണ്ണന്തല രഞ്ജിത് വധക്കേസിൽ 11 പ്രതികൾ കുറ്റക്കാരെന്ന് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി. കേസിലാകെ 12 പ്രതികളായിരുന്നു ഉണ്ടായിരുന്നത്. പ്രതികളിൽ ഒരാൾ ഒളിവിലായതിനാൽ വിചാരണ നേരിട്ടിരുന്നില്ല. ആർഎസ്എസ് പ്രവർത്തകനായിരുന്ന രഞ്ജിത്തിനെ ഒരു സംഘം സിപിഎം പ്രവർത്തകർ രാഷ്ട്രീയ വിരോധം മൂലം കൊലപ്പെടുത്തിയെന്നാണ് കേസ്. കുറ്റക്കാർക്കുള്ള ശിക്ഷ ബുധനാഴ്ച വിധിക്കും.
2008 ഒക്ടബോർ 17ന് പുലർച്ചെ 5.15നാണ് കേസിനാസ്പദമായ സംഭവം. മണ്ണന്തലയിലെ കോട്ടമുകളിലെ തന്റെ ബേക്കറിയിൽ രഞ്ജിത്ത് നിൽക്കവെ ആണ് രണ്ട് കാറിലും ബൈക്കിലുമായെത്തിയ പ്രതികൾ മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് വെട്ടിയും കുത്തിയും കൊലപ്പെടുത്തുകയായിരുന്നു. മരണം ഉറപ്പാക്കിയ ശേഷം പ്രതികൾ രക്ഷപ്പെട്ടു. ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ കൊലപാതകത്തിന് പിന്നിൽ വലിയ ഗൂഢാലോചന നടന്നതായി കണ്ടെത്തിയിരുന്നു. ഗൂഢാലോചനയ്ക്ക് നേതൃത്വം നൽകിയ സിപിഎം പ്രാദേശിക നേതാക്കളെയും പ്രതിചേർത്തിരുന്നു.
കേസിൽ മുതിർന്ന ക്രിമിനൽ അഭിഭാഷകനെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട രഞ്ജിത്തിന്റെ അമ്മ ഇടത് സർക്കാരിനെ സമീപിച്ചിരുന്നു. എന്നാൽ ആവശ്യം അംഗീകരിക്കാത്തതിനെ തുടർന്ന് അമ്മ ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി നേടി. തുടർന്ന് അഭിഭാഷകനായ പ്രതാപ് ജി പടിക്കലിനെ സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിക്കാൻ സർക്കാർ അംഗീകാരം നൽകി. കേസിലാകെ 41 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു. വിചാരണാ വേളയിൽ പ്രോസിക്യൂഷൻ സാക്ഷികളായിരുന്ന ചില പോലീസുകാർ കൂറുമാറിയിരുന്നു.
കോടതിക്ക് മുന്നിൽ സംഘർഷം
മണ്ണന്തല രഞ്ജിത് വധക്കേസ് വിധിക്ക് പിന്നാലെ വഞ്ചിയൂർ കോടതിക്ക് പുറത്ത് ബിജെപി പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളും. പ്രതികളുമായി പോലീസ് വാഹനം പുറത്തേക്ക് വന്നതിനെ തുടർന്ന് ബിജെപി പ്രവർത്തകർ മുദ്രാവാക്യം മുഴക്കുകയായിരുന്നു. ഇതിനിടെ, ബസിലുണ്ടായിരുന്ന പ്രതികളും തിരികെ ആക്രോശിച്ചു. ബിജെപി പ്രവർത്തകരെ പിരിച്ചുവിടാൻ പോലീസ് ശ്രമിച്ചതിനിടെ ആണ് ഉന്തും തള്ളും ഉണ്ടായത്. സ്ഥലത്തേക്ക് സിപിഎം പ്രവർത്തകർ കൂടി എത്തിയതോടെ ബിജെപി – സിപിഎം പ്രവർത്തകർ തമ്മിൽ വാക്കേറ്റവും സംഘർഷവും ഉണ്ടായി.







